കൊട്ടാരക്കര: കൊട്ടാരക്കര എംസി റോഡില്‍ ഈയ്യംകുന്ന് മുതല്‍ ലോവര്‍ കരിക്കം വരെയുള്ള ഭാഗങ്ങളില്‍ ഉണ്ടായിരുന്ന കുന്നുകള്‍ പലതും അപ്രത്യക്ഷമായി. വയലുകള്‍ വന്‍ തോതില്‍ നികത്തുകയും ചെയ്തിരിക്കുന്നു. കൊട്ടാരക്കര എംസി റോഡിലെ കുന്നുകള്‍ മണ്ണ് മാഫിയയുടെ കഴുകന് കണ്ണില്‍ പെട്ടിരിക്കുന്നു എന്നതാണ് വസ്തുത. ഒരുകുന്ന് രണ്ടു മൂന്നു ദിവസം കൊണ്ട് 40-ലധികം വരുന്ന ടോറസുകളില്‍ രാവും പകലുമായി മണ്ണായി കരാര്‍ സ്ഥലത്തേക്ക് മാറ്റുന്ന കാഴ്ചയാണുള്ളത്.
പല വാഹനങ്ങള്‍ക്കും പാസ്സില്ലാതെയും പാസ്സ് തിരുത്തിയും വ്യാപകമായി മണ്ണ് കടത്തുകയാണ്. വാഹനത്തില്‍ അനുവദനീയമായതില്‍ കൂടുതലും അപകടകരമായ രീതിയിലുമാണ് മണ്ണുമായി ടോറസുകള്‍ നഗരത്തിലുടനീളം ചീറിപ്പായുന്നത്. പല വാഹനങ്ങളും സ്കൂള്‍ സമയങ്ങളില്‍ പോലും മണ്ണുമായി പോകുന്നതും സ്ഥിരം കാഴ്ചയാണ്. നിലം നികത്തലുമായി ബന്ധപ്പെട്ട പരാതികള്‍ അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നുവെന്നതാണ് വസ്തുത. ഈയ്യം കുന്നില്‍ കൊട്ടാരക്കര നഗരസഭ എട്ടാം ഡിവിഷന് പരിധിയില്‍ ആര്യാസ് ഹോട്ടലിന് പിന്നിലായി അന്‍പത് സെന്റിലധികമായി വരുന്ന നിലം നിയമങ്ങള്‍ കാറ്റില്‍ പറത്തി തോടുള്‍പ്പെടെ മണ്ണിട്ട് നികത്തിയിരിക്കുകയാണ്.
ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ നഗരസഭ ഉള്‍പ്പടെയുള്ള അധികൃതര്‍ക്ക് നല്‍കിയെങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞു മുങ്ങുന്ന നിലപാടാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. സമീപ പ്രദേശങ്ങളില്‍ എംസി റോഡിന്റെ വശങ്ങളിലെ അഞ്ചോളം കുന്നുകള്‍ ഇതിനോടകം മണ്ണ് മാഫിയ ഇടിച്ചു നിരത്തിക്കഴിഞ്ഞു. നിലവില്‍ മൂന്ന് കുന്നുകള്‍ ഇപ്പോള്‍ ഇടിച്ചുകൊണ്ട് പൊയ്ക്കൊണ്ടിരിക്കുകയുമാണ്. ബൈക്ക് യാത്രികരെ കാത്തിരിക്കുന്ന പോലീസ് കുന്നിടിച്ച് മണ്ണുമായി തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളും, ജെസിബിയുമൊന്നും കാണുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. കുന്നുകള്‍ പുരയിടമായുള്ളവരെ മണ്ണ് മാഫിയ നേരില്‍കണ്ട് ഉടമയുടെ അനുമതി വാങ്ങി ജിയോളജി വകുപ്പിനെ കബളിപ്പിച്ച് നാമമാത്രമായ അനുമതി വാങ്ങിയാണ് വന്‍ തോതില്‍ മണ്ണ് കടത്തുന്നത്. കരുനാഗപ്പള്ളി ഭാഗങ്ങളില്‍ ചതുപ്പുകള്‍ നിറഞ്ഞ ഭാഗങ്ങളില്‍ ലോഡിന് പതിനാറായിരം മുതല്‍ ഇരുപയ്യായിരം രൂപക്കാണ് ഇവ വില്‍ക്കുന്നത്. വിവിധ വകുപ്പിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണ് മണ്ണ് മാഫിയ കുന്നിടിക്കല്‍ വ്യാപമാക്കിയിരിക്കുന്നത്. വ്യാപകമായ മണ്ണ് കടത്തല്‍ കാരണം കൊട്ടാരക്കര നഗരവും, റോഡുകളും പൊടിശല്യത്താലും ഗതാഗത കുരുക്കിലുമാണ്. നിലവും, തോടും നികത്തിയതിനാല്‍ ഇവിടങ്ങളില്‍ ചെറിയ മഴയില്‍ പോലും വലിയ വെള്ളക്കെട്ട് ഉണ്ടായി യാത്രക്കാര്‍ക്കും, വ്യാപരികള്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാകുന്ന സ്ഥിതി വിശേഷവുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: