ലണ്ടന്‍ : ഇന്ത്യയില്‍ നിന്നും പണ്ട് കടത്തിക്കൊണ്ടുപോയ ടിപ്പു സുല്‍ത്താന്റെ സിംഹാസനത്തിലെ സ്വര്‍ണകടുവയുടെ രൂപത്തിലുള്ള എട്ടു താഴികക്കുടങ്ങളില്‍ ഒന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ലേലം ചെയ്യുന്നു. എന്നാല്‍ ഇതിന്റെ ധാര്‍മ്മികത ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം കടുക്കുന്നു.
ഏകദേശം 15 കോടി രൂപയ്ക്കാണ് താഴികക്കുടം ലേലത്തിന് വച്ചിരിക്കുന്നത്. ലേലത്തില്‍ ഇന്ത്യക്കാര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല. ബ്രിട്ടീഷ് പൗരന്മാര്ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാനാവൂ എന്നാണ് ലേല വിവരങ്ങള്‍ പ്രഖ്യാപിച്ചുള്ള വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.ബ്രിട്ടീഷ് സര്‍ക്കാരിന്റെ കലാ സാംസ്കാരിക വകുപ്പിനാണ് ലേലച്ചുമതല.
ടിപ്പു സുല്‍ത്താനെ യുദ്ധത്തില്‍ തോല്പിച്ച ശേഷം ഈസ്റ്റ് ഇന്ത്യ കമ്പനി അദ്ദേഹത്തിന്റെ സുവര്‍ണ സിംഹാസനം കടത്തിക്കൊണ്ടുപോയി എന്നാണ് ചരിത്രം പറയുന്നത്. ബ്രിട്ടിഷ് രാജാവിനു സിംഹാസനം സമ്മാനിക്കണമെന്ന് വെല്ലസ്ലി പ്രഭു ആഗ്രഹിച്ചെങ്കിലും യുദ്ധമുതലുകള്‍ വീതിക്കുന്ന പ്രൈസ് കമ്മിറ്റി ഏജന്റുമാര്‍ വീതം വെയ്ക്കാനുള്ള സൗകര്യത്തിന് പല കഷണങ്ങളാക്കി മുറിക്കുകയായിരുന്നു.
ഇന്ത്യയില്‍ നിന്നും കൊള്ളയടിച്ച് കൊണ്ടുപോയ മുതല്‍ പുരാവസ്തു ലേലം ചെയ്യുന്നതിനെതിരെ ഇന്ത്യക്കാരുടെ പ്രതിഷേധം ട്വിറ്ററില്‍ നിറയുകയാണ്. ബ്രിട്ടീഷ് സര്‍ക്കാരിന് ഇത് ചെയ്യാന്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: