പ്രൊഫ. കെ. കെ. കൃഷ്ണന് നമ്പൂതിരി
സത്യധര്‍മ്മങ്ങളില്‍ നിന്ന് ഒരിക്കലും വ്യതിചലിക്കരുതെന്ന് ഭാരതീയാചാര്യന്മാര് നിര്‍ബന്ധിക്കുന്നുണ്ട്. ഭാരതീയ ജീവിതചര്യയ്ക്കു തന്നെ ധര്‍മ്മം എന്നാണ് പേരു നല്‍കിയിരിക്കുന്നത്. വ്യക്തിധര്‍മ്മം, ഗൃഹസ്ഥധര്‍മ്മം, നാരീധര്‍മ്മം, പാതിവ്രത്യധര്‍മ്മം ഇങ്ങനെ ജീവിത ചര്യകള്ക്കെല്ലാം അനുവര്‍ത്തിച്ചു വരുന്ന അഥവാ അനുവര്‍ത്തിക്കേണ്ട മര്യാദകള്‍ അനേകമുണ്ട്. സ്മൃതികളില്‍ വളരെ വിപുലമായി ഇവയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. പുരാണങ്ങളില്‍ സോദാഹരണം ഇവയെപ്പറ്റി സവിസ്തരം പ്രപഞ്ചനം ചെയ്തിട്ടുണ്ട്.
സ്മൃതിപുരാണാദികള്ക്ക് ഉപരിയുള്ളവയാണ് ഉപനിഷത്തുകളും (ആരണ്യകങ്ങളും) ബ്രാഹ്മണങ്ങളും വേദങ്ങളും. ഇവയില്‍ പലകാര്യങ്ങളും വളരെ സൂക്ഷ്മരൂപത്തിലാണ് പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. ഹൈന്ദവര്‍ പരമമായ ആധികാരികത കല്പ്പിച്ചിരിക്കുന്നത് ഇവയ്ക്കാണ്. ഹൈന്ദവ സാഹിത്യത്തിലും ചിന്തയിലും ആചാരങ്ങളിലും എല്ലാം വേദത്തെ പരമപ്രമാണമായി സ്വീകരിച്ചിരിക്കുന്നു. ഹിന്ദുധര്‍മ്മം സനാതന ധര്‍മ്മമാണ്. ‘വേദോളഖിലോ ധര്‍മ്മമൂലഃ’ എന്നാണ് മനുസ്മൃതിയില്‍ പ്രസ്താവിച്ചിട്ടുള്ളത്.
കാര്യാകാര്യങ്ങളുടെ വ്യവസ്ഥിതിയില്‍ പ്രമാണമായി സ്വീകരിക്കേണ്ടത് വേദശാസ്ത്രത്തെയാണ് എന്ന് ഗീതാചാര്യന് ഉപദേശിച്ചിട്ടുണ്ട്. ഇക്കാര്യം ദൃഢമായി ധരിപ്പിക്കുന്നതിനു കൂടിയാണ് വേദങ്ങളെ അപൗരുഷേയങ്ങളായി പ്രഖ്യാപിക്കുന്നതും ന്യായശാസ്ത്രപ്രോക്തമായ പ്രത്യക്ഷാദി പ്രമാണങ്ങളില്‍ ശബ്ദവും ഒരു പ്രമാണമായി ഉള്‍പ്പെടുത്തി അംഗീകരിച്ചു വരുന്നതും.
വ്രതാദികളിലെ വിശ്വാസം ഈശ്വരപ്രസാദത്തിനും സത്സംഗത്തിനും സ്വന്തം ജീവിതത്തില്‍ കൂടുതല്‍ മനുഷ്യത്വവും സാത്വികതയും വരുത്തുന്നതിനും കാമക്രോധാദികളെ ഒഴിവാക്കുന്നതിനും ഉദ്ദേശിച്ച് ഹിന്ദുധര്‍മ്മത്തില്‍ അനേകം അനുഷ്ഠാനങ്ങള്‍ ആചരിക്കുന്ന പതിവുണ്ട്. തീര്‍ത്ഥസ്നാനങ്ങളില്‍ പോയി സ്നാനാദികള്‍ നടത്തുന്നതിന്റെ ഉദ്ദേശ്യവും ഇതൊക്കെ തന്നെയാണ്. വിവിധ മൂര്‍ത്തികളുമായി ബന്ധപ്പെടുത്തിയും ഇവയ്ക്ക് പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു.
ഹരിദ്വാരം, കാശി, രാമേശ്വരം, നൈമിഷാരണ്യം, പ്രയാഗ, ഗയ, ബദരീനാഥം, കേദാരനാഥം, ഗംഗോത്രി, യമുനോത്രി, ഹിമാലയം, പമ്പാ, പ്രഭാസം, മധുര, ദ്വാരക, കൈലാസം, കന്യാകുമാരി തുടങ്ങിയവ ഹൈന്ദവര്‍ക്ക് പുണ്യതീര്‍ത്ഥങ്ങളും ഗംഗ, യമുന, കൃഷ്ണ, ഗോദാവരി, കാവേരി തുടങ്ങിയവ പുണ്യനദികളമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: