തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹിന്ദുമതം വിട്ട് ഇസ്ലാമായി മാറിയ എഴുത്തുകാരന്‍ കമല്‍ സി ഇസ്ലാം മതം ഉപേക്ഷിച്ചു. ഇനി ഇസ്ലാമിന്റെ പരിസരത്തേക്ക് താനില്ലെന്നും ഇദ്ദേഹം പ്രഖ്യാപിച്ചു. ഇരവാദവും സ്വത്വവാദവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു, രണ്ടുവര്‍ഷം മുമ്പ് കമല്‍ സി ചവറ, കമല്‍ സി നജ്മല്‍ എന്ന് പേര് മാറ്റി ഇസ്ലാം ആയത്. സാമൂഹിക പ്രവര്‍ത്തകനും മുന്‍ നക്‌സല്‍ നേതാവുമായ നജ്മല്‍ ബാബുവിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവാണ് തന്നെ ഇസ്ലാമിലേക്ക് മതം മാറാന്‍ പ്രേരിച്ചതെന്നാണ് അന്ന് കമല്‍ സി ചവറ പറഞ്ഞത്.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഇസ്ലാം വിടുന്നു.
………………………..
ഞാൻ ഇസ്ലാമിലേക്ക് കടന്ന് വന്ന രാഷ്‌ട്രീയ സാഹചര്യം ഏവർക്കും അറിയാവുന്നതാണല്ലോ. അതിന് വലിയ മാറ്റങ്ങൾ വന്നിട്ടില്ലെങ്കിലും പ്രതിരോധത്തിന്റെ രാഷ്‌ട്രീയത്തിൽ വ്യക്തത വരാതിരിക്കുകയും വർഗ്ഗീയതയ്‌ക്ക് ബദൽ വർഗ്ഗീയത എന്ന സമീപനം സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. മതാധിഷ്ഠിതമായ ഒരു പ്രതിരോധത്തിൽ ഇതു വരെയുള്ള അനുഭവങ്ങളും കാലവും എന്നെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നില്ല. പുരോഹിതന്മാർക്ക് പള്ള വീർപ്പിക്കാനുള്ള ഒരിടമായി മത ധാർമ്മികത മാറിക്കഴിഞ്ഞു. വർഗ്ഗീയ ഫാസിഷത്തിനെതിരേ മൗലിക വാദവും യാഥാസ്ഥിതികത്വവും ബദലാകുന്ന വഴി സമൂഹത്തെ കൂടുതൽ അപകടത്തിലേക്ക് കൊണ്ട് പോവുമെന്ന് വിശ്വസിക്കുന്നു. ഈ അടുത്തിടെ ഉണ്ടായ ചില സംഭവവികാസങ്ങൾ ആ വിശ്വാസത്തിന് അടിവരയിടുന്നു. ന്യൂനപക്ഷ രാഷ്‌ട്രീയത്തെ മതപൗരോഹിത്യം അവരുടെ വാശിക്കും അബദ്ധജഡിലമായ വിശ്വാസങ്ങൾക്കും ഉള്ള വഴിയായി മാറ്റുന്നു. ലോബികൾ, വെറുപ്പിന്റെ ചെറിയ ചെറിയ കൂട്ടായ്‌മകൾ, കോക്കസ് പ്രവർത്തനങ്ങൾ, ചില വക്തികളിൽ മാത്രം കേന്ദ്രമായ കൂടിച്ചേരലുകൾ ഇതെല്ലാം ഇസ്ലാമിനെ അതിന്റെ വെളിച്ചം കെടുത്താൻ കാരണമാവുന്നു. യാഥാസ്ഥിതികത്വവും പിന്തിരിപ്പൻ സമീപനങ്ങളും ഇസ്ലാമിനെ നാശത്തിലേക്ക് തന്നെ നയിച്ച് കൊണ്ടിരിക്കുന്നു.
പ്രതീക്ഷയുടെ വരമ്പുകൾ എവിടെയും ഇല്ല . ഒരു രാഷ്‌ട്രീയ പ്രഖ്യാപനമെന്ന നിലയിൽ ഇസ്ലാമിലേക്ക് കടന്ന് വന്ന ആളാണ് ഞാൻ . ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലീമസമായ അതിന്റെ ചുറ്റുപാടുകൾ എന്നെ ആ സമീപനത്തിൽ മാറ്റം വരുത്താൽ പ്രേരിപ്പിക്കുന്നു. ന്യൂനപക്ഷ രാഷ്‌ട്രീയത്തിന് പ്രസക്തിയേറുമ്പോഴും മതാധിഷ്ഠിതമായ പ്രതിലോമ ശക്തികൾ ഒന്നിനും പരിഹാരമല്ലെന്ന് തിരിച്ചറിയുന്നു. രാഷ്‌ട്രീയം കൊണ്ടും ജീവിതം കൊണ്ടും ഞാൻ എന്നെ തിരുത്തുന്നു. ഇസ്ലാമിന്റെ പരിസരത്ത് ഇനിയുണ്ടാവില്ല. നിരവധി പിണക്കങ്ങൾക്ക് ഇത് കാരണമായെന്ന് വരാം. പക്ഷേ എനിക്ക് എന്നോട് നീതി പുലർത്താതിരിക്കാൻ ആവില്ല . മതാധിഷ്ഠിതമായ പ്രതിരോധം ഭൂരിപക്ഷ വർഗ്ഗീയതയുടെ വിത്ത് കൾക്ക് വളക്കൂറുള്ള മണ്ണ് നല്കിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഞാൻ എന്നെ തിരുത്തുന്നു. ഒരു മതത്തിന്റെ പ്രാതിനിധ്യത്തിലും ഇനി ഉണ്ടാവില്ലെന്ന് മാത്രമല്ല മതാതീതമായ കൂട്ടായ്‌മകൾക്ക് ആഗ്രഹിക്കുന്നു. ഇത് തീർത്തും എന്റെ വ്യക്തിപരമായ കാര്യമാണ്. അത്തരം പ്രതിരോധ സ്ഥലങ്ങൾ ഉപേക്ഷിക്കുന്നു.
എല്ലാവർക്കും നന്ദി.
കമൽസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: