ന്യൂയോര്‍ക്ക്: കോവിഡ് 19 വൈറസിനെ ശരീരത്തില്‍ വഹിച്ചതായി പറയുന്ന ആതിഥേയമൃഗത്തെ ഇനിയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കോവിഡ് വൈറസ് ചൈനീസ് നഗരമായ വുഹാനിലെ ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന് കരുതേണ്ടി വരുമെന്ന് ഉന്നത മോളിക്യുലര്‍ ബയോളജിസ്റ്റ് അലിന ചാന്. കാനഡയിലെ ഈ പ്രമുഖ ശാസ്ത്രജ്ഞ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വിശദീകരിച്ചതാണ് ഇക്കാര്യം.
യുകെ പാര്‍ലമെന്റിന്റെ പാനല്‍ മുമ്പാകെ നല്കിയ മൊഴിയിലാണ് അലിന ചാന് കോവിഡ് വൈറസിനെ ചൈനയുമായി ബന്ധപ്പെടുത്തിയത്. കൊറോണവൈറസിന്റെ പ്രധാന സ്വാഭാവ സവിശേഷതയായ ഫുറിന് ക്ലീവേജ് സൈറ്റ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ബന്ധപ്പെട്ടുള്ളതാണ്. വുഹാനിലെ സാര്‍സ്2 ഗവേഷണവുമായി ബന്ധപ്പെട്ട് ഉത്ഭവിച്ചതാണ് കോവിഡ് വൈറസെന്ന് സാഹചര്യത്തെളിവുകളില്‍ അധികവും ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും അലിന ചാന് പറയുന്നു.
‘കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തിയ ഗവേഷണത്തില്‍ ഇതുവരെയും വൈറസിനെ ശരീരത്തില്‍ വഹിക്കുന്ന ആതിഥേയ മൃഗത്തെ കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് വുഹാനിലെ ലാബില്‍ നിന്നും ചോര്‍ന്നതാണ് കോവിഡ് വൈറസെന്ന് ധരിക്കേണ്ടതായി വരുന്നത്.’- അമേരിക്കയിലെ എം ഐടിയിലും ഹാര്‍വാഡിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ ജീന്‍ തെറപ്പി, കോശ എഞ്ചിനീയറിംഗ് സ്പെഷ്യലിസ്റ്റ് അലിന ചാന് പറഞ്ഞു.
ചൈനയിലാണ് ഈ കോവിഡ്19 വൈറസ് നിര്‍മ്മിക്കപ്പെട്ടതെന്ന വസ്തുത അങ്ങേയറ്റം അപായകരമാണെന്നും അലിന ചാന് വ്യക്തമാക്കി. ഈ വൈറസ് സ്വാഭാവികമായി ഉരുത്തിരിഞ്ഞതല്ല, നിര്മ്മിച്ചെടുക്കപ്പെട്ടതാണെന്നും അലിന ചാന് വിശ്വസിക്കുന്നു.
‘ഈ വൈറസ് നിര്‍മ്മിക്കപ്പെട്ടതാണെന്ന് പല പ്രമുഖ വൈറോളജിസ്റ്റുകളില്‍ നിന്നും കേട്ടിരുന്നു. ഇക്കൂട്ടത്തില്‍ ആദ്യ സാര്‍സ് കോവിഡ് വൈറസിന് ഭേദഗതി വരുത്തിയവരും ഉള്‍പ്പെടുന്നു,’- അലിന ചാന് പറഞ്ഞു.
ബ്രിട്ടനിലെ ശാസ്ത്ര എഴുത്തുകാരി മാറ്റ് റിഡ്ലിയുമായി ചേര്‍ന്ന് 33 കാരിയായ അലിന ചാന് കോവിഡ് 19 വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരു പുസ്തകവും രചിച്ചിട്ടുണ്ട്- ‘ദ് വൈറസ് ബിഹൈന്‍ഡ് ദ് പാന്‍ഡെമിക്’ (മഹാമാരിക്ക് പിന്നിലെ വൈറസ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: