ന്യൂദല്‍ഹി: ഇന്ത്യന്‍ താരം വിരാട് കോഹ്ലി രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടിയിട്ട് രണ്ട് വര്‍ഷം. 2019 നവംബര്‍ 23നാണ് കോഹ്ലി അവസാനമായി നൂറ് കടന്നത്. കൂടുതല്‍ സെഞ്ചുറി നേടി റെക്കോഡുകള്‍ മറികടക്കുന്ന കോഹ്ലി എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രതാപ കാലത്തിന്റെ നിഴലിലാണ്.
ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനിലായിരുന്നു അവസാന സെഞ്ചുറി. അന്ന് 194 പന്തില്‍ 136 റണ്‍സ് നേടി. 70-ാം സെഞ്ചുറിയുമായിരുന്നു അന്ന് കോഹ്ലി നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരവുമാണ് കോഹ്ലി. നേരത്തെ ഇതിഹാസ താരങ്ങളായ സച്ചിന് തെന്‍ഡുല്‍ക്കര്‍, ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ് എന്നിവരാണ് ഈ നേട്ടത്തിലെത്തിയത്. സച്ചിന് 100 സെഞ്ചുറികളും പോണ്ടിങ് 71 സെഞ്ചുറികളും നേടി.
നിലവില്‍ കളിക്കുന്നവരില്‍ ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറാണ് കോഹ്ലിക്ക് പിന്നിലുള്ളത്. വാര്‍ണര്‍ 43 സെഞ്ചുറികള്‍ സ്വന്തം പേരിലാക്കി. രോഹിത് ശര്‍മ്മ 41 സെഞ്ചുറി നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോഹ്ലി പല തവണ 90കളിലും 80കളിലും എത്തിയെങ്കിലും നൂറ് കടന്നില്ല. 33 കാരനായ കോഹ്ലി സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ചുറികളെന്ന റെക്കോഡിലെത്തുമോയെന്ന കൗതുകത്തിലുമാണ് ആരാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: