കൊല്ലം: ജനുവരിയോടെ കൂടുതല്‍ പേരിലേക്ക് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍. താത്ക്കാലികമായി അംഗീകാരം റദ്ദ് ചെയ്ത റേഷന്‍കടകളുമായി ബന്ധപ്പെട്ട ഫയല്‍ അദാലത്ത് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അര്‍ഹരായവരിലേക്ക് ആനുകൂല്യം എത്തിക്കുന്നതിന് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ ജനകീയമാക്കും. നിയമനടപടികള്‍ ലഘൂകരിച്ച് സേവനങ്ങള്‍ അതിവേഗമാക്കുകയാണ്. റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ട വ്യക്തി മരിച്ചാല്‍ കാര്‍ഡ് ഉടമ കൈവശമുള്ള വ്യക്തമായ രേഖ സഹിതം അപേക്ഷിച്ചാല്‍ പേര് നീക്കം ചെയ്യുന്ന നടപടി വേഗത്തിലാക്കും.
റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും പരാതികള്‍ പരിഹരിക്കാനുമായി ആരംഭിച്ച ‘തെളിമ’ പദ്ധതി ലക്ഷ്യം കാണുകയുമാണ്. ലൈസന്‍സുമായി ബന്ധപ്പെട്ട 39 വര്‍ഷം പഴക്കമുള്ള അപേക്ഷയ്ക്ക് തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിഞ്ഞത് അദാലത്തിന്റെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി. റേഷന്‍കട ഉടമയുടെ മരണത്തെ തുടര്‍ന്നുള്ള പിന്തുടര്ച്ച അവകാശവുമായി ബന്ധപ്പെട്ടവ, ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കപ്പെട്ടവ എന്നിവ സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡോ. സജിത്ത് ബാബു അധ്യക്ഷനായി. കളക്ടര്‍ അഫ്സാന പര്‍വീണ്‍, ദക്ഷിണമേഖല റേഷനിങ് ഡെപ്യൂട്ടി കണ്ട്രോളര് ആര്. അനില്‍രാജ്, ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനദേവി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: