കോഴിക്കോട്: തുഞ്ചത്തെഴുത്തച്ഛനെ ആരെങ്കിലും കണ്ടിട്ടുണ്ടോ, ഒറിജിനല്‍ ഫോട്ടോ കിട്ടുമോ എന്ന് പരിഹസിച്ചവര്‍ തുഞ്ചന്റെ ചിത്രം വച്ച്, പ്രണാമമര്‍പ്പിച്ച് ജില്ലാ സമ്മേളനം നടത്തി. ബുധനാഴ്ച അവസാനിച്ച സിപിഎം മലപ്പുറം ജില്ലാ സമ്മേളന വേദിയിലാണ് തുഞ്ചത്തെഴുത്തച്ഛന്റെ ചിത്രം സ്ഥാനം പിടിച്ചത്. മാര്‍ക്‌സ്, ഏംഗല്‍സ്, ചെഗുവേര എന്നിവര്‍ക്കൊപ്പമാണ് ജില്ലാ സമ്മേളന വേദിക്കരികില്‍ തുഞ്ചത്തെഴുത്തച്ഛന്റെ ചിത്രവും ചുകപ്പണിഞ്ഞ് സ്ഥാനം പിടിച്ചത്.
രാമായണം ചുട്ടെരിക്കണമെന്നാഹ്വാനം ചെയ്യുകയും രാമായണ മാസത്തിനെതിരെ പ്രചാരണം നടത്തുകയും ചെയ്ത സിപിഎം തിരൂരില്‍ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനുള്ള ആവശ്യത്തിനെതിരെ നിലപാടെടുക്കുകയും ചെയ്തിരുന്നു. തിരൂരിലെ തുഞ്ചന്‍ സ്മാരക ട്രസ്റ്റും ഈ ആവശ്യത്തെ പരിഗണിച്ചില്ല. സിപിഎം സഹായാത്രികരെ ആജീവനാന്ത അംഗങ്ങളാക്കിയ ട്രസ്റ്റിന്റെ സെക്രട്ടറി സിഐടിയു സംസ്ഥാന സെക്രട്ടറി പി. നന്ദകുമാറാണ്.
തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ത്ത മുസ്ലിം മതമൗലികവാദ സംഘടനകള്‍ക്കൊപ്പം നിന്ന സിപിഎം തുഞ്ചത്താചാര്യനെ അംഗീകരിച്ചത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. തപസ്യ കലാസാഹിത്യ വേദി വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന ചിത്രത്തിന്റെ പകര്‍പ്പാണ് സിപിഎം ഉപയോഗിച്ചിരിക്കുന്നത്. ചിറ്റൂര്‍ തുഞ്ചന്‍ മഠത്തില്‍ കണ്ടെത്തിയ ഒരു ചിത്രത്തെ ആധാരമാക്കി തപസ്യയുടെ പ്രവര്‍ത്തകനായ ആര്‍ട്ടിസ്റ്റ് ചന്ദ്രദാസ് ആണ് ഈ ചിത്രം വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: