തലയോലപ്പറമ്പ്: കല്ലറ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പാറേല്‍ കോളനിയിലെ 25 ഓളം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ദുരിതത്തില്‍. എഴുമാംകായലും കരിയാറുമായി ബന്ധപ്പെട്ട് കോളനി ഭാഗത്തേക്ക് ഒഴുകുന്ന നാട്ടുതോടിന്റെ തുടക്കഭാഗം വീതികുറച്ച് കരിങ്കല്‍ സംരക്ഷണ ഭിത്തി കെട്ടിയതിനെ തുടര്‍ന്നാണ് കോളനി നിവാസികളുടെ വീടുകള്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിച്ചു തുടങ്ങിയത്.
ഈ തോടിന്റെ ഇരുവശത്തുള്ള മൂന്നു പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാനായി ഈ തോടിന്റെ വീതി കുറച്ച് കരിങ്കല്ക്കെട്ടിയാണ് മോട്ടോര്‍തറ സ്ഥാപിച്ചിരുന്നത്. പിന്നീട് മൂന്നു പാടശേഖരങ്ങള്‍ക്കും വെവ്വേറെ മോട്ടോര്‍ പുര സ്ഥാപിച്ചതോടെ വീതി കുറഞ്ഞ തോട്ടിലെ നീരൊഴുക്കു കുറഞ്ഞു.
വേലിയേറ്റ സമയത്ത് ഇതുമൂലം എഴുമാംകായലില്‍ നിന്ന് ഇരച്ചെത്തുന്ന വെള്ളം കോളനിയിലെ വീടുകളില്‍ കയറുകയാണ്. വീതികുറഞ്ഞ തോട്ടിലൂടെ വിളവെടുപ്പ് കാലത്ത് കൊയ്ത്ത് യന്ത്രവുമായെത്തുന്ന വള്ളത്തിനു കടന്നുപോകാനാകുന്നില്ല. ഏതാനും വര്‍ഷങ്ങളായി വന്‍ തുക ചെലവഴിച്ചാണ് കര്‍ഷകര്‍ കൊയ്ത്ത് യന്ത്രം പാടത്തെത്തിക്കുന്നത്.
തോട് പൂര്‍വ്വസ്ഥിതിയിലാക്കിയാല്‍ 500 ഏക്കറോളം നെല്‍കൃഷി വിളവെടുപ്പിന് ഇപ്പോള്‍ വേണ്ടി വരുന്ന അധിക സാമ്പത്തിക ചെലവ് ഒഴിവാകും. അതിനൊപ്പം പാറയില്‍ കോളനിയിലെ 25 നിര്‍ധന കുടുംബങ്ങളുടെ വെള്ളപ്പൊക്ക ദുരിതത്തിനും അറുതിയാകും. നാട്ടുതോടിന്റെ വീതികുറയ്ക്കുന്ന കരിങ്കല്‍ സംരക്ഷണ ഭിത്തി പൊളിച്ചു തോട് പൂര്‍വസ്ഥിയിലാക്കി കല്ലുകെട്ടി സംരക്ഷിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കര്‍ഷകരും കോളനി നിവാസികളും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: