കൊല്ലം: ജില്ലയിലെ മൃഗാശുപത്രികളില്‍ സേവനത്തിന് ആവശ്യമായ ഡോക്ടര്‍മാരില്ലാത്തത് ക്ഷീരകര്‍ഷകരെ വലയ്ക്കുന്നു. പല മൃഗാശുപത്രികളിലും ഡോക്ടര്‍മാര്‍ എത്തുന്നത് വഴിപാട് പോലെയെന്ന് ആക്ഷേപം.
രാത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തത് ഗ്രാമീണ മേഖലയിലെ ക്ഷീരകര്‍ഷകരെയാണ് ഏറെ ദുരിതത്തിലാക്കുന്നത്. പശുവിന്റെ പ്രസവവുമായും മറ്റും ബന്ധപ്പെട്ട് രാത്രികാലങ്ങളില്‍ എന്തെങ്കിലും ചികിത്സ ആവശ്യമായി വന്നാല്‍ അതാത് മൃഗാശുപത്രികളില്‍ ഡോക്ടര്‍മാരെയാണ് ആശ്രയിക്കാറ്. ഇവര്‍ ഇല്ലാത്തതിനാല്‍ ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്നും മറ്റും ഡോക്ടര്‍മാരെ എത്തിക്കേണ്ട സ്ഥിതിയാണ്.
രാത്രികാല സേവനത്തിന് മൃഗാശുപത്രികളില്‍ ഡോക്ടര്‍ ഇല്ലാത്തത് വലിയ പ്രശ്നം സൃഷ്ടിക്കുന്നതായി മൃഗസംരക്ഷണവകുപ്പ് ജീവനക്കാരും പറയുന്നു. ബ്ലോക്ക് പഞ്ചായത്തുകളില്‍ രാത്രികാല സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടര്‍മാര്‍ പലരും സേവനം നിര്‍ത്തി പോയിട്ട് മാസങ്ങളായി. എന്നാല്‍ പകരം നിയമനം നീളുകയാണ്. ഒരു ബ്ലോക്കില്‍ രണ്ട് ഡോക്ടര്‍മാരെയെങ്കിലും നിയമിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
ജില്ലയില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ മൃഗസംരക്ഷണ വകുപ്പില്‍ കടുത്ത പ്രതിസന്ധിയാണ്. മുന്‍കാലങ്ങളില്‍ എംപ്ലോയ്മെന്റ് വഴി താത്കാലിക ഡോക്ടര്‍മാരെ നിയമിച്ചായിരുന്നു പ്രവര്‍ത്തനം. ഇപ്പോള്‍ മൃഗഡോക്ടര്‍മാരുടെ ഒഴിവുകള്‍ വര്‍ധിച്ചതിനാല്‍ താത്കാലിക നിയമനമെങ്കിലും നടത്തി പ്രശ്നം പരിഹരിക്കാനാണ് മൃഗസംരക്ഷണവകുപ്പിന്റെ ശ്രമം.
രാത്രികാല മൊബൈല്‍ ക്ലിനിക്ക് വേണം
ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രീകരിച്ച് രാത്രികാല മൊബൈല്‍ ക്ലിനിക്ക് വേണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പല ബ്ലോക്ക് പഞ്ചായത്തിലും മൊബൈല്‍ ക്ലിനിക് ഉണ്ടെങ്കിലും ഉദ്ഘാടനം കഴിഞ്ഞാല്‍ പിന്നെ എല്ലാം പ്രഹസനമാണ്.
ബ്ലോക്ക് പഞ്ചായത്തുകളില്‍ രാത്രികാല ഡോക്ടറെ നിയമിക്കുന്നതിനൊപ്പം രാത്രികാല മൊബൈല്‍ ക്ലിനിക്കും അത്യാവശ്യമാണ്. ഗ്രാമീണ മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരെ ചികിത്സയ്ക്കായി കൊണ്ടുവരാന്‍ വാഹനത്തിനടക്കം വലിയ ചെലവാണുണ്ടാകുന്നത്. ഇത് സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നില്ല.
അതുകൊണ്ട് തന്നെ അടിയന്തിരമായി കര്‍ഷകരെ സഹായിക്കുന്ന രീതിയില്‍ മതിയായ ഡോക്ടര്‍മാരുടെ സേവനവും രാത്രികാല മൊബൈല്‍ ക്ലിനിക്കും എല്ലാ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും ആരംഭിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: