തിരുവനന്തപുരം: സംസ്ഥാനത്തെ അക്രമികള്‍ക്ക് പരോക്ഷ പിന്തുണ നല്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് രൂക്ഷ വിമര്‍ശനവുമായി വി. മുരളീധരന്. ആലപ്പുഴ ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയിലെ കൊലപാതകം തടയുന്നതില്‍ സംസ്ഥാന പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പാലക്കാടും കൊലപാതകം നടന്നു. ആലപ്പുഴയില്‍ നന്ദു എന്ന് പേരുള്ള യുവാവും കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമികളെ പരോക്ഷമായി പിന്തുണയ്ക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ ഉണ്ടെങ്കില്‍ പോലീസ് മുന്‍ കരുതല്‍ സ്വീകരിക്കേണ്ടതായുണ്ട്. ഇത്തലത്തില്‍ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണ്. ഇസ്ലാമിക ഭീകരവാദികള്‍ക്ക് വളമിട്ട് കൊടുക്കുന്ന സമീപനമാണ് കാര്യങ്ങള്‍ വഷളാക്കുന്നത്. ഭീകരവാദികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ തയാറാകണം. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും വി. മുരളീധരന് പറഞ്ഞു.
അതേസമയം എസ്ഡിപിഎ നേതാവ് ഷാനിന്റെ കൊലപാതകം ബിജെപിയുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ബുദ്ധി ആരുടേതാണെന്ന് പോലീസ് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രദേശത്ത് സിപിഎമ്മും എസ്ഡിപിഐയും തമ്മിലാണ് സംഘര്‍ഷമുള്ളത്. കൊലക്ക് കൊല എന്നതാണോ നിയമവാഴ്ചയുള്ള സംസ്ഥാനത്തിന്റെ സമീപനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി. മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: