തൃശ്ശൂര്‍: പരസ്യമായി തമ്മിലടിച്ചും വെട്ടിയും പോലീസ് ഉദ്യോഗസ്ഥര്‍. സെപ്ഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്കിയിട്ടും നടപടിയെടുക്കാതെ പോലീസ്. ചേലക്കോടാണ് സഹോദരങ്ങളായ സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്‌ഐമാര്‍ തമ്മില്‍ വഴി തര്‍ക്കത്തെ തുടര്‍ന്ന് ഏറ്റുമുട്ടിയത്. ചേലക്കോട് കാട്ടില്‍ വീട്ടില്‍ രാമന്‍ എഴുത്തച്ഛന്റെ മക്കളായ പ്രദീപ്കുമാര്‍ (50), ദിലീപ്കുമാര്‍ (50) എന്നിവരാണ് നാട്ടുകാര്‍ നോക്കി നില്‍ക്കേ ആയുധങ്ങളുപയോഗിച്ച് പരസ്പരം ആക്രമിച്ചത്.
കഴിഞ്ഞ ഒക്‌ടോബർ 23ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ വഴിത്തര്‍ക്കവും സ്വത്തു തര്‍ക്കവും നേരത്തേ നിലനിന്നിരുന്നു. ഇതിനിടെ പ്രദീപ്കുമാറിന്റെ വീട്ടിലേക്ക് മഴ വെള്ളം ഒഴുക്കി വിടുന്നത് സംബന്ധിച്ച തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. സംഭവത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റു. പ്രദീപ്കുമാറിനെ ദിലീപ് വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. വേട്ടേറ്റ് പ്രദീപിന്റെ നെറ്റിയില്‍ മുറിവുണ്ടായി. പ്രദീപ്കുമാര്‍ വടി കൊണ്ടടിച്ചതിനെ തുടര്‍ന്ന് ദിലീപ്കുമാറിന്റെ മുഖത്തും പരിക്കേറ്റു. ഇതേ തുടര്‍ന്ന് ഇരുവരും ആശുപത്രിയില്‍ ചികിത്സതേടി. രഹസ്യാന്വോഷണ വിഭാഗം റിപ്പോര്‍ട്ട് നല്കിയിട്ടും ഇവര്‍ക്കെതിരെ നടപടിയൊന്നുമെടുത്തിട്ടില്ല.
ഇരുവരും ഇപ്പോഴും കേരള പോലീസില്‍ അസി. സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ പ്രവര്‍ത്തിക്കുകയാണ്. പ്രദീപ്കുമാര്‍ പഴയന്നൂര്‍ പോലീസ് സ്റ്റേഷനില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായും ദിലീപ്കുമാര്‍ ചെറുതുരുത്തി പോലീസ് സ്റ്റേഷനില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായുമാണ് നിലവില്‍ ജോലി ചെയ്യുന്നത്. വെട്ടു കത്തി പോലുള്ള മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് പൊതുജന മധ്യത്തില്‍ പരസ്പരം വെട്ടിയും വടി കൊണ്ടടിച്ചും ഏറ്റുമുട്ടിയ ഇവരെ പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്മാരായി നിലനിര്‍ത്തിയത് പോലീസില്‍ ഇവര്‍ക്കുള്ള സ്വാധീനം മൂലമാണെന്ന് നാട്ടുകാര്‍ പറയുന്നു.
എല്ലാ മഴക്കാലത്തും റോഡിലൂടെ വെള്ളം ഒഴുകി പ്രദീപ്കുമാറിന്റെ വീട്ടിലേക്ക് പോകുന്നതിനെ ചൊല്ലി ഇരുവരും വഴക്കിടാറുണ്ട്. റോഡിന്റെ വശത്തെ മണ്ണിടിഞ്ഞു വീഴുന്നത് പ്രദീപ്കുമാറിന്റ വീട്ടിലേക്ക് ഒഴുകി വരുന്ന വിഷയത്തിലും ഇരുവരും തമ്മില്‍ പരസ്യമായി വഴക്കിടുന്നത് പതിവാണ്. അടിപിടിയുണ്ടായതിനെ കുറിച്ച് അന്വേഷിക്കാന്‍ ചേലക്കര പോലീസ് സ്റ്റേഷനില്‍ നിന്ന് എഎസ്‌ഐ ഹരിദാസ്, സീനീയര്‍ സിപിഒ ഷാബു എന്നിവരാണ് പോയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെയും റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: