ന്യൂദല്‍ഹി: സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന സിഖ് തീവ്രവാദസംഘടനയുടെ നേതാവ് ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനിയ്ക്കെതിരെ കേസെടുത്ത് എന്‍ ഐഎ. ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് കേസെടുത്തത്.
പാകിസ്ഥാന് രഹസ്യ ഏജന്‍സിയായ ഐ എസ് ഐയുമായി ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പഞ്ചാബില്‍ വന്‍തോതില്‍ അക്രമങ്ങള്‍ നടത്താന്‍ ഖാലിസ്ഥാനി തീവ്രവാദികള്‍ക്ക് പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍ ഐഎയുടെ നീക്കം.
ലുധിയാനയില്‍ ഡിസംബര്‍ 23ന് നടന്ന സ്ഫോടനത്തിന് പിന്നില്‍ എസ്എഫ്ജെ നേതാവ് ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ലുധിയാനയിലെ കോടതിസമുച്ചയത്തിലാണ് ബോംബ് സ്ഫോടനം നടന്നത്. രണ്ട് പേര് മരിയ്ക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുള്‍ട്ടാനിയെ ജര്‍മ്മനിയില്‍ പൊലീസ് ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് ജര്‍മ്മന്‍ പൊലീസ് മുള്‍ട്ടാനിയെ അറസ്റ്റ് ചെയ്തത്. ജര്‍മ്മനിയില്‍ എര്‍ഫര്‍ട്ടിലാണ് ഇദ്ദേഹം താമസിച്ചുകൊണ്ടിരുന്നത്.
പാകിസ്ഥാനിലും ജര്‍മ്മനിയിലും താമസിച്ച രണ്ട് ഖാലിസ്ഥാന്‍ തീവ്രവാദികളുടെ പേരുകള്‍ അമ്പേഷണത്തില്‍ തെളിഞ്ഞുവന്നിരുന്നു. സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന ഇന്ത്യയിലെ തീവ്രവാദ സംഘടനയാണ്.
രഹസ്യപ്പൊലീസ് ഏജന്‍സികള്‍ ബബ്ബര്‍ ഖല്‍സ തീവ്രവാദിയായ പാകിസ്ഥാനില്‍ കഴിയുന്ന ഹര്‍വിന്ദര്‍ സിങ് സന്ധുവിന്റെയും എസ്എഫ്ജെ നേതാവായ ജര്‍മ്മനിയില്‍ കഴിയുന്ന ഗുര്പട്വന്ത് സിങ് പന്നുവിന്റെ അനുയായി മുള്‍ട്ടാനിയുടെയും പേരുകളാണ് പുറത്ത് വിട്ടത്.
പഞ്ചാബ് അതിര്‍ത്തിക്ക് കുറുകെ ഗ്രനേഡുകളും സ്ഫോടകവസ്തുക്കളും കൊടുത്തയ്ക്കാന്‍ ശ്രമിച്ച കേസിലും മുള്‍ട്ടാനിയുടെ പേരുണ്ട്. പാകിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരും ആയുധ കള്ളക്കടത്തുകാരും വഴിയാണ് ഈ ആയുധങ്ങള്‍ ഇന്ത്യയിലെക്ക് കടത്തിയത്.
ഖാലിസ്ഥാന്‍ നേതാക്കളായ ഹര്‍ദീപ് സിങ് നിജ്ജര്‍, പരംജിത് സിങ് പമ്മ, സബി സിങ്, ഖുല്‍വന്ത് സിങ് മൊതാഡ എന്നിവരുമായി മുള്‍ട്ടാനിയ്ക്ക് അടുത്ത ബന്ധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: