കൊല്ലം: ജില്ലയുടെ പ്രൗഢമായ പാരമ്പര്യത്തിന്റെ പ്രതീകമാണ് ചിന്നക്കടയിലെ മണിമേട. നിരവധി പ്രമുഖരുടെ സര്‍ഗസൃഷ്ടികളില്‍ ഉല്‍പ്പെട്ട, അനവധി സാംസ്കാരികപ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാനിടമൊരുക്കിയ മണിമേടയോട് ഇപ്പോള്‍ തീര്‍ത്തും ക്രൂരതയാണ് നഗരസഭാ ഭരണകൂടം കാട്ടുന്നത്.
ടവര്‍ പെയിന്റടിച്ച് സുന്ദരമാക്കിയപ്പോള് ഇത് സ്ഥാപിച്ച ആളുടെ പേര് അവ്യക്തമാക്കി. നാലുദിക്കിലെയും ഘടികാരത്തിനുള്ളില്‍ അക്കങ്ങളുമില്ല. ക്ലോക്ക് ടവര്‍ പുനരുദ്ധരിച്ചതിലെ അപാകതയല്ല, പച്ചയായ അഴിമതിയാണ് ഇതെന്ന് സാംസ്കാരികരംഗത്തുള്ളവര്‍ രഹസ്യമായി പറയുന്നു. ഇടതുപക്ഷ ഭരണകൂടത്തിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്ന് മാത്രം.
കൊല്ലം മുനിസിപ്പാലിറ്റിയുടെ മുന്‍ ചെയര്‍മാനായിരുന്ന ഉണിച്ചക്കം വീട് കെ.ജി. പരമേശ്വരന് പിള്ളയോടുള്ള ആദരസൂചകമായി നാട്ടുകാര്‍ 1944ല്‍ നിര്‍മ്മിച്ചതാണ് ഈ ചതുരാകൃതിയിലുള്ള ക്ലോക്ക് ടവര്‍. 1941 ല്‍ നിര്‍മ്മാണം ആരംഭിച്ചു, മൂന്ന് വര്‍ഷത്തിന് ശേഷം ഇഷ്ടികയും വെള്ളയും സിമന്റില്‍ പൂര്‍ത്തിയാക്കി. കൊല്‍ക്കത്തയില്‍ നിന്ന് കൊണ്ടുവന്ന ഗോപുരത്തിന് നഗരത്തിന്റെ നാല് ദിശകളിലേക്ക് അഭിമുഖമായി നാല് ഘടികാരങ്ങളുണ്ട്.
ചിന്നക്കട കൊല്ലത്തിന്റെ ഹൃദയമായും ദേശീയ പാത ചേരുന്ന നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലൊന്നായി കണക്കാക്കപ്പെടുന്നു. വലിയ ട്രാഫിക് സര്‍ക്കിള്‍ ഉള്ളതിനാല്‍, സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായി ഇത് മാറി. ചിന്നക്കടയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി കൊല്ലം മുനിസിപ്പല്‍ കോര്പ്പറേഷന് ക്ലോക്ക് ടവറിന് സമീപം അടിപ്പാത നിര്‍മിച്ചു. പാലത്തിനടിയില്‍ കോട്ടവാതില്‍ പോലെ രണ്ടുവശത്തും ഭിത്തിയും. വ്യാപാരവാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഇരുട്ടടിയായി ഫലത്തില്‍ ഇത് മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: