തിരുവനന്തപുരം : മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്തിട്ടും സംസ്ഥാനത്തെ പോലീസ് സേന നിരന്തര സര്‍ക്കാരിനെ നാണംകെടുത്തുന്ന നിലയില്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം തിരുവനന്തപുരം ഏരിയാ സമ്മേളനം. മന്ത്രിമാരുടെ ഓഫീസ് സ്റ്റാഫിനെ നിയമിക്കുന്നതിനായുള്ള മാനദണ്ഡം മുഖ്യമന്ത്രി മാത്രം പാലിച്ചില്ലെന്നും സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. തൈക്കാട് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം ഉയര്‍ത്തിയത്.
തുടര്‍ച്ചയായി സംസ്ഥാനത്തെ പോലീസിനെതിരെ ആരോപണം ഉയരുന്നുണ്ട്. സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തും വിധത്തില്‍ പോലീസ് പ്രതിക്കൂട്ടില്‍ ആകുന്നത് ഘടക കക്ഷികളില്‍ പോലും അതൃപ്തിയുണ്ടാക്കുന്നുണ്ട്. സാധാരണക്കാര്‍ പരാതിയുമായി എത്തുമ്പോള്‍ പോലീസ് മിക്കപ്പോഴും ഇതിനെ അവഗണിക്കുകയാണ് ചെയ്യുന്നത്. സ്ത്രീകള്‍ പരാതിയുമായി എത്തിയാല്‍ കാലതാമസമുണ്ടാക്കാതെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഇതിന് പുല്ലുവിലയാണ് നല്‍കിയിട്ടുള്ളത്. അടുത്തിടെയുണ്ടായ മിക്ക സംഭവങ്ങളിലും മുഖ്യമന്ത്രിയുടെ മിക്കസംഭവങ്ങളിലും മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പ് പ്രതിക്കൂട്ടിലാണ്. പോലീസിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ് ഇതിന് കാരണം.
സംസ്ഥാനത്ത് സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍വരെ 744 പേര് ക്രമിനല്‍ കേസില്‍ പ്രതികളാണ് എന്ന വിവരവും ഇതിനിടെ പുറത്തുവന്നിരുന്നു. ഇത് കൂടാതെ കോടതി വരെ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച സംഭവങ്ങള്‍ അടുത്തിടെയുണ്ടായി. അതിനു പിന്നാലെയാണ് സിപിഎം ഏരിയ സമ്മേളനത്തിലും വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് ജില്ലാ നേതൃത്വം വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. സംസ്ഥാന കമ്മിറ്റി പ്രതിനിധിയായി എത്തിയ സീനിയര്‍ നേതാവ് എം.വിജയകുമാറാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: