മങ്കൊമ്പ്: സിപിഎമ്മില്‍ ഔദ്യോഗിക പക്ഷത്തെ വിഭാഗീയതയും, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഏറ്റുമുട്ടലും നേതൃത്വത്തിന് തലവേദനയായി. വിഎസ് പക്ഷത്തിന്റെ കുത്തകയായിരുന്നു ഒരു കാലത്ത് കുട്ടനാട്. കാലങ്ങളോളം ആധിപത്യം നിലനിര്‍ത്താനും വിഎസ് വിഭാഗത്തിന് കഴിഞ്ഞു. എന്നാല്‍ കുട്ടനാട് രണ്ട് ഏരിയ കമ്മറ്റികളായി വിഭജിച്ച് നേതാക്കളെ അടര്‍ത്തിയെടുത്ത് ഔദ്യോഗിക പക്ഷം ഇരു ഏരിയ കമ്മറ്റികളും പിടിച്ചടക്കുകയായിരുന്നു.
ഇതോടെ അവസാനിച്ചെന്നുകരുതിയ വിഭാഗീയത സമ്മേളനത്തിന്റെ ഭാഗമായി ശക്തിപ്രാപിക്കുകയായിരുന്നു. രാമങ്കരിയിലാണ് ഔദ്യോഗിക വിഭാഗത്തില്‍പ്പെട്ട ഇരുപക്ഷവും നടുറോഡില്‍ ഏറ്റുമുട്ടുന്നത്. പാര്‍ട്ടി ലോക്കല്‍, ഏരിയ, ജില്ലാനേതാക്കള്‍ക്കെല്ലാം സംഭവങ്ങളെക്കുറിച്ചറിവുണ്ടായിട്ടും നടപടിയെടുക്കാത്തതില്‍ പ്രവര്‍ത്തകരില്‍ അമര്‍ഷം പുകയുകയാണ്.
പാര്‍ട്ടിപിടിക്കാന്‍ ചിലര്‍നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിധിവിട്ടിട്ടും നേതൃത്വം കണ്ണടയ്ക്കുകയാണെന്ന് പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും പറയുന്നു. ഒക്ടോബര്‍ മൂന്നിന് ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. മാമ്പുഴക്കരി സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്തംഗവുമായ സജീവ് ഉതുംതറയെയും പാര്‍ട്ടിയംഗം സി.പി. പ്രവീണിനെയുമാണ് മര്‍ദ്ദിച്ചത്. സിപിഎമ്മുകാരാണ് ഈ കേസില്‍ പ്രതികള്‍. കഴിഞ്ഞ ദിവസം പ്രതികള്‍ക്ക് നേരെ മറുപക്ഷം അക്രമം അഴിച്ചുവിട്ടു. ഈ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ നേതൃത്വം നടപടിയെടുക്കാത്തതില്‍ വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഡിവൈഎഫ്ഐ. മേഖലാ സെക്രട്ടറി കെ.ടി. ശരവണന് ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്.
സംഭവത്തില്‍ വ്യക്തമായ തെളിവുകളുണ്ടായിട്ടും നടപടിയെടുക്കാന്‍ നേതൃത്വം മടിച്ചെന്നാണു പരാതി. ബിജെപിയുടെ പേരില്‍ സഹകരണബാങ്ക് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കെതിരേ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്ററിനുപിന്നില്‍ തങ്ങളല്ലെന്ന് ബിജെപി നിഷേധക്കുറിപ്പിറക്കുകയും പോലീസില്‍ പരാതി നല്‍കുകുയും ചെയ്തു. സിപിഎമ്മിലെ വിഭാഗീയതയായിരുന്നു പോസ്റ്ററുകള്‍ക്ക് പിന്നില്‍.
രാമങ്കരി ലോക്കല്‍ കമ്മിറ്റിക്കുകീഴില്‍ 17 ബ്രാഞ്ചുകളാണുള്ളത്. ഇതില്‍ ഏഴിടത്തുമാത്രമേ സമ്മേളനം പൂര്‍ത്തിയായിട്ടുള്ളൂ. അതിനിടെ ഡിവൈഎഫ്ഐ. മേഖലാ സെക്രട്ടറി കെ.ടി. ശരവണന്റെ വീട്ടിലെ സ്കൂട്ടര്‍ കത്തിയസംഭവത്തില് ദുരൂഹതയുണ്ടെന്ന് മറുപക്ഷം ആരോപിക്കുന്നു. വാഹനം കത്തിച്ചത് ഉടമസ്ഥന് തന്നെയാണെന്നാണ് അവരുടെ ആക്ഷേപം. ഇതോടെ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ച് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: