കോട്ടയം: ഇന്റര്‍നെറ്റിന്റെയും കമ്പ്യൂട്ടര്‍ അടക്കമുള്ള പുതുതലമുറ സാങ്കേതികവിദ്യകളുടെയും വരവോടെ വായന നിലച്ചുപോയെന്ന് വിലപിക്കുന്ന ഒരു സമൂഹത്തിനു മുന്നില്‍ തുറന്നുവച്ചിരുന്ന അറിവിന്റെ വന്‍ശേഖരമാണ് ഇന്നലെ കത്തിയമര്‍ന്നത്.
തിരുവനന്തപുരം സ്വദേശിയായ അനാസ് എന്ന യുവാവ് നാഗമ്പടം മുന്‍സിപ്പല്‍ പാര്ക്കിന് എതിര്‍വശത്തായി ടാര്പ്പോളിന് കൊണ്ടു മറച്ച കൊച്ചു കടയിലായിരുന്നു ചെറുതും വലുതുമായ അറിവിന്റെ പുസ്തകലോകം. 18 വര്‍ഷം മുന്‍പാണ് ഈ കട തുടങ്ങുന്നത്. കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ മുതല്‍ സിവില്‍ സര്‍വീസ് പഠനസാമഗ്രികള്‍ വരെ ഈ കൊച്ചു കടയില്‍നിന്ന് ലഭിച്ചിരുന്നു.പൊതു വിജ്ഞാനം, നോവല്‍ – കഥ, അടങ്ങുന്ന ഏറെ പഴക്കമുള്ള പഴമയുടെ രചനകളും ഇതില്‍ ഉള്‍പ്പെടുന്നു.
പാതി വിലയ്ക്ക് ലഭ്യമാകുന്ന പഴയതും പുതിയതുമായ പുസ്തകങ്ങള്‍ വാങ്ങാന്‍ മറ്റു ജില്ലകളില്‍ നിന്നു വരെ ആളുകള്‍ എത്തിയിരുന്നു. എന്‍ജിനീയറിങ്, മെഡിസിന്, എംബിഎ, സിവില്‍ സര്‍വീസ് തുടങ്ങിയ കിട്ടാന്‍ പ്രയാസമുള്ള വിലയേറിയ പുസ്തകങ്ങള്‍ 400 രൂപ വരെയുള്ള നിരക്കില്‍ ഇവിടെനിന്ന് ലഭിച്ചിരുന്നു.
ഇംഗ്ലീഷ് – മലയാളം ഭാഷകളിലുള്ള ഒട്ടനവധി നോവലുകളും ആളുകള്‍ തേടിയെത്തിയിരുന്നത് അനാസിന്റെ അടുത്താണ്. ലോക്ഡൗണ്‍ സമയത്ത് കച്ചവടം പൂര്‍ണമായും ഇല്ലാതായെങ്കിലും പഴയ നിലയിലേക്ക് തിരികെ എത്തിയിരിന്നു. അതിനിടെയാണ് തീപ്പിടിച്ച് കട പൂര്‍ണമായും നശിച്ചത്. വിദ്യാര്‍ഥികള്‍ ഉപയോഗിച്ച പഴയ പുസ്തകങ്ങളള്‍ ബെംഗളൂരു, ദല്‍ഹി, ചെന്നൈ ഉള്‍പ്പെടുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ചാണ് ഇവിടെ എത്തിച്ചിരുന്നത്.
നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഈ പുസ്തക വില്പനശാല, റോഡ് നവീകരണത്തെ തുടര്‍ന്നാണ് മുന്‍സിപ്പാലിറ്റിയുടെ അനുവാദത്തോടുകൂടി കുര്യന് ഉതുപ്പ് റോഡിലേക്ക് പ്രവര്‍ത്തനം മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: