ഡോ സുകുമാര്‍ കാനഡ
ധര്‍മ്മശാസ്താവിന്റെ ധര്‍മ്മം ലോകത്ത് സമാധാനം പുനസ്ഥാപിക്കുക എന്നതാണ്. പണ്ട് സപ്തര്‍ഷികളില്‍ ഒരാളായ അത്രിമഹര്‍ഷിയും ഭാര്യ അനസൂയയും ഭഗവാന് വിഷ്ണുവില് അതീവ ശ്രദ്ധാലുക്കളായി കഴിഞ്ഞുവന്നു. അനസൂയയ്ക്ക് വിഷ്ണു തന്റെ പുത്രനായി പിറക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.
ഭക്തയുടെ ആഗ്രഹം നിറവേറ്റാന്‍ ഭഗവാന് അനസൂയയുടെ വയറ്റില്‍ പിറവിയെടുത്തു. ആ കുട്ടിയാണ് പിന്നീട് ദത്താത്രേയന് എന്ന് പ്രസിദ്ധനായത്. ദത്താത്രേയന്, ലീല എന്നു പേരായ ഋഷികയെ വിവാഹം ചെയ്തു. അവര്‍ ഏറെക്കാലം സുഖമായി ജീവിച്ചു. എന്നാല്‍ ദത്താത്രേയന് ലൗകിക ജീവിതം പെട്ടെന്ന് മതിയായി. അദ്ദേഹം സംന്യസിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ലീലയ്ക്ക് സംസാരജീവിതം ആസ്വദിച്ച് മതിയായിരുന്നില്ല. അവര്‍ തമ്മില്‍ തര്‍ക്കമായി. ദത്താത്രേയന് ഭാര്യയെ ശപിച്ചു ‘:നീയൊരു മഹിഷിയായി ഭൂമിയില്‍ പിറക്കട്ടെ. അങ്ങനെ സംസാരമെന്തെന്ന് ശരിക്കും അറിയാനും ആസ്വദിക്കാനും ഇടയാവട്ടെ’.
ലീലയും വിട്ടുകൊടുത്തില്ല. ‘എന്നാല്‍ അങ്ങും ഒരു മഹിഷമായി അവിടെ എനിക്കൊപ്പം പിറക്കട്ടെ’ എന്നൊരു ശാപം അദ്ദേഹത്തിനും കിട്ടി. രണ്ടുപേരും ഭൂമിയില്‍ സഹോദരീ സഹോദരന്മാരായി പിറന്നു. അവിടെ ലീല(മഹിഷി) കഠിനമായ ഒരു തപസ്സു തുടങ്ങി. തനിക്ക് മരണമുണ്ടാവരുത്, തന്നെയാരും തോല്‍പ്പിക്കരുത്, എന്നൊക്കെയുള്ള ആശകളോടെ കഠിനമായ തപസ്സനുഷ്ഠിച്ച് അവള് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി. ബ്രഹ്മാവ് എളുപ്പത്തില്‍ പ്രീതനാവുമെന്ന് പ്രസിദ്ധമാണല്ലോ. മാത്രമല്ല അസുരന്മാരില് പലര്‍ക്കും അസാധാരണങ്ങളായ വരങ്ങള്‍ നല്‍കുന്നതും ബ്രഹ്മാവിന് പതിവാണ്. എന്നിട്ട് അതിന്റെ ബുദ്ധിമുട്ട് അവസാനിപ്പിക്കാന്‍ പരമശിവനോ വിഷ്ണുവോ വേണം താനും. ‘ശിവവിഷ്ണുസംയോഗത്തിലുണ്ടായ ഒരാളല്ലാതെ മറ്റാര്‍ക്കും എന്നെ വധിക്കാന്‍ കഴിയരുത്’. മഹിഷി വരം ചോദിച്ചു. ബ്രഹ്മാവ് വരം നല്കി മറഞ്ഞു.
രണ്ട് ആണ് ദേവതകള്‍ ചേര്‍ന്നാല്‍ കുട്ടികള്‍ ഉണ്ടാവില്ലെന്ന് മഹിഷിക്ക് ഉറപ്പായിരുന്നു. അങ്ങനെയൊരാള്‍ ജനിച്ചില്ലെങ്കില്‍ പിന്നെയാരും, തന്നെ ജയിക്കില്ല എന്ന് അവള് ഊറ്റംകൊണ്ടു.
മഹിഷവും മഹിഷിയും ചേര്‍ന്ന് ലോകത്ത് അതിക്രമം തുടങ്ങി. അവര്‍ ദേവലോകത്ത് ചെന്ന് ഇന്ദ്രസിംഹാസനം കീഴടക്കി. ദേവന്മാര് പേടിച്ചോടി. അത്രിയുടെ പരമ്പരയാണെങ്കിലും അവരിലെ ആസുരാംശം മുന്നിട്ടു നിന്നു. ദേവനും അസുരനും എന്ന തരം തിരിവ് ഒരുവന്റെ ജന്മംകൊണ്ടല്ല പ്രവണതകൊണ്ടാണ് ഉണ്ടാവുന്നത്. പ്രഹ്ലാദന് അസുരകുലത്തില്‍ ജനിച്ചുവെങ്കിലും കര്‍മ്മംകൊണ്ട് ദേവനായിരുന്നുവല്ലോ.
ത്രിലോകങ്ങളും കീഴടക്കിയിട്ട് അവര്‍ ഭൂമിയിലെ ഒരു കാട്ടില്‍ വസിക്കാന്‍ തുടങ്ങി. വന്യമൃഗങ്ങള്‍ക്കും അവരെ പേടിയായിരുന്നു. വെറുതേ തമാശയ്ക്ക് അവര്‍ അക്രമവും കൊലയും നടത്തി. മഹര്‍ഷിമാരെ തപസ്സുചെയ്യാന്‍ സമ്മതിക്കാതെ ഉപദ്രവിച്ചു. അവരുടെ ധ്യാനവും യജ്ഞവും മുടക്കി. മഹിഷത്തിന് ഈ ജീവിതവും പെട്ടെന്ന് മടുത്തു. അങ്ങനെ മഹിഷമായി മാറിയ ദത്താത്രേയന് ദേഹമുപേക്ഷിച്ചു. മഹിഷി തന്റെ വിളയാട്ടം തുടര്‍ന്നു. മഹിഷി, ഭൂമിയിലെ കാട്ടില്‍ ആണെന്നു കണ്ട് ദേവന്മാര് സ്വര്‍ല്ലോകത്തേക്ക ്തിരികെപ്പോയി താമസം തുടങ്ങി. പക്ഷേ മഹിഷിക്ക് അങ്ങനെ വിട്ടുകൊടുക്കാന്‍ മനസ്സില്ലായിരുന്നു. അവള് കൂടെക്കൂടെ സ്വര്‍ഗ്ഗത്തിലും ആക്രമണം നടത്തിവന്നു.
ദേവന്മാര് മഹാവിഷ്ണുവിനെ ചെന്ന് കണ്ടു സങ്കടം പറഞ്ഞു. സൃഷ്ടിക്കപ്പെട്ട ലോകങ്ങളില്‍ മുഴുവന്‍ മഹിഷത്തിന്റെ വിളയാട്ടമാണ്. വിഷ്ണു, ദേവന്മാരെ സഹായിക്കാമെന്നേറ്റു. അങ്ങനെയാണ് മഹേശ്വരന്റെ മുന്നില്‍ വിഷ്ണു ഭഗവാന് മോഹിനീവേഷത്തില്‍ വന്നതും ധര്മ്മശാസ്താവിന് ജന്മം നല്കിയതും. മഹിഷിയെ ഇല്ലാതാക്കാന്‍ തക്ക സമയം കാത്ത് ദേവന്മാരും വിഷ്ണുവും ശാസ്താവിനെ ഭൂമിയിലേക്ക് അയയ്ക്കാന്‍ പദ്ധതിയിട്ടു. മൂന്നു ലോകത്തിനും ശാന്തിയുണ്ടാക്കാനായി മഹിഷിയെ നിഗ്രഹിക്കുക എന്നതാണ് ശാസ്താവിന്റെ ധര്‍മ്മം. എന്നാല്‍ അതിനും സമയം ഒത്തുവരണമല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: