കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറിയായി മടങ്ങിയെത്താനുള്ള കോടിയേരി ബാലകൃഷ്ണന്റെ നീക്കം തടഞ്ഞ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കള്ളപ്പണമിടപാടില്‍ മകന് ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ തുടര്‍ന്നാണ് ചികിത്സയുടെ പേരില്‍ കോടിയേരി ഒരു വര്‍ഷത്തെ അവധിയില്‍ പ്രവേശിച്ചത്.
ഒരു വര്‍ഷമായി എ. വിജയരാഘവനാണ് പാര്‍ട്ടിയുടെ ആക്ടിങ് സെക്രട്ടറി. ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം ലഭിച്ചതു മുതല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്താന്‍ കോടിയേരി ബാലകൃഷ്ണന് ശ്രമമാരംഭിച്ചിരുന്നു. നവംബര്‍ ആദ്യം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടേറിയറ്റിലും കോടിയേരിക്ക് മടങ്ങിയെത്താനായില്ല.
മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും ഇതിനുള്ള നീക്കം നടത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം വരെ കാത്തിരിക്കാനുള്ള സീതാറാം യെച്ചൂരിയുടെ നിര്‍ദേശമാണ് മടങ്ങി വരവു മുടക്കിയത്. ഇതോടെ എ. വിജയരാഘവന് ആക്ടിങ് സെക്രട്ടറിയായി തുടരുകയായിരുന്നു. എറണാകുളത്ത് ഫെബ്രുവരിയിലാകും പാര്‍ട്ടി സംസ്ഥാന സമ്മേളനം. അതുവരെ കോടിയേരി കാത്തിരിക്കണം. യെച്ചൂരിയുടെ ഇടപെടല്‍ പിണറായി-കോടിയേരി അച്ചുതണ്ടിന് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: