മുംബൈ: അവധിയാഘോഷം കഴിഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തിരിച്ചെത്തി. ഇനി ഇന്ത്യയെ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ വിജയത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ന് ആരംഭിക്കും. രാവിലെ 9.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയായതിനാല്‍ ഫൈനല്‍ ടെസ്റ്റിലെ വിജയികള്‍ക്ക് പരമ്പര ലഭിക്കും. രണ്ടാം ടെസ്റ്റിന് മഴ ഭീഷണിയുണ്ട്. ആദ്യ ദിനത്തില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് ന്യൂസിലന്‍ഡിന് ഗുണമാകുമെന്നാണ് സൂചന. മഴ നനഞ്ഞ പിച്ചില്‍ പേസര്‍ നീല്‍ വാഗ്നര്‍ അപകടകാരിയായേക്കും. ടിം സൗത്തിയും അവസരം മുതലാക്കിയാല്‍ ഇന്ത്യന്‍ ബാറ്റിങ്നിരയ്ക്ക് ഭീഷണിയാകും.
കോഹ്ലി തിരിച്ചെത്തിയതോടെ ഇന്ത്യ ചില മാറ്റങ്ങളുമായാണ് രണ്ടാം ടെസ്റ്റിനിറങ്ങുക. തുടര്‍ച്ചയായി പന്ത്രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട അജിങ്ക്യ രഹാനെയ്ക്ക് ടീമിലിടം ഉണ്ടാകില്ലെന്നാണ് സൂചന. മറ്റൊരു ടെസ്റ്റ് സ്പെഷ്യലിസ്റ്റായ ചേതേശര്‍ പൂജാരയും ഫോമിലല്ല. എന്നിരുന്നാലും പൂജാരയെ തഴയില്ലെന്നാണ് സൂചന.
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി കുറിച്ച ശ്രേയസ് അയ്യര്‍ക്ക് അവസരം നല്‍കും. അതേസമയം , ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ഒഴിവാക്കും. ആദ്യ ടെസറ്റില്‍ തിളങ്ങിയ ഓപ്പണര്‍ ഗുഭ്മന്‍ ഗില്ലിനൊപ്പം കെ.എസ് ഭരതോ, പൂജാരയോ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്നാണ് സൂചന.
പേസര്‍ ഇഷാന്ത് ശര്‍മ്മയേയും ഒഴിവാക്കിയേക്കും. പകരം മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തും. കാണ്‍പൂരില്‍ കലക്കന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ സ്പിന്‍ ത്രയമായ രവിചന്ദ്രന്‍ അശ്വിന്, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരാണ് രണ്ടാം ടെസ്റ്റിലും ഇന്ത്യയുടെ തുറുപ്പ് ചീട്ടുകള്‍.
ആദ്യ ടെസ്റ്റില്‍ വിട്ടുനിന്ന പേസര്‍ നീല്‍ വാഗ്നര്‍ തിരിച്ചെത്തിയത് ന്യൂസിലന്‍ഡിന്റെ കരുത്ത് കൂട്ടിയിട്ടുണ്ട് . നീല്‍ വാഗ്നറും ടീം സൗത്തിയുമാണ് പേസില്‍ അവരുടെ ശക്തികള്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ടോം ലാഥവുമാണ് ബാറ്റിങ്ങില്‍ കരുത്ത്. ആദ്യ ടെസ്റ്റില്‍ ശക്തമായി പൊരുതിനിന്ന് കിവീകള്ക്ക് സമനില നേടിക്കൊടുത്ത ഇന്ത്യന്‍ വംശജരായ രചിന് രവീന്ദ്രയും അജാസ് പട്ടേലും രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് ഭീഷണിയായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: