പ്രൊഫ. കെ. കെ. കൃഷ്ണന് നമ്പൂതിരി
ശുദ്ധാശുദ്ധങ്ങള്‍ അഥവാ ആശൗചകാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ നിലവിലുണ്ട്. പെറ്റപുല (വാലായ്മ), മരിച്ച പുല ഇവ വ്യക്തികളേയും അവരുടെ മാതാപിതാക്കള്‍ വഴിയുള്ള ബന്ധുക്കളെയും ബാധിക്കുന്ന അശുദ്ധികളാണ്. അവ ഏതേതെല്ലാം ബന്ധുക്കള്‍ക്കാണ് ബാധകമാവുക, എത്ര ദിവസം ഓരോ പ്രകാരത്തിലുള്ളവര്ക്കും ബാധകമാകും എന്നിവ വിശദീകരിക്കുന്ന ആശൗചഗ്രന്ഥങ്ങളുണ്ട്. മൃതശരീരത്തെ സ്പര്‍ശിച്ചാല്‍ മാത്രമുണ്ടാകുന്ന അശുദ്ധി, സ്ത്രീ രജസ്വലയായാലുണ്ടാകുന്ന അശുദ്ധി എന്നിവ ഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്നുണ്ട്.
ഉറക്കം കഴിഞ്ഞ് പ്രഭാതത്തില്‍ എഴുന്നേല്ക്കുമ്പോള്, ഹൈന്ദവാചാര പ്രകാരം ഒരുതരം അശുദ്ധിയുണ്ട്. ആശൗചകാലത്ത് അങ്ങനെയുള്ളവരെ തൊടുന്നവര്‍ക്കു പോലും താത്ക്കാലികമായ അശുദ്ധിയുണ്ടാകും എന്നാണ് വയ്പ്. മിക്കവാറും, ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും വൈദിക കര്‍മ്മാനുഷ്ഠാനങ്ങള്‍ക്കും മാത്രമാണ് ഇത് ബാധകമായി കാണാറുള്ളത്. അശുദ്ധികള്‍ ഏറെയും ഒരു സ്നാനം കഴിയുമ്പോള്‍ തീരുന്നവയാണ്.
അശുദ്ധി ആചാരങ്ങളുടെ പിന്നില്‍ ശുചിത്വപാലനം തുടങ്ങിയുള്ള ആരോഗ്യപരമായ കാരണങ്ങളാണുള്ളതെന്ന് കാണാവുന്നതാണ്. വാസ്തവത്തില്‍ ശുചിത്വപാലനം ഒരു വലിയ ജീവിതമൂല്യമാണ്. അതില്‍ തന്നെ ഏറ്റവും പ്രധാനമാണ് മാനസിക ശുചിത്വമായ അര്‍ത്ഥ ശൗചം. അപരിഗ്രഹം എന്നുള്ളത് ഇതിന്റെ മറ്റൊരു പേരാണ്. മറ്റൊരാളിന്റെ ധനം ആഗ്രഹിക്കാതിരിക്കുക. ‘മാഗൃധഃ കസ്യസ്വിദ് ധനം’ (ഈശോപനിഷദ്) ഇതാണ് അപരിഗ്രഹം. അര്ത്ഥശൗചമാണ് ഏറ്റവും വലിയ ശുചിത്വമെന്ന് മനുവും പറയുന്നു.
മേല്‍പ്പറഞ്ഞവയ്ക്ക് പുറമേ, ക്ഷേത്രാചാരങ്ങള്‍, ഗൃഹാചാരങ്ങള്, നാട്ടാചാരങ്ങള്‍ ഇങ്ങനെ അനേകം വിഭാഗങ്ങളില്‍പ്പെടുത്തി വിരിക്കാവുന്ന ഒട്ടേറെ ആചാരങ്ങളും ഹിന്ദുക്കളുടെ ഇടയില്‍ നടപ്പുണ്ട്. ഇവയില്‍ പലതും ശാസ്ത്രീയമായ അടിസ്ഥാനത്തില്‍ ആചരിക്കപ്പെടുന്നവ തന്നെയാണ്. അവയെപ്പറ്റിയാണ് ഭഗവാന് ഉദ്ധവനോട്, വര്ണാശ്രമകുലാചാരങ്ങള് വിശേഷിച്ച് കാമനകള്‍ കൂടാതെ ആചരിക്കണമെന്ന് അരുളിച്ചെയ്യുന്നത്:
‘വര്ണാശ്രമകുലാചാരമകാമാത്മാ സമാചരേത്’ (ഭാഗവതം) ഷോഡശ സംസ്കാരങ്ങള്വര്ണാശ്രമ കുലാചാരങ്ങളെപ്പറ്റി പറയുമ്പോള്‍ ചില വര്‍ണങ്ങള്‍ക്കുള്ള വിശിഷ്ടാചാരങ്ങളെപ്പറ്റിയും വളരെ സാമാന്യമായെങ്കിലും ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഇവിടെ പറഞ്ഞുവരുന്നത് ഷോഡശസംസ്കാരങ്ങള്‍ അഥവാ പൂര്വഷോഡശസംസ്കാരങ്ങള് എന്ന് വിളിക്കപ്പെടുന്ന ഒരു പറ്റം ആചാരങ്ങളെപറ്റിയാണ് . ഇവ ബ്രാഹ്മണര്‍ക്കു മാത്രം വിഹിതങ്ങളായിട്ടുള്ളവയും പ്രാചീന ഗൃഹ്യസൂത്രങ്ങളില്‍ വിധിക്കപ്പെിട്ടുള്ളവയുമാണ്. മറ്റു വര്‍ണങ്ങള്‍ക്കും ഇവയില്‍ ചിലതെല്ലാം ഭാഗികമായി അനുഷ്ഠേയങ്ങളാണെങ്കിലും അവയെ പരമ്പരയാ ആചരിക്കുന്നവര്‍ കേരളത്തില്‍ വളരെ വിരളമായി മാത്രമേ കാണപ്പെടുന്നുള്ളൂ എന്നും പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. അതെങ്ങനെയിരുന്നാലും ഈ അടുത്ത കാലം വരെ ബ്രാഹ്മണര്‍ ഷോഡശക്രിയകള്‍ എല്ലാം നടത്തുന്നതില്‍ പൊതുവേ ജാഗരൂകരായിരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: