വിജയ് സി. എച്ച്
ഗൗരവപൂര്‍വം ഗാനങ്ങളെ വിലയിരുത്തുന്ന ഒരു ആസ്വാദകന്റെ അപേക്ഷ മാനിച്ച് എഫ്ബി-യില്‍ പാടി പോസ്റ്റ് ചെയ്ത കല്യാണി രാഗത്തിലുള്ള ഒരു ഗാനം കൊള്ളാമെന്ന്, ആ ഗാനമെഴുതിയ ശ്രീകുമാരന്‍ തമ്പിതന്നെ കമന്റ് എഴുതിയപ്പോള്‍, സോയില്‍ സര്‍വ്വേ ആന്‍ഡ് കണ്‍സര്‍വേഷന്‍ വകുപ്പില്‍ സോയില്‍ സര്‍വ്വേ ഓഫീസറായി ജോലി ചെയ്യുന്ന രതി ജയകുമാര്‍ തന്റെ ശ്രമങ്ങള്‍ വെറുതെയാവുന്നില്ലെന്ന് തിരിച്ചറിഞ്ഞു.
തന്നെപ്പോലെയുള്ള ഒരു സംഗീതോപാസകയുടെ ആലാപന മികവ് മാറ്റുരയ്ക്കുന്ന ഫൈനല്‍ പരീക്ഷയും കൂടിയാണ് തലമുറകളുടെ നാഡിമിടിപ്പായി മാറിയ തമ്പി സാറിന്റെ ആ വരികളെന്ന് ഗാനം ആവശ്യപ്പെട്ട സംഗീത നിരൂപകന് മുന്നറിയിപ്പ് തന്നിരുന്നത് രതി കൃതജ്ഞതയോടെ ഓര്‍ത്തു.
2020, മാര്‍ച്ചില്‍ രാജ്യം ആദ്യത്തെ അടച്ചുപൂട്ടലിലേക്കു നീങ്ങുന്നതുവരെ രതിക്ക് തിരക്കോടുതിരക്കായിരുന്നു. ഒരുമിച്ചെത്തിയ പ്രളയങ്ങള്‍ ഭൂമിയുടെ ഉപരിതലത്തിനു വരുത്തിയ കോട്ടങ്ങള്‍ കണ്ടെത്തലും, ഉരുള്‍പൊട്ടല്‍ സാധ്യതാ പഠനങ്ങളും, കൂടാതെ പതിവായുള്ള മണ്ണ് പര്യവേക്ഷണവും കഴിഞ്ഞാല്‍, പാഠപുസ്തകത്തിലുള്ളത് തന്റെ കുട്ടികള്ത്തിരി പറഞ്ഞു കൊടുക്കാന്‍ പോലും രതിക്ക് നേരം കിട്ടിയിരുന്നില്ല.
വിരസയാമങ്ങളില്‍ വിഷാദം പുരളുന്നെന്ന് തിരിച്ചറിഞ്ഞതോടെ, പിന്തുടരാന് കഴിയാതിരുന്ന സംഗീതസപര്യ രതിയുടെ ചിന്തയിലെത്തി.
”പാട്ട് കുട്ടിക്കാലം മുതലെ ഇഷ്ടമായിരുന്നു. നാലഞ്ചുകൊല്ലം പഠിച്ചതിനുശേഷം ഗുരുവായൂരിലെ മേല്പുത്തൂര് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയതുമാണ്. എന്നാല്‍, ജീവിത വ്യഗ്രതകള്‍ക്കിടയില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അതുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. ലോക്ഡൗണ്‍ മൂലം ഓഫീസിലെ ജോലിക്കൂമ്പാരങ്ങള്‍ മേലധികാരികളുടെ ചര്‍ച്ചാവിഷയം അല്ലാതായിത്തീര്‍ന്നപ്പോള്‍, പെരിങ്ങോട്ടുകര ശിവന് മാഷിന്റെ കീഴില്‍ കര്‍ണ്ണാടക സംഗീത പഠനം പുനരാരംഭിച്ചു,” രതി പറഞ്ഞു തുടങ്ങി.
പാട്ടു പരിശീലിക്കാന്‍ നാല്‍പ്പതു വയസ്സുവരെ കാത്തിരിക്കേണ്ടതുണ്ടായിരുന്നോയെന്ന് ചോദിച്ചപ്പോള്‍ ”താല്പര്യമുണ്ടെങ്കില് താങ്കളും വരൂ, സരിഗമ പാടാന്‍” എന്നായിരുന്നു രതിയുടെ പ്രതികരണം. കൊവിഡ് കാലമാണ് ആലാപനമൊന്ന് മിനുക്കിയെടുക്കാനുള്ള അവസരം തനിക്കു നല്‍കിയതെന്ന് അടുത്ത സുഹൃത്തുക്കളോട് രതി വിശദീകരിച്ചു.
”കൊവിഡ് കാലത്തെ സംഗീത പുനര്‍പഠനം തീക്ഷണമായൊരു ആത്മവിശ്വാസമാണ് എനിക്ക് നല്‍കിയത്. തിരക്കൊഴിഞ്ഞ സമയമായതിനാല്‍ പല്ലവിക്കൊപ്പം ശ്രുതിയും ചിന്തയില്‍ ചേര്‍ന്നുനിന്നു. ബാല്യം മുതല്‍ കൂടെയുള്ള മൂളിപ്പാട്ടുകള്‍ക്ക് പെട്ടെന്നൊരു പൂര്‍ണ്ണത ലഭിച്ചതുപോലെ.”
ഒരുനാള്‍ ഭര്‍ത്താവ് ജയകുമാര്‍ വീട്ടിലില്ലാത്ത സമയം നോക്കി, ചുണ്ടത്ത് എന്നും എത്താറുണ്ടായിരുന്ന ‘ഉജ്ജയിനിയിലെ ഗായിക, ഉര്‍വ്വശിയെന്നൊരു മാളവിക…’ എന്ന പാട്ട് പാടി, രതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ‘കടല്‍പ്പാലം’ എന്ന സൂപ്പര്‍ഹിറ്റ് പടത്തിലെ വയലാറിന്റെ വരികള്‍, ദേവരാജന്‍ മാസ്റ്റര്‍ ചി്ടപ്പെടുത്തിയ സംഗീതത്തില്‍ പി.ലീല പാടിയത്, അരനൂറ്റാണ്ടായി ശ്രോതാക്കള്‍ ഏറ്റുപാടാന്‍ കാരണം ആ ഗാനത്തിന്റെ മനോഹാരിതയാണ്.
സംഗീതം പഠിക്കാന്‍ വലിയ പിന്തുണയാണ് രതിയുടെ ഭര്‍ത്താവ് നല്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ മുഖപുസ്തകത്തില്‍ പാട്ടുകള്‍ പോസ്റ്റ് ചെയ്യുന്നതിനോടും, അതിനുവേണ്ടി സമയം നഷ്ടപ്പെടുത്തുന്നതിനോടും വിയോജിപ്പായിരുന്നു. ഇക്കാരണത്താലാണ് ഫേസ്ബുക്കിലെ പ്രഥമ സംരംഭത്തിന് അല്പം സ്വകാര്യതയുടെ പരിവേഷമുണ്ടായത്. പക്ഷേ, ‘ഉജ്ജയിനിയിലെ ഗായിക’ സുഹൃത്തുക്കളില്‍നിന്ന് നേടിയ പ്രതികരണമറിഞ്ഞപ്പോള്‍ ഭര്‍ത്താവും സംഗീതപ്രേമികളായ പുത്രി ഗായത്രിയും പുത്രന് സൂര്യയും ‘കട്ട’ സപ്പോര്‍ട്ടു നല്കി.
പ്രശസ്ത ശാസ്താംപാട്ട് ഗായകനും, ഈ അനുഷ്ഠാന കലാരൂപത്തിന്റെ സംസ്ഥാന രക്ഷാധികാരിയുമായ വേണു വെള്ളാനിക്കരയുടെ പുത്രനാണ് രതിയുടെ ഭര്‍ത്താവ്.
”നാലു മാസത്തിനകം അനേകം ഫേസ്ബുക്ക് വീഡിയോകളില്‍ കേശാദിപാദം തൊഴുന്നേന്‍…, രാജശില്പീ നീയെനിക്കൊരു…, രാരീ രാരീരം രാരോ…, ആടിവാ കാറ്റേ… മുതലായവ എന്നെ എത്തിച്ചത് തീരെ പ്രതീക്ഷിക്കാത്തൊരു ഇടത്താണ്. നിരന്തരം പെയ്തിറങ്ങിക്കൊണ്ടിരുന്ന ഫീഡ്ബാക്കുകള്ക്കു പ്രതികരിക്കാന്‍ തന്നെ മണിക്കൂറുകള്‍ വേണമെന്നായി. പ്രിയ ചങ്ങാതിമാര്‍ പറയുന്നത് ശ്രദ്ധിക്കാതെ വയ്യല്ലൊ” രതി പറയുന്നു.
തൃശ്ശൂര്‍ ആര്. വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായ രതിയുടെ ഗുരു ശുദ്ധസംഗീതത്തിന്റെ വക്താവാണ്. എന്നാല്‍, ഉപേക്ഷിക്കാന്‍ കഴിയാത്ത വിധം രതി ഫേസ്ബുക്കില്‍ നിമഗ്നയായിരുന്നു. വളര്‍ന്നുവരുന്ന ഗായികക്ക് സമൂഹമാധ്യമം സമ്മാനിച്ചത് മാസ്മരികമായൊരു പ്രചോദന സ്രോതസ്സല്ലേ!
ലളിതമായ പാട്ടുകളാണ് ഇതുവരെ രതി തിരഞ്ഞെടുത്തതെന്ന നിരീക്ഷണം ചില ചങ്ങാതിമാര്‍ പങ്കുവച്ചപ്പോള്‍ കൂടുതല്‍ ചലഞ്ചിങ്ങായ ഗാനങ്ങള്‍ ഏറ്റെടുത്തു. ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍…, ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…, വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍…, രാജഹംസമേ…, ഋതുഭേദ കല്‍പ്പന…, ഒരു നറുപുഷ്പമായ്…, ഹിമശൈല സൈകത… മുതലായവ ഓരോന്നായി ടൈംലൈനിലെത്തി.
ഹിന്ദി ഗാനങ്ങള്‍ ഇഷ്ടപ്പെടുന്നൊരു ശ്രോതാവ്, ‘കഭീ കഭീ മേരെ ദില്‍ മേം…’ പാടാന്‍ ആവശ്യപ്പെട്ടപ്പോള്‍, ലതാജിയുടെ ആരാധികയായ രതി, ഉച്ചാരണ വൈകല്യങ്ങളൊന്നുമില്ലാതെ ഈ ഗാനം ആലപിക്കാന്‍ പ്രയത്നിക്കേണ്ടിവന്നു.
അമ്പലപ്പുഴ ശ്രീരാഗം സംഗീത സഭ അവരുടെ എഫ്ബി പേജില്‍ ലൈവായി പാടാന്‍ രതിയെ ക്ഷണിച്ചു. പരിപാടി സംഗീതാര്‍ച്ചനയായതിനാല്‍ ഗുരു താല്പര്യം പ്രകടിപ്പിച്ചു. എഫ്ബി-യില്‍ അദ്ദേഹം ഫ്രണ്ടായി തിരിച്ചെത്തി. ഗുരുവിനെ അണ്‍ഫ്രണ്ട് ചെയ്തതില്‍ ശിഷ്യക്ക് തോന്നിയിരുന്ന കുറ്റബോധം അങ്ങനെ കെട്ടണഞ്ഞു. ശ്രീരാഗം പരിപാടി ഒരു സംസ്ഥാനതല സംഗീത വിരുന്നായി മാറുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: