ശാസ്താംകോട്ട: കൊവിഡ് വ്യാപനത്തിനും ലോക്ഡൗണിനും ശേഷം പഠനം പുനരാരംഭിച്ചതോടെ അണ് എയിഡഡ് സ്കൂളുകള്‍ കുട്ടികളെ വല വീശാനുള്ള നെട്ടോട്ടത്തില്‍. ഒന്നര വര്‍ഷമായി പൂട്ടിക്കിടന്ന സ്ഥാപന ങ്ങള് നഷ്ടത്തില്‍ നിന്ന് കരകയറാനാണ് ഈ അങ്കപ്പുറപ്പാട് നടത്തുന്നത്.
കുന്നത്തൂര്‍ താലൂക്കിലെ അണ് എയിഡഡ് സ്കൂളുകള്‍ തമ്മില്‍ നിലനിന്നിരുന്ന മത്സരവും പകയും ഇതോടെ കലുഷിതമായി. ഏതു രീതിയിലും രക്ഷിതാക്കളെ സ്വാധീനിക്കാന്‍ സ്കൂള്‍ മാനേജ്മെന്റുകള്‍ വ്യക്തി ബന്ധങ്ങളും രഷ്ട്രീയ സ്വാധീനങ്ങളും എന്ന് വേണ്ട സമ്മാന പദ്ധതികള്‍ വരെ വാഗ്ദാനം ചെയ്ത് രംഗത്തുണ്ട്. ഇതിനിടെ ചില സ്ഥാപനങ്ങളിലെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതരുടെ ഒത്താശയുണ്ടെന്നുള്ള ആരോപണവുമായി മറ്റ് സ്കൂള്‍ മാനേജ്മെന്റുകള്‍ രംഗത്തു വന്നതും അണ് എയിഡഡ് വിദ്യാഭ്യാസ മേഖലയിലെ പുതിയ വിവാദങ്ങള്‍ക്ക് ഇടം നല്‍കിയിട്ടുണ്ട്.
താലൂക്കില്‍ 25 സിബിഎസ്ഇ സ്കൂളുകളാണ് ഉള്ളത്. ഇതില്‍ സിബിഎസ്ഇ അംഗീകാരത്തിന് അടിസ്ഥാന യോഗ്യതയുള്ളത് 10 സ്കൂളുകള്‍ക്ക് മാത്രമാണന്നാണ് വിലയിരുത്തല്‍. എന്നാല്‍ ചില സ്കൂളുകള്‍ അടിസ്ഥാന സൗകര്യമുണ്ടായിട്ടും നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടന്നുന്നതായാണ് ആക്ഷേപം. ഇതില്‍ പ്രധാനം ശാസ്താംകോട്ട രാജഗിരിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ചാണ്.
ശാസ്താംകോട്ട തടാകതീരത്താണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. നൂറുകണക്കിന് കുട്ടികളും ഏക്കര്‍കണക്കിന് സ്ഥലവുമുള്ള ഈ സ്ഥാപനത്തെക്കുറിച്ച് പരാതിപ്രവാഹമാണ്. ഈ സ്ഥാപനത്തിലെ കുട്ടികളുടെ രക്ഷിതാക്കളാണ് പരാതിക്കാരില്‍ അധികവും എന്നതാണ് വിചിത്രം. പ്രധാന ആരോപണം ഈ സ്ഥാപനം നടത്തിയിരിക്കുന്ന അനധികൃത കായല്‍ കയ്യേറ്റത്തെക്കുറിച്ചാണ്
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോ ട്ടക്കായലിന്റെ സംരക്ഷണത്തിനായി നാടൊന്നാകെ മുറവിളി കൂട്ടുമ്പോഴാണ് ഏക്കര്‍കണക്കിന് കായല്‍ഭൂമി ഇവിടെ വളച്ചെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. ജെസിബി അടക്കമുള്ള മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനത്തിനിടെ തടാകത്തിലേക്കാണ് ഇളകിയ മണ്ണ് ചെന്നടിയുന്നത്. റവന്യുവകുപ്പിലെ ഉന്നതര്‍ക്ക് ഇതുസംബന്ധിച്ച് നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. കൂടാതെ തടാകതീരത്ത് സ്ഥാപിച്ച കൂറ്റന്‍ കുഴല്‍കിണറുകള്‍ തടാകത്തിലെ സ്വാഭാവിക നീരുറവകള്‍ക്ക് ഭീഷണിയായെന്ന് വിലയിരുത്തപ്പെടുന്നു. സംരക്ഷണമില്ലാതെ നശിക്കുന്ന തടാകത്തേ ഇത് കൂടുതല്‍ നാശത്തിലേക്ക് കൂപ്പുകുത്തിക്കും.
സ്ഥാപനത്തിന്റെ ഭാഗമായി ശാസ്താംകോട്ട ആഞ്ഞിലിമൂട് റൂട്ടില്‍ പുതിയ സെന്റര്‍ തുടങ്ങിയതും സിബിഎസ്ഇയുടെ നിയമാവലിക്ക് വിരുദ്ധമാണെന്ന് ആരോപണമുണ്ട്. മുന്‍പ് ഇവിടുത്തെ സ്കൂള്‍ ബസുകളുടെ അമിതവേഗവും കുട്ടികളെ കുത്തിനിറച്ചുള്ള പാച്ചിലും രക്ഷിതാക്കള്‍ക്കിടയില്‍ വ്യാപകമായ പരാതിക്ക് കാരണമായിട്ടുണ്ട്. ഇതിന്റെ പേരില്‍ നിരവധി കുട്ടികളെ രക്ഷിതാക്കള്‍ ടിസി വാങ്ങി മടക്കി കൊണ്ടുപോയ സംഭവവും ഉണ്ടായി. താലൂക്കിലെ മറ്റ് പല അണ് എയിഡഡ് സ്ഥാപനങ്ങള്‍ക്കും അംഗീകാരമില്ല എന്നതും ശ്രദ്ധേയമാണ്.
സ്കൂള്‍ ബസ് അല്ലാതെയുള്ള സ്വകാര്യ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ചാണ് മരണപ്പാച്ചില്‍ നടത്തുന്നത്. താലൂക്കിലെ പല എയിഡഡ് സ്കൂളുകളിലും അധ്യാപകരുടെ നിയമനം ഉറപ്പിക്കാന്‍ കുട്ടികളെ പ്രലോഭനങ്ങള്‍ നല്കി സ്കൂള്‍ ബസില്‍ കൊണ്ടുപോകാറുണ്ട്. ഈ വാഹനങ്ങളുടെയും ഗതാഗത രീതി മറിച്ചല്ല. ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരസ്പരം ചെളി വാരി എറിയുമ്പോള്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത് ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: