തിരുവനന്തപുരം : വാക്സിനെടുക്കാത്ത അധ്യാപകരോട് അനുഭാവ പൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്, എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനാണ് മുന്‍ഗണന. വാക്‌സിന്‍ എടുക്കാതെ അധ്യാപകര്‍ ക്ലാസ്സില്‍ വരുന്ന നടപടി പ്രോത്സാഹിപ്പിക്കില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
വാക്സിനെടുക്കാതെ സ്‌കൂളില്‍ വരരുതെന്നാണ് സര്‍ക്കാര്‍ മാര്‍ഗരേഖ. വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടത്. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ ശക്തമാക്കണമെന്നും വാക്സിന്‍ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വാക്സിനേഷന്‍ ചെയ്യാത്ത അധ്യാപകരെ സ്‌കൂളില്‍ എത്താന്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും കാര്യങ്ങള്‍ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും തുടര്‍ നടപടികള്‍ കൂടിയാലോചനയ്‌ക്ക് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഷയം ഉന്നതതല സമിതിയെയും ദുരന്ത നിവാരണ സമിതിയെയും അറിയിക്കും. സ്‌കൂളുകളുടെ സമയം നീട്ടുന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും നല്ല രീതിയിലാണ് ക്ലാസുകള്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞ കണക്ക് അനുസരിച്ച് 2282 അധ്യാപകരും 327 അനധ്യപകരും വാക്‌സിനെടുത്തിട്ടില്ലെന്നാണ്. എന്നാല്‍ ഇപ്പോള്‍ 5000ഓളം അധ്യാപകര്‍ വാക്‌സിനെടുക്കാത്തതായി ഉണ്ടെന്നാണ് മന്ത്രി പറയുന്നത്. അതേസമയം അധ്യാപകരില്‍ വാക്‌സിനെടുക്കാത്തതിന് എത്രപേര്‍ അലര്‍ജി അടക്കമുള്ള ആരോഗ്യപരമായ കാരണങ്ങളാല്‍, മതപരമായകാരണങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ചുള്ള കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നില്ല. സ്‌കൂള്‍ തുറന്ന സമയത്ത് ഡിഡിഇമാര്‍ നല്‍കിയ വിവരം അനുസരിച്ചാണ് മന്ത്രി എണ്ണം പറഞ്ഞത്. അന്ന് രണ്ടാഴ്ചത്തേക്ക് ഈ അധ്യാപകരോട് സ്‌കൂളില്‍ വരേണ്ടെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.
പക്ഷെ ഒരു മാസം പിന്നിടുമ്പോഴും ഇവരുടെ കാര്യത്തില്‍ ഒരു തീരുമാനവുമായിട്ടില്ല. ഇപ്പോഴും വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് ഈ അധ്യാപകരെ ഉപയോഗിക്കുന്നത്. മതപരമായ കാരണങ്ങളാല്‍ വാക്‌സീനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ വാക്‌സീന്‍ എടുക്കുന്നതില്‍ നിന്ന് ഒഴിവാക്കി ഉത്തരവിട്ട് സ്‌കൂളില്‍ വരാന്‍ അനുവദിക്കണമെന്നാണ് എയ്ഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷനും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: