കൊച്ചി: ഇന്നലെ തീ പിടിച്ച എംവി കവരത്തി യാത്രാ കപ്പല്‍ ആന്ത്രോത്ത് ദ്വീപില്‍ എത്തിച്ചു. എഞ്ചിന് റൂമിലായിരുന്നു തീപിടിത്തം ഉണ്ടായത്. കപ്പലിലെ അഗ്നിരക്ഷാ വിഭാഗം ഇടപെട്ട് തീ അണയ്ക്കുകയും ചെയ്തു. ആളപായമൊന്നും ഉണ്ടായിരുന്നില്ല. വൈദ്യുത ബന്ധം തകരാറിലായതോടെ കപ്പലിന്റെ എഞ്ചിന് പ്രവര്‍ത്തനം നിലച്ചു. കപ്പല്‍ ഏറെ നേരം നിയന്ത്രണംവിട്ട് കടലില്‍ അലയുന്ന സാഹചര്യവുമുണ്ടായിരുന്നു. വൈദ്യുതി തടസപ്പെട്ടതോടെ ഫാന്‍, എസി സംവിധാനങ്ങള്‍ നിലച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഉപയോഗിച്ച് കെട്ടിവലിച്ച് കവരത്തിയെ ആന്ത്രോത്ത് ദ്വീപിന് സമീപം എത്തിച്ചു. 624 യാത്രക്കാരും 85 ജീവനക്കാരുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
കൊച്ചിയില്‍ നിന്ന് ചൊവ്വാഴ്ച രാത്രി പുറപ്പെട്ട കപ്പല്‍ കഴിഞ്ഞ ദിവസം രാവിലെ കവരത്തിയിലെത്തിയിരുന്നു. ഇവിടെ നിന്ന് ആന്ത്രോത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. കവരത്തിയില്‍ നിന്ന് 29 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പലുണ്ടായിരുന്നത്. യാത്രക്കരെല്ലാം സുരക്ഷിതരാണെന്നും ഇവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആന്ത്രോത്തിലേക്കുള്ള യാത്രക്കാരെ ഇവിടെയിറക്കും. മറ്റ് ദ്വീപുകളിലേക്കുള്ളവരെ എംവി കോറല്‍ എന്ന കപ്പലിലേക്ക് മാറ്റും. കപ്പലില്‍ ഉണ്ടായിരുന്ന യാത്രക്കാരെല്ലാം ദ്വീപ് നിവാസികളാണെന്നും വിനോദസഞ്ചാരികളായി ആരും ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: