ന്യൂദല്‍ഹി: പാര്‍ലമെന്‍റില്‍ അപമര്യാദയായി പെരുമാറിയ 12 പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കുന്നതിനുള്ള അപേക്ഷ രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളിക്കളഞ്ഞു.
സസ്‌പെന്‍ഷനിലായ എംപിമാര്‍ക്ക് ഇപ്പോഴും അവര്‍ നടത്തിയ അപമര്യാദയോടെയുള്ള പെരുമാറ്റത്തില്‍ കുറ്റബോധമില്ലെന്നും നായിഡു അഭിപ്രായപ്പെട്ടു. എളമരം കരീം (സിപിഎം), ബിനോയി വിശ്വം (സിപിഐ), ഫുലോ ദേവി നേതം, ഛായ വര്‍മ, റിപുന്‍ ബോറ, രാജമണി പട്ടേല്‍, സഈദ് നസീര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ് (കോണ്‍ഗ്രസ്), ദോള സെന്‍, ശാന്ത ഛേത്രി (തൃണമൂല്‍), പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി (ശിവസേന) എന്നിവരെയാണ് രാജ്യസഭയില്‍ നിന്നും അപമര്യാദയായി പെരുമാറിയതിന് സസ്‌പെന്‍ഡു ചെയ്തത്. പാര്‍ലമെന്‍റ് ശീതകാലസമ്മേളനത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഇവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ല.
കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ആഗസ്ത് 11നാണ് ഈ അംഗങ്ങളുടെ മര്യാദലംഘിച്ചുള്ള പെരുമാറ്റമുണ്ടായത്. ‘സസ്‌പെന്റ് ചെയ്ത എംപിമാര്‍ ഇതുവരെയും കുറ്റബോധം പ്രകടിപ്പിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ അഭ്യര്‍ത്ഥന ഞാന്‍ പരിഗണിക്കുന്നില്ല. സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ല’- നിലപാട് കടുപ്പിച്ച് വെങ്കയ്യ നായിഡു പറഞ്ഞു.
പ്രതിപക്ഷം ഒന്നടങ്കം 12എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് രോഷത്തോടെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അത് തള്ളിക്കളഞ്ഞുകൊണ്ട് വെങ്കയ്യ നായിഡുവിന്റെ പ്രഖ്യാപനമുണ്ടായത്. ഈ ആവശ്യമുന്നയിച്ച് പ്രതിപക്ഷനേതാക്കള്‍ പാര്‍ലമെന്‍റ് പരിസരത്തെ ഗാന്ധിപ്രതിമയ്‌ക്ക് നേരെ വാക്കൗട്ട് നടത്തിയെങ്കിലും വെങ്കയ്യ നായിഡു കുലുങ്ങിയില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, തൃണമൂല്‍ ഉള്‍പ്പെടുള്ള പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ വാക്കൗട്ടില്‍ പങ്കെടുത്തിരുന്നു. ‘ജനാധിപത്യത്തില്‍ പാര്‍ലമെന്‍റില്‍ വാക്കൗട്ട് നടത്താന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ട്….എന്നാല്‍ പാര്‍ലമെന്‍റ് സമ്മേളനം തുടരും,’ വെങ്കയ്യ നായിഡു പറഞ്ഞു.
കഴിഞ്ഞ മണ്‍സൂണ്‍കാല സഭാസമ്മേളനത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ നിലവാരമില്ലാത്ത പ്രതിഷേധത്തില്‍ വെങ്കയ്യ നായിഡു ഏറെ ദുഖിതനായിരുന്നു. ഏറെ പരിചയസമ്പന്നനായ പാര്‍ലമെന്‍റേറിയന്‍ കൂടിയായ വെങ്കയ്യ നായിഡു പ്രതിപക്ഷ അംഗങ്ങളുടെ പെരുമാറ്റം കണ്ട് പൊട്ടിക്കരയുക കൂടി ചെയ്തിരുന്നു. വാച്ച് ആന്‍റ് വാര്‍ഡര്‍മാരെ മര്‍ദ്ദിക്കുക, ഡസ്‌കില്‍ കയറിനിന്ന് പാര്‍ലമെന്‍റ് രേഖകള്‍ ചീന്തിയെറിയുക, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി നടത്തുളത്തിലേക്ക് തള്ളിക്കയറുക, ഉറക്കെ മുദ്രാവാക്യം മുഴക്കുകയും ബഹളംവെയ്‌ക്കുകയും ചെയ്യുക എന്നിങ്ങനെ പല നിരുത്തരവാദപരമായ പെരുമാറ്റവും അവരില്‍ നിന്നുണ്ടായതിന്റെ പേരില്‍ അന്നേ ശക്തമായ വിമര്‍ശനവും ഇതിനെതിരെ വെങ്കയ്യ നായിഡു ഉന്നയിച്ചിരുന്നു. പ്രതിപക്ഷബഹളം മൂലം കഴിഞ്ഞ മണ്‍സൂണ്‍കാല സമ്മേളനം രണ്ടു ദിവസം മുമ്പേ നിര്‍ത്തിവെയ്ച്ച് ലോക്‌സഭയും രാജ്യസഭയും പിരിച്ചുവിട്ടിരുന്നു.
ആഗസ്ത് 11ന് മാര്‍ഷല്‍മാര്‍ പ്രതിപക്ഷത്തെ വനിതാ എംപിമാരെ കയ്യേറ്റം ചെയ്തു എന്നായിരുന്നു ആരോപണം. അന്ന് നീലവസ്ത്രങ്ങള്‍ ധരിച്ച മാര്‍ഷര്‍മാര്‍ പ്രതിപക്ഷഅംഗങ്ങളെ നടുത്തളത്തിലേക്ക് ഇറങ്ങാനാവാത്ത വിധം തടയുന്നതിന്റെ വീഡിയോ റിപ്പബ്ലിക് ടിവി പുറത്തുവിട്ടിരുന്നു. അന്ന് വൈകീട്ട് തൃണമൂല്‍ എംപി ഡോള സെന്‍ പാര്‍ലമെന്റിലേക്ക് പ്രവേശിക്കുകയായിരുന്ന പീയുഷ് ഗോയലിനെയും പ്രല്‍ഹാദ് ജോഷിയെയും തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഛായാ വര്‍മ്മയും ഫുലോ ദേവി നേതവും ഒരു വനിതാ മാര്‍ഷലിന്റെ തലയ്‌ക്കടിച്ചത്. ഇതിന്റെ വ്യക്തമായ വീഡിയോ റിപ്പബ്ലിക്ക് ടിവി പുറത്തു വിട്ടിരുന്നു. മറ്റ് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി, പാര്‍ലമെന്‍റ് പേപ്പറുകള്‍ വലിച്ചെറിഞ്ഞ്, ബെഞ്ചുകളില്‍ കയറി നിന്ന് മാര്‍ഷലുകളെ കൈകാര്യം ചെയ്ത് നീങ്ങുന്ന രംഗങ്ങളുടെ വീഡിയോയും ലഭ്യമാണ്. എന്നിട്ടും പ്രതിപക്ഷം ഒന്നും ചെയ്തിട്ടില്ലെന്ന വിശദീകരണമാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നടത്തുന്നത്. പാര്‍ലമെന്‍റിലെ വില പിടിച്ച ഏറെ സമയം പ്രതിപക്ഷ ബഹളം കാരണം പാഴായിപ്പോയതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: