കവനമന്ദിരം പങ്കജാക്ഷന്
ശന്തനുവിന് ഗംഗയിലുണ്ടായ ഏഴു സന്തതികളെയും ഗംഗ നദിയിലെറിഞ്ഞുകൊന്നു. എട്ടാമനെ ശന്തനുവിന്റെ അടങ്ങാത്ത ആഗ്രഹപ്രകാരം തിരിച്ചുകൊടുത്തു. അയാളാണു ഗംഗാദത്തന് എന്ന പേരുള്ള ഭീഷ്മര്‍. ഗംഗ കൊണ്ടുപോയി വളര്‍ത്തിയ ഭീഷ്മരെ ശന്തനുവിനു ഗംഗാതീരത്തുവെച്ചു തിരിച്ചേല്പ്പിക്കുമ്പോള് ഭീഷ്മര്‍ക്കു പ്രായം 32 വയസ്സ്.
കൃഷ്ണന് ഭീഷ്മനെ നേരിടുന്നു
മൂന്നാം ദിവസത്തെ യുദ്ധത്തില്‍ ഭീഷ്മരും അര്‍ജ്ജുനനും ഘോരമായി ഏറ്റുമുട്ടിക്കൊണ്ടിരുന്നു. ഭീഷ്മര്‍ പാണ്ഡവപക്ഷത്തെ അനേകം പ്രബലരെ കൊല്ലുകയും വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. ഭീഷ്മരെ വധിച്ചില്ലെങ്കില്‍ യുദ്ധം ജയിക്കാന്‍ സാധിക്കുകയില്ലെന്നു കൃഷ്ണനും വിചാരിച്ചു.
ഒരുവേള അര്‍ജ്ജുനനും ഭീഷ്മരും ഉഗ്രമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കെ കുപിതനായിത്തീര്‍ന്ന കൃഷ്ണന് എല്ലാം മറന്ന് തേര് നിറുത്തി, കടിഞ്ഞാണ്‍വിട്ട,് ചാട്ടവാറുപേക്ഷിച്ച് ഭീഷ്മരുടെ നേരേ തന്റെ ചക്രവുമെടുത്തുകൊണ്ടു പാഞ്ഞു. അതുകണ്ടു നിശ്ചേഷ്ടനായി ഭീഷ്മര്‍ നിന്നു. കൃഷ്ണനെ വിഷ്ണുവെന്നു കണ്ടു സ്തുതിച്ചു. സ്തുതികേട്ടിട്ടും കൃഷ്ണന് കുപിതനായി ഇങ്ങനെ പറഞ്ഞു: ‘നീ മൂലമാണ് ഈ ലോകനാശം വരുന്നത്. നീ ദുര്യോധനനെ പോഷിപ്പിക്കുകയല്ലേ? ധര്‍മ്മത്തില്‍ നില്ക്കുന്ന മന്ത്രി ധര്‍മ്മത്തെ വിട്ട രാജാവിനെ ഉപദേശിക്കേണ്ടതല്ലേ? അവനെ പരിത്യജിക്കേണ്ടതല്ലേ?’
‘ദൈവനിശ്ചയ’മെന്നേ ഭീഷ്മര്‍ മറുപടി പറഞ്ഞുള്ളു. പെട്ടെന്നു തേര്‍വിട്ട് ഓടിയെത്തിയ പാര്ത്ഥന് കൃഷ്ണന്റെ കൈകളില്‍ പിടിച്ചു തടയാന്‍ ശ്രമിച്ചു. അര്ജ്ജുനനെക്കൂടി വലിച്ചുകൊണ്ടു കൃഷ്ണന് മുന്നോട്ടാഞ്ഞു. ഭീഷ്മന്റെ നേര്ക്കാഞ്ഞ കൃഷ്ണനെ പാര്ത്ഥന് ബലമായി കാലൂന്നിനിന്നു വലിച്ചുനിര്‍ത്തി. കൃഷ്ണന് നിന്നപ്പോള്‍ അര്ജ്ജുനന് കൃഷ്ണന്റെ കാല്ക്കല് വീണുകൊണ്ട് കോപമടക്കാന്‍ യാചിച്ചു. ‘നീ തുണയുണ്ടെങ്കില്‍ ഞാന്‍ കുരുക്കളെക്കൊന്നു മുടിച്ചുകൊള്ളാം’ എന്നു പറഞ്ഞുകൊണ്ടു പാര്ത്ഥന്, കൃഷ്ണന് ചെയ്ത പ്രതിജ്ഞകളെയും നിയമങ്ങളെയും ഓര്‍മ്മപ്പിച്ചു. കൃഷ്ണന് തിരിച്ചുപോയി തേരില്‍ കയറി കടിഞ്ഞാണെടുത്തു; മറുകൈയില്‍ ശംഖവും. ഉടനെ കൃഷ്ണന് തന്റെ പാഞ്ചജന്യം മുഴക്കി. യുദ്ധം വീണ്ടും അരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: