പാലക്കാട്: സഞ്ജിത്തിന്റെ കൊലയാളികളെ പിടികൂടുന്നതില്‍ മെല്ലപ്പോക്ക് നയം സ്വീകരിച്ചാല്‍ സംസ്ഥാനത്ത് ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. എസ്ഡിപിഐ ഭീകരര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് തേനാരി മണ്ഡല് ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം – എസ്ഡിപിഐ വര്‍ഗീയ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. അഞ്ച് വര്‍ഷത്തിനിടെ പത്ത് ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. ഈ കേസുകളിലൊന്നും ഗൂഢാലോചനകള്‍ അന്വേഷിച്ചിട്ടില്ല. സംസ്ഥാനത്ത് ആയുധപരിശീലനവും സംഭരണവും നടക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് മുന്നില്‍ പോലീസ് മുട്ടുമടക്കുകയാണ്. എസ്ഡിപിഐയുടെ പേര് പറയാന്‍ പോലും പോലീസ് ഭയപ്പെടുകയാണ്. ഔദ്യോഗിക സംവിധാനങ്ങളെ തീവ്രവാദസംഘടനകള്‍ ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്. പിണറായി വിജയന്റെ പിന്തുണയോടെയാണ് സംസ്ഥാനത്ത് തീവ്രവാദശക്തികള്‍ അഴിഞ്ഞാടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്വേഷണത്തില്‍ പോലീസ് ഗുരുതരവീഴ്ചയാണ് വരുത്തിയതെന്ന് സുരേന്ദ്രന് കുറ്റപ്പെടുത്തി. സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസുകാരന് അറിയിച്ചിട്ടും ദേശീയപാതയില്‍ വാഹനപരിശോധന നടത്തിയില്ല. സിസിടിവികള്‍ പരിശോധിക്കുന്നതില്‍ വീഴ്ചപറ്റി. സംഭവം നടന്ന് അഞ്ചുദിവസത്തിന് ശേഷമാണ് അവര്‍ വാഹനത്തിന്റെ ഫോട്ടോതന്നെ പുറത്തുവിട്ടതെന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
ബിജെപി സംസ്ഥാന ട്രഷറര്‍ അഡ്വ: ഇ. കൃഷ്ണദാസ്, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍. ഷണ്മുഖന്, മലമ്പുഴ മണ്ഡലം പ്രസിഡന്റ് എം. സുരേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്, ദേശീയസമിതി അംഗം എന്‍.ശിവരാജന്, ജില്ലാ അധ്യക്ഷന്‍ കെ.എം.ഹരിദാസ് എന്നിവരും സഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: