ന്യൂദല്‍ഹി: ഇന്ത്യ യുഎഇയുമായി ഒരു സ്വതന്ത്രവ്യാപാരക്കരാര്‍ അടുത്തയാഴ്ച ഒപ്പുവെയ്ക്കുമെന്ന് ഉറപ്പായി. ഇക്കാര്യത്തില്‍ ഇന്ത്യയുടെയും യുഎഇയുടെയും അധികൃതര്‍ തമ്മില്‍ അന്തിമമായ മൂന്നാം റൗണ്ട് ചര്‍ച്ച വരുംദിവസങ്ങളില്‍ പൂര്‍ത്തിയാക്കും.
ഇതിനുള്ള ഒരുക്കമെന്ന നിലയില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ രാസവസ്തുക്കള്‍, പെട്രോകെമിക്കല്‍സ്, അലൂമിനിയം, കോപ്പര്‍ എന്നീ വ്യവസായ മേഖലയിലെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തി. യുഎഇയുമായുള്ള സാമ്പത്തിക, വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സമഗ്ര സാമ്പത്തിക പങ്കാളിത്തക്കരാര്‍ (സിഇപിഎ) ഒപ്പുവെയ്ക്കുന്നത്. ഇതിന്റെ മൊത്തത്തിലുള്ള പ്രാധാന്യം പീയുഷ് ഗോയല്‍ വ്യവസായപ്രതിനിധികളെ ബോധ്യപ്പെടുത്തി.
യുഎഇയുമായി ഉണ്ടാക്കുന്ന സിഇപിഎ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, വിപുലമായ സാമൂഹിക, സാമ്പത്തിക അവസരങ്ങള്‍ തുറന്നുനല്‍കുകയും ചെയ്യും. ഇത് ഉഭയകക്ഷി വ്യാപാരബന്ധം മെച്ചപ്പെടുത്തും.
ന്യൂദല്‍ഹിയില്‍ ഡിസംബര്‍ 10 വരെ മൂന്നാം വട്ട ഇന്ത്യ-യുഎഇ സിഇപിഎ കൂടിയാലോചനകള്‍ നടക്കും. ഇതോടെ കൂടിയാലോചനകള്‍ അന്തിമഘട്ടതീരുമാനങ്ങളിലെത്തുമെന്ന് വാണിജ്യ മന്ത്രാലയ വക്താക്കള്‍ അറിയിച്ചു. ഈ വര്‍ഷം സപ്തംബറിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ആദ്യവട്ട ചര്‍ച്ച നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: