മുംബൈ : എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ പേരിലുള്ള ബാര്‍ ഹോട്ടലിന്റെ സൈസന്‍സ് സംഘടിപ്പിച്ചത് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് മഹാരാഷ്ട്ര എക്സൈസ്. ആഢംബര കപ്പലില്‍ നിന്നും മയക്കുമരുന്ന് പിടിച്ചതിന് പിന്നാലെ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് വാങ്കഡെയ്ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
ബാര്‍ ലൈസന്‍സിനായി തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നതാണ് പുതിയ ആരോപണം. നവിമുംബൈയിലെ വാഷിയിലാണ് സദ്ഗുരു എന്നപേരിലുള്ള വാങ്കഡെയുടെ ബാര്‍ ഹോട്ടല്‍. 21 വയസാണ് ബാര്‍ ലൈസന്‍സ് കിട്ടാനുള്ള കുറഞ്ഞ പ്രായം. എന്നാല്‍ 1997ല്‍ ലൈസന്‍സ് കിട്ടുമ്പോള്‍ സമീറിന് പ്രായപൂര്‍ത്തിയായിരുന്നില്ല.
എക്സൈസ് വിഭാഗത്തില്‍ ജോലിചെയ്തിരുന്ന വാങ്കഡെയുടെ അച്ഛന് സര്‍ട്ടിഫിക്കറ്റില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം. എന്നാല്‍ ലൈസന്‍സിനായി തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ മഹാരാഷ്ട്ര എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹത്തിന് വിശദീകരണം തേടി നോട്ടീസും നല്‍കിയിട്ടുണ്ട്. മറുപടി ലഭിച്ചശേഷം ഹിയറിങ്ങിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഹിയറിങ്ങിന് വിളിപ്പിക്കും. അതിന് ശേഷമായിരിക്കും തുടര്‍ നടപടി.
വാങ്കഡെയെ ജയിലില്‍ അയയ്ക്കുമെന്ന് പ്രഖ്യാപിച്ച എന്‍സിപി മന്ത്രി നവാബ് മാലിക് തന്നെയാണ് ഇതുസംബന്ധിച്ച വിവരങ്ങളും ആദ്യം പുറത്തുവിട്ടത്. വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ് വിവാദവും ലഹരി മരുന്ന് കേസിലെ തിരിമറികളുമടക്കം ആരോപണങ്ങളില്‍ നട്ടം തിരിയുന്നതിനിടെയാണ് സമീര്‍ വാംഗഡെയ്ക്കെതിരെ എക്സൈസ് വിഭാഗവും നടപടി സ്വീകരിക്കുന്നത്.
എന്നാല്‍ സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ നടത്തിപ്പു ചുമതല പിതാവിനു കൈമാറിയതാണെന്ന് വാങ്കഡെ വിഷയത്തില്‍ പ്രതികരിച്ചു. ബാറില്‍ നിന്നുള്ള വരുമാനവിവരങ്ങള്‍ ആദായനികുതി റിട്ടേണിനൊപ്പം സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: