കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷിച്ച് ഒരു വര്‍ഷം പോലും ജയിലില്‍ കിടക്കുന്നതിന് മുമ്പ് പ്രതി തോമസ് കോട്ടൂരിന് ശിക്ഷ ഇളവ് ചെയ്യണമെന്നുള്ള പ്രതിയുടെ വിടുതല്‍ അപേക്ഷ സര്‍ക്കാര്‍ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട്, അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന് പുത്തന്‍ പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി.
ഇരട്ടജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച്, 5 മാസം തികച്ച് ജയിലില്‍ കിടക്കുന്നതിന് മുന്‍പ് പ്രതി തോമസ് കോട്ടൂരിന് 139 ദിവസം സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. കൂടാതെ ഇപ്പോള്‍ പ്രതിയ്ക്ക് 70 വയസ്സ് കഴിഞ്ഞു എന്നപേരില്‍ ശിക്ഷ ഇളവ് ചെയ്യുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.
1992 മാര്‍ച്ച് 27ന് നടന്ന കൊലപാതകത്തില്‍ പ്രതികള്‍ അന്വേഷണ ഏജന്സികളെയല്ലാം സ്വാധീനിച്ച് കേസിന്റെ വിചാരണ നീട്ടിക്കൊ ണ്ടുപോയി. 28 വര്‍ഷം പിന്നിട്ട് കഴിഞ്ഞ ഡിസംബര്‍ 23ന് ആണ് പ്രതികളെ കോടതി ശിക്ഷിച്ചത്. എന്നിട്ടിപ്പോള്‍ 70 വയസ്സ് കഴിഞ്ഞ തിനാല്‍ ശിക്ഷ ഇളവ് ചെയ്യണമെന്നുള്ള പ്രതിയുടെ ആവശ്യം ഒരിക്ക ലും നീതീകരിക്കാനാവുന്നതല്ലെന്നും പരാതിയില്‍ ജോമോന് ചൂണ്ടിക്കാട്ടി.
അതേസമയം, പ്രതി തോമസ് കോട്ടൂരിനെ ശിക്ഷ ഇളവ് ചെയ്ത് ജയിലില്‍ നിന്ന് മോചിപ്പിക്കുന്നത്, ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും, അതുകൊണ്ട് ശിക്ഷ ഇളവ് ചെയ്യരുതെന്നും കാണിച്ച് പോലീസ് റിപ്പോര്‍ട്ട് നല്കി. ജയില്‍ വകുപ്പിന്റെ ആവശ്യ പ്രകാരമാണ് കോട്ടയം ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: