പാലക്കാട്: ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടതോടെ പോലീസ് ആശങ്കയിലായി. കൃത്യം നടന്ന് ഒരു മാസം പിന്നിടുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കാനും സാധ്യതയുണ്ട്. അതിനാല്‍ പ്രതികള്‍ക്കായുള്ള ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് കാട്ടി തലയൂരാനാണ് പോലീസ് നീക്കം. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേരുടെ ലുക്കൗട്ട് നോട്ടീസാണ് പോലീസ് പുറത്തുവിടുക.
സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തരല്ലെന്നും, തീവ്രവാദബന്ധമുള്ള കേസില്‍ അന്തര്‍സംസ്ഥാന- അന്താരാഷ്ട്ര ബന്ധമുണ്ടെന്നും അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജനുവരി 14നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടതോടെയാണ് പോലീസിന്റെ മലക്കം മറിച്ചില്‍.
സംഭവം നടന്ന് ഒരുമാസം പിന്നിട്ട ശേഷം പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതു തന്നെ അന്വേഷണം കാര്യക്ഷമമല്ല എന്നാണ് വ്യക്തമാക്കുന്നത്. നവംബര്‍ 15ന് രാവിലെ ഒമ്പത് മണിയോടെയാണ് ബൈക്കില്‍ വരികയായിരുന്ന സഞ്ജിത്തിനെ ഭാര്യക്ക് മുന്നിലിട്ട് പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐ ഭീകരര്‍ വെട്ടിക്കൊന്നത്. കാറിലെത്തിയ അഞ്ചംഗ സംഘം ദേശീയപാത വഴി രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ സംഭവമറിഞ്ഞയുടന്‍ വാഹനപരിശോധനയ്ക്കും മറ്റും പോലീസ് തയ്യാറാകാതെ, സഞ്ജിത്ത് കൊല്ലപ്പെടേണ്ട ആളായിരുന്നുവെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമിച്ചത്. മാത്രമല്ല പ്രതികള്‍ കൃത്യത്തിനെത്തിയ കാര്‍ പോലീസിന്റെ മൂക്കിന്തുമ്പില് ഉണ്ടായിട്ടും പിടികൂടാന്‍ കഴിഞ്ഞില്ല.
പോലീസിന്റെ ഗുരുതരവീഴ്ച ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എട്ട് പ്രതികളുണ്ടെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച്പേരും ഇവര്‍ക്ക് സഹായം നല്കിയ മൂന്നുപേരും. എന്നാലിതുവരെ മൂന്നു പേരെ പിടികൂടാന്‍ മാത്രമേ പോലീസിന് കഴിഞ്ഞിട്ടുള്ളൂ.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേരും, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാളുമാണ് അറസ്റ്റിലായത്. ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നവരാണ്. പിടിയിലാവാനുള്ളവര്‍ക്കും ഭാരവാഹിത്വം ഉണ്ട്. ജില്ലയിലെ ഒരു പള്ളിയുമായി ബന്ധപ്പെട്ടയാള്‍ക്കും, പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിപിഐ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇവര്‍ ഒളിവിലാണ്. മാത്രമല്ല മലപ്പുറം, തമിഴ്നാട് ഭാരവാഹികള്‍ക്കും കേസില്‍ പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പ്രതികള്‍ സംസ്ഥാനം വിട്ട് പുറത്തുപോയിട്ടില്ലെന്നും പറയുന്നു.
മാത്രമല്ല ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും പോപ്പുലര്‍ഫ്രണ്ട് സഹായമെത്തിക്കുന്നുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ചിലര്‍ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടാണ് ഒളിവില്‍ കഴിയുന്നത്. പോലീസില്‍ തന്നെയുള്ള ചിലര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടെന്ന ആരോപണവുമുണ്ട്. ജില്ലാപോലീസ് മേധാവിയുടെ നേതൃത്വത്തില്‍ രണ്ട് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെ 34 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: