ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപ്പായ ജയിംസ് വെബിന്റെ ആദ്യഘട്ട വിക്ഷേപണം വിജയകരമായി പൂര്‍ത്തികരിച്ചു. ഫ്രഞ്ച് ഗയാനയില്‍ നിന്ന് ഇന്ത്യന്‍ സമയം ശനിയാഴ്ച വൈകിട്ട് 5.50ഓടെയാണ് ആരിയാനെ അഞ്ച് റോക്കറ്റ് ഭീമന്‍ ടെലിസ്‌കോപ്പുമായി കുതിച്ചുയര്‍ന്നത്. പറന്നുയര്‍ന്ന് 27 മിനുട്ടിന് ശേഷം പേടകം വിക്ഷേപണ വാഹനത്തില്‍നിന്ന് വേര്‍പ്പെട്ടു. പ്രപഞ്ചത്തിന്റെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആദ്യകാലഘട്ടവും സംബന്ധിച്ച പഠനമാണ് വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം.
ലോകത്ത് ഇന്നുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിപ്പമേറിയ ജയിംസ് വെബ് ടെലസ്‌കോപ്പിന്റെ കാലാവധി പത്ത് വര്‍ഷമാണ്. 31 വര്‍ഷം ലോകത്തിന് പ്രപഞ്ചരഹസ്യങ്ങള്‍ സമ്മാനിച്ച് വിടപറഞ്ഞ ഹബിള്‍ സ്‌പേസ് ടെലസ്‌കോപിന്റെ പിന്‍ഗാമിയാണ് ബഹിരാകാശത്തേക്ക് പറന്ന് ജയിംസ് വെബ്. ഹബിളിനെക്കാള്‍ നൂറിരട്ടി നിരീക്ഷണ ശേഷിയാണ് പുതിയ ടെലിസ്‌കോപ്പിനുള്ളത്. പത്ത് ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചിലവില്‍ നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും കനേഡിയന്‍ സ്‌പേസ് ഏജന്‍സിയും സംയുക്തമായി ചേര്‍ന്നാണ് നിര്‍മ്മാണം. ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ നാലിരട്ടി അഥവാ 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍രണ്ട് ഭ്രമണപഥത്തിലാണ് ടെലിസ്‌കോപ്പ് സ്ഥിതി ചെയ്യുക. ഇവിടെയെത്താന്‍ ഒരുമാസത്തോളം സമയമെടുക്കും. മൂന്ന് തവണ സഞ്ചാരപാത മാറ്റിയ ശേഷമാണ് ടെലിസ്‌കോപ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.
വിക്ഷേപണത്തിനു ശേഷം വളരെ നിര്‍ണായകമായി ശാസ്ത്രജ്ഞര്‍ കാണുന്ന രണ്ട് പ്രവര്‍ത്തനങ്ങളും ജയിംസ് വെബ് ടെലിസ്‌കോപ് വിജയകരമായി പൂര്‍ത്തികരിച്ചു. ഒന്നാമതായി ഊര്‍ജത്തിനായുള്ള സോളര്‍ പാനലുകള്‍ വിടര്‍ത്തുകയും, പിന്നീട് എല്‍2 ഭ്രമണപഥത്തിലേക്കുള്ള യാത്രയുടെ ദിശ ശരിയാക്കാനുള്ള ജ്വലനം പൂര്‍ത്തീകരിച്ചതായും ശാസ്ത്രജ്ഞര്‍ പറഞ്ഞു. 65 മിനിറ്റാണ് ഈ പ്രക്രിയ നീണ്ടുനിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: