ആലപ്പുഴ: ഹോട്ടല്‍ ഭക്ഷണം ശീലിച്ചവര്‍ക്ക് ഇരുട്ടടി, വയറു നിറയുന്നതിന് പകരം പലരുടെയും കണ്ണു നിറയുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനയുടെ പേരില്‍ പലഹോട്ടലുകളും വില കുത്തനെ ഉയര്‍ത്തി. ഒരാഴ്ചയ്ക്കു മുന്‍പ് പല ഹോട്ടലുകളിലും ഉച്ച ഊണിന് 60 രൂപ നിരക്കായിരുന്നത് ഇപ്പോള്‍ 80ഉം , 90മായി ഉയര്‍ത്തി. സ്പെഷ്യല്‍ കറിയും വാങ്ങി ഉണ് കഴിച്ച് ബില്ല് കൈയ്യില്‍ കിട്ടുമ്പോഴാണ് പലരുടെയും കണ്ണ് നിറയുന്നത്. 10 രുപയായിരുന്ന ചായക്ക് 12 രൂപയാക്കി ഉയര്‍ത്തി. നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലിലെ സ്ഥിതി ഇതാണെങ്കില്‍ വെജിറ്റേറിയന്‍ ഹോട്ടലില്‍ പല സ്ഥലങ്ങളിലും 110 രുപയാണ് സാധാരണ ഊണിന് ഈടാക്കുന്നത്.
വില വര്‍ദ്ധനയ്ക്ക് കാരണമായി ഹോട്ടല്‍ വ്യാപാരികള്‍ പറയുന്നത് ഇങ്ങനെയാണ്…നാല്പത് രുപ വിലയുണ്ടായിരുന്ന തക്കാളി ഇപ്പോള്‍ ഒരു കിലോഗ്രാമിന് 100 രുപയായി, അവിയലിനും, സാമ്പാറിനും ഉപയോഗിക്കുന്ന മുരിങ്ങക്ക, ചേന, ചേമ്പ്, വെണ്ടയ്ക്ക സമാനമായ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ക്കും ഗണ്യമായി വില ഉയര്‍ന്നു. ഹോട്ടല്‍ ഉപയോഗത്തിനുള്ള ഗ്യാസ് സിലണ്ടറിന് ഒന്നിന് രണ്ടായിരം രുപയ്ക്ക് മുകളില്‍ വിലയായി. ഇതോടെ ഹോട്ടല്‍ വ്യവസായം വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് നേരിയ തോതില്‍ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതമായത്.
കൊവിഡ് മഹാമാരിക്ക് ശേഷം തുറന്ന ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്നത് വാഴയിലയിലാണ് ഇതിനും വിലകുടി. പഞ്ചസാരയ്ക്കും തേയിലയ്ക്കും, പാലിനും കാര്യമായ വിലവര്‍ദ്ധന ഉണ്ടായിട്ടില്ലെങ്കിലും പച്ചക്കറി വില വര്‍ദ്ധനയുടെ മറവില്‍ ചായക്കും രണ്ട് രൂപകൂട്ടി. ചില വന്‍കിട ഹോട്ടലില്‍ ഭക്ഷണത്തിന് ജിഎസ്ടി കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ പലരുടെയും കീശ കീറുകയാണ്. മുന്ന് നേരവും ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവര്‍ക്ക് ഒരു ദിവസത്തേക്ക് 350 രുപയില്‍ അധികം ചിലവാകും ഇത് ചെറിയ ഹോട്ടലില്‍. പിന്നെയും ഉണ്ട് കാര്യങ്ങള്‍ അന്തിക്കച്ചവടം നടത്തുന്ന വഴിയോരക്കച്ചവട കേന്ദ്രങ്ങളില്‍ പൊള്ളിച്ചതിനും, വറുത്തതിനും ഗണ്യമായി വില കൂട്ടി, ഇക്കാരണത്താല്‍ ഇപ്പോള്‍ പലരും ചെറിയ തട്ടുകടകളിലേക്ക് ചേക്കേറാന്‍ തുടങ്ങി.
പച്ചക്കറികളുടെ വില സര്‍ക്കാര്‍ സംവിധാനത്തിലൂടെ പിടിച്ചു നിര്‍ത്തിയാല്‍ വില കുറയ്ക്കാമെന്നാണ് ഹോട്ടല്‍ വ്യാപാരികള്‍ പറയുന്നത്. ഊണിന് 20 രുപ നിരക്കില്‍ സാധാരണക്കാരന്റെ വിശപ്പകറ്റിയിരുന്ന ജനകീയ ഹോട്ടലുകളും വില വര്‍ദ്ധനവു കാരണം പല സ്ഥലങ്ങളിലും പൂട്ടി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോര്‍ട്ടികോര്‍പ്പ് പോലുള്ള സ്ഥാപനങ്ങള്‍ വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതിനായി പച്ചക്കറി സബ്സിഡി നിരക്കില്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടും ആര്‍ക്കും ഇതിന്റെ പ്രയോജനം ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: