കൊച്ചി: നിയമങ്ങള്‍ സാധാരണക്കാരിലെത്തിക്കാന്‍ അഭിഭാഷകര്‍ പ്രതിജ്ഞാബന്ധരാകാണമെന്ന് ആര്‍എസ്എസ് മുന്‍ സര്‍കാര്യവാഹ് ഭയ്യാജി ജോഷി. കൊച്ചിയില്‍ ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന കാര്യാലയത്തിന്റെയും നിയമ പഠന ഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതികളില്‍ ആയിരക്കണക്കിന് കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇതില്‍ ശബരിമല അടക്കം ആചാരപരമായും വിശ്വാസപരമായുള്ള നിരവധി കേസുകള്‍ ഉള്‍പ്പെടുന്നു. എല്ലാ കേസുകളും കാലതാമസം കൂടാതെ കോടതികളില്‍ എടുപ്പിക്കാന്‍ അഭിഭാഷകര്‍ തയ്യാറാവണം. കോടതികള്‍ സമൂഹത്തിന്റെ നന്മയ്ക്കും ഉയര്‍ച്ചയ്ക്കും വേണ്ടിയുള്ളതാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങള്‍ പരിഗണിക്കുന്നതാകണമത്. കോടതി ഭാഷകള്‍ എല്ലാവര്ക്കും മനസിലാകുന്നതാകണം. ഇതിന് പ്രാദേശിക ഭാഷകള്‍ക്ക് ഊന്നല്‍ നല്‍കണം. നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സാധാരണക്കാരോട് സഹാനുഭൂതി പുലര്‍ത്തുകയും നിയമങ്ങള്‍ സാധാരണക്കാരിലെത്തിക്കുകയും വേണം. ദേശീയ തലത്തിലുണ്ടായ നിരവധി പ്രതിസന്ധി ഘട്ടങ്ങളില്‍ നിയപരമായ പരിഹാരങ്ങള്‍ മുന്നോട്ടു വച്ച് അഭിഭാഷക പരിഷത്ത് നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്.
രാജ്യത്തെ ജയിലുകളില്‍ നിരപരാധികളായ ആയിരക്കണക്കിന് ആളുകള്‍ ശിക്ഷിക്കപ്പെട്ട് കിടക്കുന്നുണ്ട്. ഇവരെ സഹായിക്കാന്‍ ആരും തയ്യാറാവുന്നില്ല. ഇത്തരക്കാരെ കൃത്യമായി കണ്ടെത്തി നിയമസഹായം നല്കാന് അഭിഭാഷകര്‍ തയ്യാറാവണം. സമൂഹത്തിലെ പിന്നാക്ക ദുര്‍ബല വിഭാഗങ്ങള്‍ക്ക് നിയമസഹായം നല്കാന് അഭിഭാഷകര്‍ മുന്നോട്ട് വരണമെന്നും ഭയ്യാജി ജോഷി പറഞ്ഞു.
ദേശീയതയിലധിഷ്ഠിതമായ, മൂല്യബോധമുള്ള അഭിഭാഷക സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ സംസാരിച്ച അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ആര്. രാജേന്ദ്രന് പറഞ്ഞു. അഭിഭാഷക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ എസ്. രാജേന്ദ്രന് അധ്യക്ഷനായി. ദേശീയ വര്‍ക്കിങ് വൈസ് പ്രസിഡന്റ് അഡ്വ.കെ. ശ്രീനിവാസ മൂര്‍ത്തി, ജനറല്‍ സെക്രട്ടറി അഡ്വ.ഡി. ഭരത് കുമാര്‍, സ്ഥാപക പ്രസിഡന്റ് അഡ്വ. ഗോവിന്ദ് കെ. ഭരത്, മുന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അഡ്വ.പി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: