ശിശുമരണം ചര്‍ച്ചയാവുമ്പോഴൊക്കെ അട്ടപ്പാടിക്കായി പദ്ധതികളുടെ പ്രഖ്യാപന പ്രവാഹമാണ്. 2013ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷും അട്ടപ്പാടി സന്ദര്‍ശിച്ചു. 112 കോടിയുടെ പ്രത്യേക കേന്ദ്ര പദ്ധതികള്‍. 2000 കുടുംബങ്ങള്‍ക്ക് വീട്. അട്ടപ്പാടിയിലെ ആദിവാസികള്‍ സ്വന്തം ഭൂമിയില്‍ നടത്തുന്ന കൃഷിപ്പണികള്‍ക്കും തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദിവസക്കൂലി. അട്ടപ്പാടിയില്‍ കുടുംബശ്രീ പദ്ധതി വ്യാപകമാക്കാന്‍ 50 കോടി, സ്ത്രീ ശാക്തീകരണ – കാര്‍ഷിക പദ്ധതിക്ക് 50 കോടി, 2000 വീടുകള്‍ പണിയുന്നതിന് 12 കോടി, 30 കിലോമീറ്റര്‍ റോഡ് പുതുക്കി പണിയും, 500 യുവാക്കള്‍ക്ക് ജോലി…ഇതൊക്കെയായിരുന്നു അന്നത്തെ വാഗ്ദാനങ്ങള്‍.
സര്‍ക്കാരുകള്‍ മാറിയതല്ലാതെ ഇവയുടെ ഒന്നിന്റെയും പൂര്‍ണമായ ഫലം വനവാസികള്‍ക്ക് ലഭിച്ചില്ല. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി അട്ടപ്പാടിയിലെത്തിയത് 131 കോടി രൂപയാണ്. എന്നാല്‍ ഫലം ലഭിച്ചത് ആര്‍ക്കെന്നതില്‍ മാത്രം ഉത്തരമില്ല.
2020ല്‍ മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ അറിയിച്ച പ്രധാന പദ്ധതികള്‍:
# ഗര്‍ഭിണികളുടെയും, മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ജനനീ ജന്മരക്ഷാ പദ്ധതി
# സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്നതിന് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി
# സിക്കിള്‍സെല്‍ അനീമിയ രോഗികള്‍ക്ക് സമാശ്വാസ ധനസഹായം നല്‍കുന്ന പദ്ധതി
# അട്ടപ്പാടിയില്‍ പാചകം ചെയ്ത ഭക്ഷണം നല്‍കുന്ന കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതി
# വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ കുട്ടികള്‍ക്കും കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും പോഷകാഹാര വിതരണം.
# പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മില്ലെറ്റ് വില്ലേജ് പദ്ധതി
# അലോപ്പതി ഒ.പി ക്ലിനിക്കുകള്‍, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍, ന്യൂട്രീഷ്യന്‍ റിഹാബിലിറ്റേഷന്‍ സെന്ററുകള്‍
# വര്‍ഷകാലത്തും പഞ്ഞമാസങ്ങളിലും ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി
പദ്ധതികള്‍ക്ക് പുറമേ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കായി 85 ലക്ഷം, ഐടിഡിപിക്ക് 40 ലക്ഷം, സിക്കിള്‍ സെല്‍ അനീമിയ ബാധിതര്‍ക്കുള്ള ധനസഹായം 2019-20ല്‍ 140 രോഗികള്‍ക്ക് 29 ലക്ഷം രൂപ, ജനനീ ജന്മ രക്ഷ പദ്ധതി 2019-20ല്‍ 460 വനിതകള്‍ക്കായി 1.30 കോടി രൂപ.
ആദിവാസി മേഖലയിലെ പ്രശ്നങ്ങള്‍ ശാസ്ത്രീയമായി പഠിക്കാതെ പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും അവരുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്നതാണ്. അവര്‍ക്കെന്താണ് വേണ്ടതെന്നോ എങ്ങനെയാണ് നല്കേണ്ടതെന്നോ അറിയാതെ നല്കിയതില്‍ പ്രധാനപ്പെട്ടതാണ് സാമൂഹിക അടുക്കളയും അങ്കണവാടികള്‍ വഴിയുള്ള ഭക്ഷ്യവിതരണവും.
സാമൂഹ്യ അടുക്കളയും അങ്കണവാടികളും
ശിശുമരണങ്ങള്‍ ചര്‍ച്ചയായതോടെ 2013ലെ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ആശയമാണ് കമ്മ്യൂണിറ്റി കിച്ചന്‍ അഥവാ സാമൂഹ്യ അടുക്കള. ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍, കൗമാരക്കാര്‍, 60 വയസ്സിന് മുകളില്‍ പ്രായം ചെന്നവര്‍ എന്നിങ്ങനെ അതാത് ഊരുകളില്‍ നിന്നുള്ള ഗുണഭോക്താക്കളെ കണ്ടെത്തി അവര്‍ക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും നല്‍കുക എന്നതായിരുന്നു ആദ്യഘട്ടത്തില്‍ നടപ്പിലായ സാമൂഹ്യ അടുക്കള പദ്ധതി. അങ്കണവാടികള്‍ വഴി ഭക്ഷണമെത്തിച്ച് നല്‍കുകയായിരുന്നു തുടക്കത്തില്‍. പിന്നീട് 2014ല്‍ കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ദാരിദ്ര്യ നിര്‍മ്മാര്‍ജന യജ്ഞ (എന്‍ആര്‍എല്‍എം)ത്തിന്റെ ഭാഗമായി പദ്ധതി നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിച്ചു. പദ്ധതി നടത്തിപ്പിനായി ഒരു കോഡിനേറ്ററെയും, വിവിധ ഊരുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകരായ ആദിവാസി സ്ത്രീകളുടെ രണ്ടും മൂന്നും സംഘങ്ങളെയും നിയോഗിച്ചു.
ഇപ്പോള്‍ ആകെയുള്ള 192 ഊരുകളില്‍ 182 എണ്ണത്തിലും സാമൂഹ്യ അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആകെ 12179 ഗുണഭോക്താക്കള്‍.
കൃഷി ചെയ്ത് തങ്ങളുടെതായ ജീവിത ശൈലി പിന്തുടര്‍ന്ന ഒരു ജനതയ്‌ക്ക് സര്‍ക്കാര്‍ തീരുമാനിക്കുന്നതാണ് അന്നമെന്ന സ്ഥിതി വന്നു. റാഗി, ചാമ, ചീര തുടങ്ങി പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചിരുന്നവര്‍ക്ക് വെറുതെ അന്നം കിട്ടുമെന്നായതോടെ മിക്ക വീടുകളിലും അടുപ്പ് പുകയാതെയായി. പാരമ്പര്യ ഭക്ഷണശീലമുപേക്ഷിച്ച് സര്‍ക്കാര്‍ നിശ്ചയിച്ച ഭക്ഷണശീലത്തിലേക്കവര്‍ കൂടുമാറി.
രാവിലെയും ഉച്ചയ്‌ക്കും ഭക്ഷണം കിട്ടുമെന്നതിനാല്‍ വീട്ടില്‍ വൈകിട്ട് മാത്രമാണ് ഭക്ഷണമുണ്ടാക്കുന്നതെന്ന് കതിരംപതി ഊരിലെ സിവ പറയുന്നു. മിക്ക വീടുകളിലും ഇത് തന്നെയാണ് സ്ഥിതി. തുടക്കത്തില്‍ അടുക്കളയുടെ മെനു വിപുലമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മിക്കപ്പോഴും ഇതൊന്നും കിട്ടാറില്ല. ഒരു മാസത്തേക്ക് ഒന്നിച്ച് സാധനമെടുക്കുന്നതിനാല്‍ മാവേലി സ്റ്റോറില്‍ ഉള്ള സാധനങ്ങളാണ് നല്കുക, മിക്കപ്പോഴും മെനുവിലുള്ളത് സ്റ്റോറിലുണ്ടാകില്ല. പയറും പരിപ്പും മാത്രമായിരിക്കും ഒരു മാസം കറി വയ്‌ക്കാന്‍ ഉണ്ടാകുക. ഇതിന് പുറമേ ഒരു ഊരില്‍ ഏതെങ്കിലും ഭാഗത്താണ് സാമുഹ്യ അടുക്കള പ്രവര്‍ത്തിക്കുക എന്നതിനാല്‍ ദൂരെ നിന്നുള്ളവര്‍ ഭക്ഷണം വാങ്ങി കഴിക്കുകയുമില്ല.
സാമൂഹ്യ അടുക്കളകളെയും അങ്കണവാടിയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളെയും ആശ്രയിക്കുകയും പരമ്പരാഗത ഭക്ഷണരീതി ഉപേക്ഷിക്കുകയും ചെയ്തത് വനവാസികളുടെ ആരോഗ്യത്തെ ബാധിച്ചു. ഗര്‍ഭിണികളുടെ ആരോഗ്യാവസ്ഥയിലെ പ്രശ്‌നങ്ങള്‍ നവജാതശിശു മരണങ്ങളുടെ എണ്ണവും കൂട്ടി.
ആശുപത്രിയുണ്ട്, സൗകര്യങ്ങളില്ല
അട്ടപ്പാടിയിലെ ആദിവാസികളുടെയും അല്ലാത്തവരുടെയും പ്രധാന ആശ്രയമാണ് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി. വര്‍ഷാവര്‍ഷം കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ആശുപത്രിക്കായി നീക്കി വയ്‌ക്കുന്നുമുണ്ട്. നിലവാരം താലൂക്ക് ആശുപത്രിയുടെതാണെങ്കിലും സേവനങ്ങള്‍ അപര്യാപത്മാണ്.
2007ല്‍ പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രിയില്‍ 172 പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ ഇവിടെ ഇപ്പോള്‍ 54 കിടക്കകള്‍ക്കുള്ള ജീവനക്കാരാണുള്ളത്. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം അത്യാവശ്യമായ മേഖലയില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെല്ലാം ജൂനിയര്‍ തസ്തികയിലുള്ളവരാണ്. ആകെയുള്ള ഇരുനൂറ്റിയമ്പതോളം ജീവനക്കാരില്‍ 130 പേര്‍ താത്കാലികക്കാരും.
ജനറല്‍ മെഡിസിന്‍, ശസ്ത്രക്രിയ വിഭാഗം, ശിശുരോഗ വിഭാഗം, ഗൈനക്കോളി, റേഡിയോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ്, ലാബ് ക്ലാര്‍ക്ക് തുടങ്ങിയ തസ്തികകള്‍ ഇതുവരെ സൃഷ്ടിച്ചിട്ടില്ല.
റോഡിയോളജിസ്റ്റില്ലാത്തതിനാല്‍ അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ക്ക് സ്‌കാന്‍ ചെയ്യണമെങ്കില്‍ കോയമ്പത്തൂരോ മണ്ണാര്‍ക്കാടോ എത്തണം. വിവിധ ഊരുകളില്‍ നിന്ന് പൊട്ടിപ്പൊളിഞ്ഞതും റോഡുകള്‍ ഇല്ലാത്തതുമായ വഴികളിലൂടെയാണ് രോഗികള്‍ ആശുപത്രികളില്‍ എത്തുന്നത്. നിലവില്‍ ഞായറാഴ്ച മാത്രമാണ് സ്‌കാനിങ്ങിനുള്ള സൗകര്യം. തകര്‍ന്ന റോഡിലൂടെ മണ്ണാര്‍ക്കാട് എത്തണമെങ്കില്‍ കുറഞ്ഞത് രണ്ട് മണിക്കൂറെടുക്കും. അമ്മയും കുഞ്ഞിന്റെയും വാര്‍ഡിന്റെ പണി പൂര്‍ത്തിയായെങ്കിലും ലിഫ്റ്റ് സൗകര്യമില്ലാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. കൂടാതെ നിയോനാറ്റല്‍ വെന്റിലേറ്ററും നിയോ നാറ്റോളജിസ്റ്റും വേണം. സിടി സ്‌കാന്‍ സൗകര്യം വേണം. റഫറല്‍ സംവിധാനം ഒഴിവാക്കണം. ഇപ്പോള്‍ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രി, തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്കാണ് രോഗികളെ കൂടുതലായും റഫര്‍ ചെയ്യുന്നത്.
അട്ടപ്പാടിയില്‍ നിന്നെത്തുന്ന രോഗികളെ ചികിത്സിക്കാന്‍ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിക്ക് 12.50 ലക്ഷമാണ് സര്‍ക്കാര്‍ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: