ഇടുക്കി: ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ വിസമ്മതിച്ചപ്പോള്‍ സിപിഎമ്മും സര്‍ക്കാരും നടത്തിയ വേട്ടയാടലിനെക്കുറിച്ച് പരാതി പറഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥനോട് ആത്മഹത്യ ചെയ്തോളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചതായി വെളിപ്പെടുത്തല്‍. സിപിഎമ്മിന്റെ ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കാതിരുന്നതിന്റെ പേരില്‍ പാര്‍ട്ടിയും സര്‍ക്കാരും ക്രൂരമായി വേട്ടയാടിയതിന്റെ വിശദാംശങ്ങള്‍ കെഎപി അഞ്ചാം ബറ്റാലിയന് കമാന്‍ഡന്റ് ആയിരുന്ന കോട്ടയം ജില്ലക്കാരന് കെ. രാധാകൃഷ്ണന് ജന്മഭൂമിയോടു പങ്കുവച്ചു.
കള്ളക്കേസ് എടുത്ത് തുടര്‍ച്ചയായി കുടുക്കിയതോടെ കേസ് നടത്തി സ്വന്തം വീട് വരെ നഷ്ടപ്പെട്ട് ഇനിയെന്ത് എന്നറിയാതെ കുഴയുകയാണ് രാധാകൃഷ്ണന്. സിപിഎമ്മിന്റെ ഇംഗിതത്തിനു വഴങ്ങിയില്ലെങ്കില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ചെന്നെത്തുന്ന ദയനീയാവസ്ഥയാണ് രാധാകൃഷ്ണന്റെ ജീവിതം തെളിയിക്കുന്നത്. സഹികെട്ട് 2018ല്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് സഹായം തേടി. താനും കുടുംബവും ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണെന്ന് അറിയിച്ചപ്പോള്‍ എന്നാല്‍ അതായിരിക്കും നല്ലതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്ന് രാധാകൃഷ്ണന് ജന്മഭൂമിയോടു പറഞ്ഞു.
തലശ്ശേരിയില്‍ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത് 2006 ഒക്ടോബര്‍ 26ന്. സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു കൊലപാതകം. അന്നത്തെ കണ്ണൂര്‍ ഡിഐജിയാണ് ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലെ ഡിവൈഎസ്പി ആയിരുന്ന കെ. രാധാകൃഷ്ണന് അന്വേഷണച്ചുമതല കൈമാറിയത്. തൊട്ടുമുമ്പ് സങ്കീര്‍ണമായ ഏഴു കേസുകള്‍ തെളിയിച്ചതിന്റെ ട്രാക്ക് റെക്കോര്‍ഡ് പരിഗണിച്ചായിരുന്നു ഇത്. ഇരുപതംഗ സംഘത്തിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നറിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ രാധാകൃഷ്ണനെ നീക്കി. കള്ളക്കേസുകളുടെ തുടര്‍ച്ചയായിരുന്നു പിന്നീടെന്ന് രാധാകൃഷ്ണന് പറയുന്നു. സിപിഎമ്മുകാരുടെ മര്‍ദനമേറ്റ സാഹചര്യം വരെയുണ്ടായി.
ഫസല്‍ വധത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതികളാക്കാനുള്ള നീക്കമാണ് നടന്നത്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് നേരിട്ട് വിളിപ്പിച്ച് ചാര്‍ജ് ഷീറ്റ് നല്കാന് നിര്‍ദേശിച്ചു. എന്നാല്‍ കുറ്റക്കാരല്ലെന്ന് കണ്ടതോടെ സിപിഎമ്മിന്റെ എതിര്‍പ്പ് മറികടന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ വിട്ടയച്ചു. കൊലപാ
തകം നടന്ന സ്ഥലത്ത് ആക്ടീവായിരുന്ന മുന്നൂറോളം കോളുകള്‍ പരിശോധിച്ചു. കാരായി ചന്ദ്രശേഖരന് പുലര്‍ച്ചെ 3.45ന് കാരായി രാജനെ പാര്‍ട്ടി ഓഫീസില്‍ നിന്നടക്കം വിളിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണന് വിളിപ്പിച്ച് അദ്ദേഹത്തെ അറിയിച്ച ശേഷമേ പാ
ര്‍ട്ടി നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാവൂ എന്ന് നിര്‍ദേശിച്ചു. കേസിലെ രണ്ട് പ്രധാന സാക്ഷികള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. രാധാകൃഷ്ണന്റെ അന്വേഷണം കൃത്യമായ ദിശയിലായിരുന്നെന്നും ക്രൈംബ്രാഞ്ചിന്റേത് തെറ്റായ ദിശയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫസലിന്റെ ഭാര്യ മറിയം ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി രണ്ട് കേസ് ഡയറികളും വിളിപ്പിച്ചു. ക്രൈംബ്രാഞ്ചിന്റേത് കെട്ടിച്ചമച്ച കഥയാണെന്ന് കണ്ടെത്തി രൂക്ഷ ഭാഷയില്‍ ശാസിച്ചു. രാധാകൃഷ്ണന്റെ അന്വേഷണത്തെ അഭിനന്ദിച്ചു. 2009ല്‍ കേസ് സിബിഐയ്ക്ക് കൈമാറി. എട്ടു സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് 2012ല്‍ കണ്ടെത്തി.
രാധാകൃഷ്ണന് 2016ലാണ് ഐപിഎസ് ലഭിച്ചത്. ഇതിന് ആറ് ദിവസം മുമ്പ് രണ്ടാമത്തെ സസ്പെന്ഷന് നല്കി. നാലര വര്‍ഷത്തോളം കേസ് നടത്തിയാണ് 2020 ആഗസ്തില്‍ ജോലിയില്‍ തിരിച്ചു കയറിയത്. കഴിഞ്ഞ ഏപ്രില്‍ മുപ്പതിന് വിരമിക്കുന്നതിന്റെ തലേന്ന് വൈകിട്ട് 4.30ന് പ്രത്യേക ദൂതന് വഴി ചീഫ് സെക്രട്ടറിയുടെ മെമ്മോ നേരിട്ടു നല്കി. പെന്‍ഷനടക്കമുള്ള ആനൂകൂല്യങ്ങള്‍ തടയാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കമായിരുന്നു ഇത്, രാധാകൃഷ്ണന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: