പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തിരിച്ചും തീര്ഥത്ഥാടകരെ വഹിച്ച് ശരണപാതയിലെ തിരക്കിനിടയിലൂടെ ജീവിതം കരുപിടിപ്പിക്കുന്ന ഒരു വിഭാഗമുണ്ട്. ശബരിമലയില്‍ ഏറ്റവും കാഠിന്യമേറിയ ജോലി ചെയ്യുന്ന ഡോളിത്തൊഴിലാളികള്‍. രാജാക്കന്മാര് പല്ലക്കില്‍ യാത്ര ചെയ്യുന്നതു പോലെയാണ് ഡോളിയിലേറിയുള്ള തീര്‍ത്ഥാടകരുടെ യാത്ര. കാണുമ്പോള്‍ നിസാരമെന്ന് തോന്നുമെങ്കിലും അത് എത്രമാത്രം കഠിനമെന്ന് അറിയണമെങ്കില്‍ ഡോളിത്തൊഴിലാളികളോട് തന്നെ ചോദിച്ചറിയണം.
ഒരു തീര്‍ത്ഥാടകനെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും, തിരികെയുമെത്തിക്കുന്നതിന് 4200 രൂപയാണ് കൂലി. ഒരു ഭാഗത്തേക്ക് മാത്രമാണെങ്കില്‍ 2600 രൂപയും. തീര്‍ത്ഥാടകനെ സന്നിധാനത്തെത്തിച്ച് തൊഴുത് സുരക്ഷിതമായി തിരികെ പമ്പയിലെത്തിക്കുമ്പോള് 200 രൂപ ദേവസ്വം ബോര്ഡിലടയ്ക്കണം.
തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്നുള്ളവരാണ് ഡോളിത്തൊഴിലാളികളിലേറെയും. ഇവര്‍ക്ക് ശരിയായ താമസ സൗകര്യം ഏര്‍പ്പെടുത്താന്‍ പോലും ദേവസ്വം ബോര്‍ഡ് ഇതുവരെ തയാറായിട്ടില്ല. ഡോളി ചുമക്കുന്നത് അതികഠിനമായ ജോലിയാണെങ്കിലും ശാരീരിക അവശതകളുള്ള ഭക്തര്‍ക്ക് ദര്‍ശന ഭാഗ്യമൊരുക്കി നല്‍കുന്നതിലൂടെ തങ്ങളുടെ ജീവിതവും പുണ്യമാകുമെന്ന് വിശ്വസിക്കുന്നവരാണ് തൊഴിലാളികളില്‍ കൂടുതലും.
1200 തൊഴിലാളികള്‍ വരെ ജോലി ചെയ്തിരുന്ന കാലമുണ്ടായിരുന്നതായി ഈ മേഖലയില്‍ ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. അത്യധ്വാനം മൂലം ഇപ്പോഴത് ചുരുങ്ങി അഞ്ഞൂറോളം തൊഴിലാളികള്‍ മാത്രമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: