ഇടുക്കി: നാല് പതിറ്റാണ്ടായി തുടരുന്ന മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളമെല്ലാം നിസ്സാരമായി കാണുമ്പോള്‍ വിഷയം കൃത്യമായി പഠിച്ചുള്ള നീക്കം തുടര്‍ന്ന് തമിഴ്നാട്. മുല്ലപ്പെരിയാറില്‍ നിന്ന് അനിയന്ത്രിതമായി രാത്രിയിലടക്കം വെള്ളം തുറന്ന് വിടുന്നത് തടയണമെന്നും ഇതിനായി സംയുക്ത സമിതി രൂപീകരിക്കണമെന്നുമുള്ള കേരളത്തിന്റെ വാദം കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി തള്ളിയത്. കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ എന്തെല്ലാമാണ് ചേര്‍ത്തിരിക്കുന്നതെന്ന് പോലും ജലവിഭവ വകുപ്പ് മന്ത്രി അറിഞ്ഞില്ല. വകുപ്പ് കേരള കോണ്‍ഗ്രസി(എം) ന്റെ കൈയിലാണെങ്കിലും ഭരണപരമായ എല്ലാ കാര്യങ്ങളും സിപിഎമ്മും മുഖ്യമന്ത്രിയും നേരിട്ടാണെന്നത് ഇതിലൂടെ വ്യക്തം.
ആദ്യം നല്കിയ സത്യവാങ്മൂലത്തില്‍ തീരദേശവാസികള്‍ക്കുണ്ടായ പ്രശ്നങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നതായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഈ ആവശ്യം ഒഴിവാക്കിയാണ് സമര്‍പ്പിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇക്കാര്യം മന്ത്രി അറിയുന്നത്.
അധികാരം ലഭിക്കുന്നതിന് മുമ്പ് വരെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്നും പൊളിച്ച് നീക്കുമെന്നും ആവര്‍ത്തിച്ച സിപിഎം നിലപാട് മാറ്റി. മുഖ്യമന്ത്രി തന്നെ പലതവണ അണക്കെട്ട് സുരക്ഷിതമാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. ബേബി ഡാമിലെ മരം മുറി വിവാദവും ഇതിന് ഉദാഹരണമാണ്. ജലനിരപ്പ് കൂട്ടുന്നതിനായി വലിയ ഫണ്ട് വാങ്ങി അനുകൂല നിലപാട് എടുക്കാനുള്ള ശ്രമമാണ് വിവാദമായതോടെ പിന്‍വലിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വിരമിച്ച് കഴിഞ്ഞാലും സൗജന്യമായി ജോലി തുടരുകയാണ്. ഇതാണ് തമിഴ്നാട് കേസുകളില്‍ വിജയിക്കാനുള്ള മുഖ്യകാരണം. എന്നാല്‍ കേരളത്തില്‍ ഇക്കാര്യത്തില്‍ കൃത്യമായ അറിവുള്ളവര്‍ ആരും തന്നെയില്ല. ഉപസമിതി അംഗങ്ങളായ കേരളത്തിന്റെ പ്രതിനിധികളെ തമിഴ്നാട് ഒരു കാര്യവും അറിയിക്കാറുമില്ല. ലക്ഷക്കണക്കണക്കിന് ആളുകളുടെ ജീവന്‍വച്ച് കേരളം തമാശ കളിക്കുമ്പോള്‍ കൃത്യമായ നീക്കമാണ് തമിഴ്നാടിന്റേത്.
ആവശ്യങ്ങള്‍ കൃത്യമായി ബോധിപ്പിച്ചെന്ന് മന്ത്രി
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ മേല്‍നോട്ടസമിതിയില്‍ കൃത്യമായി ബോധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്. മേല്‍നോട്ട സമിതി ഇവ സുപ്രീം കോടതിയെ ബോധിപ്പിച്ചിട്ടില്ല, അത് കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അണ്ടര്‍ ഗ്രൗണ്ട് ഫോട്ടോഗ്രാഫി നടത്തണമെന്ന് കോടതിയില്‍ ആവശ്യപ്പെടും. അന്താരാഷ്ട്ര ഏജന്‍സിയെക്കൊണ്ട് പഠനം നടത്തണമെന്ന ആവശ്യം കോടതിയില്‍ ഉന്നയിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വേണ്ടരീതിയില്‍ സുപ്രീംകോടതിയെ വിവരങ്ങള്‍ ധരിപ്പിക്കാനായില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: