ന്യൂദല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് തനിക്ക് ജ്യേഷ്ഠനാണെന്ന പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് നവജ്യോത് സിങ് സിദ്ധുവിന്റെ പ്രസ്താവനയില്‍ പ്രതിഷേധം ശക്തമാകുന്നു. ആദ്യം സ്വന്തം മക്കളെ അതിര്ത്തിയിലയച്ചിട്ട് വേണം ഭീകരരാജ്യത്തിന്റെ തലവനെ വല്യേട്ടനെന്ന് വിളിക്കാനെന്ന് ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ പറഞ്ഞു.
കശ്മീര്‍ താഴ്വരയില് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ വീണത് നാല്പത് ഇന്ത്യന്‍ പൗരന്മാരുടെ ചോരയാണ്. സിദ്ധുവിന്റെ വായില്‍ നിന്ന് അവര്‍ക്ക് വേണ്ടി ഒരു വാക്ക് പോലും പൊഴിഞ്ഞ് കേട്ടില്ല. കര്‍ത്താര്‍പൂര്‍ സാഹിബിലെ വല്യേട്ടന് വേണ്ടി കോണ്‍ഗ്രസ് നേതാവ് ഇപ്പോള്‍ സ്തുതി പാടുകയാണ്. ജീവന് നല്‍കിയും നാടിനെ കാക്കാന്‍ തയ്യാറായി നില്ക്കുന്ന ധീരസൈനികരെ അപമാനിക്കുകയാണ് സിദ്ധുവെന്ന് ഗംഭീര്‍ കുറ്റപ്പെടുത്തി.
കര്‍ത്താര്‍പൂര്‍ സാഹിബില്‍ പോയി പാക് കരസേനാ മേധാവി ബജ്വയെ സിദ്ധു കെട്ടിപ്പുണര്‍ന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജ്യസുരക്ഷയ്ക്കുവേണ്ടി പ്രയത്നിച്ചപ്പോള്‍ അദ്ദേഹത്തെ പിന്നില്‍നിന്ന് കുത്തി. ഇതില്‍പ്പരം നാണക്കേട് മറ്റെന്താണെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. ‘എസി റൂമിലിരുന്ന് വര്‍ത്തമാനം പറയുന്നത് എളുപ്പമാണ്, രാജ്യത്തിനായി ജീവന് വെടിഞ്ഞ സൈനികരുടെ കുടുംബങ്ങളെ അറിയണം. അവരുടെ സഹനതയും സാഹസവും മനസ്സിലാക്കണം. രാഷ്ട്രമാണ് വലുതെന്ന ബോധ്യമുണ്ടാകണം, അതേത് രാഷ്ട്രീയക്കാരനായാലും,’ ഗംഭീര്‍ പറഞ്ഞു.
സിദ്ധുവിന്റെ ഈ തരംതാണ രാഷ്ട്രീയം ജനങ്ങള്‍ മനസ്സിലാക്കും. രാജ്യത്തിനും പഞ്ചാബിനും എതിരാണിതെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: