തേഞ്ഞിപ്പലം: അറുപത്തിയഞ്ചാമത് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തിലും പാലക്കാടിന്റെ കുതിപ്പ്. ഇന്നലെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 180 പോയിന്റുമായാണ് പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഒമ്പത് വീതം സ്വര്‍ണവും വെങ്കലവും ആറ് വെള്ളിയുമാണ് പാലക്കാട് സ്വന്തമാക്കിയത്. എട്ട് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 120 പോയിന്റുമായി എറണാകുളമാണ് രണ്ടാമത്. ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമടക്കം 114 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും. കോട്ടയം നാലാം സ്ഥാനത്ത്. ആതിഥേയരായ മലപ്പുറം ആറാം സ്ഥാനത്താണ്.
ചാമ്പ്യന്‍ഷിപ്പിലെ വേഗറാണിയായി തൃശൂരിന്റെ ആന്‍ റോസ് ടോമിയും വേഗരാജനായി തൃശൂരിന്റെ തന്നെ മുഹമ്മദ് സജീനും തെരഞ്ഞെടുക്കപ്പെട്ടു. അണ്ടര്‍ 20 ആണ്‍കുട്ടികളില്‍ 10.96 സെക്കന്‍ഡില്‍ പറന്നെത്തിയാണ് മുഹമ്മദ് സജീന് വേഗമേറിയ താരമായത്. 12.20 സെക്കന്‍ഡിലാണ് ആന്‍ റോസ് ടോമി 100 മീറ്റര്‍ ഫൈനലില്‍ ഒന്നാമതായത്. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ ജി. താര, അണ്ടര്‍ 18 വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ ആര്‍ദ്ര. കെ, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരിന്റെ വിജയ് കൃഷ്ണ, അണ്ടര്‍ 18 വിഭാഗത്തില്‍ മലപ്പുറത്തിന്റെ മുഹമ്മദ് ഷാന്‍ എന്നിവരാണ് വേഗ താരങ്ങള്‍.
മീറ്റിന്റെ രണ്ടാം ദിനമായ ഇന്നലെ ആറ് റെക്കോഡുകള്‍ പിറന്നു. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കോഴിക്കോടിന്റെ ഡെന ആന്റണി, ബാള്‍ ത്രോയില്‍ പാലക്കാടിന്റെ അഭിന, അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഡിസ്കസ്ത്രോയില്‍ കാസര്‍കോടിന്റെ അഖില രാജു, അണ്ടര്‍ 20 വിഭാഗം 800 മീറ്ററില്‍ എറണാകുളത്തിന്റെ സി. ചാന്ദ്നി, ഹാമര്‍ത്രോയില്‍ എറണാകുളത്തിന്റെ തന്നെ കെസിയ മറിയം ബെന്നി, അണ്ടര്‍ 20 വിഭാഗത്തില്‍ പോള്‍വോള്‍ട്ടില്‍ കോട്ടയത്തിന്റെ അക്ഷയ്. എം എന്നിവരാണ് ഇന്നലെ പുതിയ റെക്കോഡ് സ്വന്തമാക്കിയത്.
അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. അത്ലറ്റിക് അസോസിയേഷന് സംസ്ഥാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. വേലായുധന് കുട്ടി അദ്ധ്യക്ഷത വഹിച്ചു. അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് മെമ്പര്‍ ഡോ. സക്കീര്‍ ഹുസൈന്, ദ്രോണാചാര്യ തോമസ് മാഷ്, ഒളിമ്പ്യന്‍ ജിന്‍സി ഫിലിപ്പ്, ഒളിമ്പ്യന്‍ രാമചന്ദ്രന്, സംസ്ഥാന സെക്രട്ടറി പി.ഐ. ബാബു, മലപ്പുറം ജില്ലാ അത്ലറ്റിക് അസോസിയേഷന് സെക്രട്ടറി കെ.കെ. രവീന്ദ്രന്, സംസ്ഥാന ട്രഷറര്‍ രാമചന്ദ്രന് പാലക്കാട് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: