തിരുവനന്തപുരം: രാജ്യത്താദ്യമായി ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമുള്ള ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ കേരളം നടപ്പാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനവും സോഫ്റ്റ് വെയറിന്റേയും വീഡിയോയുടേയും പ്രകാശനവും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.
ഹോംസ്റ്റേകള്‍, സര്‍വ്വീസ് വില്ലകള്‍, ആയുര്‍വേദകേന്ദ്രങ്ങള്‍, സാഹസിക ടൂറിസം സേവനദാതാക്കള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, ഗൃഹസ്ഥലികള്‍ എന്നിവയുടെ അംഗീകാരത്തിനുള്പ്പെടെയുള്ള സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടലും മന്ത്രി ഉദ്ഘാടനം ചെയ്തു.
കേരള ടൂറിസത്തിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷനാണ് ക്ലാസിഫിക്കേഷന്‍ പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി സംരക്ഷണം, പ്രാദേശിക സാമ്പത്തിക വികസനം, അനുഭവവേദ്യ ടൂറിസം, കലാ-സാംസ്കാരിക സംരക്ഷണം, ടൂറിസം മേഖലയിലെ സുസ്ഥിര വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് ക്ലാസിഫിക്കേഷന്‍.
രാജ്യത്തിന് മാതൃകയായി സുസ്ഥിര ആസൂത്രണം, സാമൂഹിക-സാംസ്കാരിക ഉത്തരവാദിത്തം, സാംസ്കാരിക പൈതൃകം, പാരിസ്ഥിതിക ഉത്തരവാദിത്തം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ലാസ്സിഫിക്കേഷന് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആര്‍ടി ഡയമണ്ട്, ആര്‍ടി ഗോള്‍ഡ്, ആര്‍ടി സില്‍വര്‍ വിഭാഗങ്ങളിലായാണ് ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമുള്ള ക്ലാസ്സിഫിക്കേഷന് നല്‍കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി എണ്പതു ശതമാനത്തിലേറെ സ്കോര്‍ നേടുന്നവയ്ക്ക് ഗ്രീന്‍ സര്ട്ടിഫിക്കേഷന് നല്‍കും. അപേക്ഷ സമര്‍പ്പിച്ച് കാലതാമസം കൂടാതെ നടപടികള്‍ ലഘൂകരിച്ച് സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കാന്‍ വിവിധ സേവനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍പോര്‍ട്ടല്‍ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡാനന്തര ടൂറിസം മേഖലയുടെ അതിജീവനത്തിന്റെ ഭാഗമായി കേരളത്തിലെ പ്രധാന 20 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഗതാഗത വകുപ്പുമായി കൈകോര്‍ത്ത് പ്രദേശത്തെ തനത് ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാക്കുന്ന ‘ഫുഡീ വീല്‍സ്’ നടപ്പിലാക്കും. പൊതുമരാമത്ത് വകുപ്പുമായി കൈകോര്‍ത്ത് വിദേശ രാജ്യങ്ങളിലുള്ളതുപോലെ സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റുള്ള പഴയ പാലങ്ങളില്‍ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതി നടപ്പിലാക്കും. സിനിമാ ടൂറിസത്തിനുള്ള സാധ്യതകള്‍ തേടുന്നതിന് സാംസ്കാരിക വകുപ്പുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
കേരളത്തിന്റെ ഭാവിയില്‍ നിര്‍ണായകമായ ടൂറിസം മേഖലയില്‍ കാരവന് പോളിസി നൂതന മാറ്റങ്ങള്‍ സൃഷ്ടിക്കും. ഇതിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നും സാംസ്കാരിക ഹബ്ബുകളാക്കി കാരവന് പാര്‍ക്കുകളെ മാറ്റിയെടുക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഉത്തരവാദിത്ത ടൂറിസം മിഷന് നിരവധി നൂതന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും ക്ലാസിഫിക്കേഷന്‍ പദ്ധതി നാഴികക്കല്ലാകുമെന്നും ടൂറിസം ഡയറക്ടര്‍ വി ആര് കൃഷ്ണ തേജ പറഞ്ഞു.
ക്ലാസിഫിക്കേഷന്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഉത്തരവാദിത്ത മിഷന് നല്കുന്ന ക്ലാസിഫിക്കേഷന്‍ മൂന്നുവര്‍ഷമാണ് കാലാവധി. ടൂറിസം ഡയറക്ടര്‍ ചെയര്‍മാനായും ആര്‍ടി മിഷന് കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറായുമുള്ള വിദഗ്ധസമിതിയാണ് ക്ലാസിഫിക്കേഷന്‍ നിര്‍ണയിക്കുന്നത്.
അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം ആശംസ അറിയിച്ചു. ടൂറിസം വകുപ്പ് മാര്‍ക്കറ്റിംഗ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ രാജീവ് ജിഎല്‍ സന്നിഹിതനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: