കൊല്‍ക്കത്ത: ഒരു കാലത്ത് സിപിഎമ്മിന്റെ കോട്ടയായിരുന്ന പ്രദേശത്തെ പാര്‍ട്ടി ഓഫിസ് ഒടുവില്‍ പശുത്തൊഴുത്തായി മാറി. തിരിഞ്ഞു നോക്കാന്‍ പോലും ഒരാളും ഇല്ലാതെ വന്നതോടെയാണ് നാട്ടുകാരുടെ പശുക്കള്‍ സിപിഎം ഓഫിസ് സ്വന്തമാക്കിയത്. ഓഫീസ് മുറികളിലെല്ലാം നാട്ടുകാരുടെ പശുക്കളാണ് താമസമുറപ്പിച്ചിരിക്കുന്നത്. പ്രധാന ഹാളില്‍ കച്ചിത്തുറുവും ഉണങ്ങിയ ചാണകവുമെല്ലാം അടുക്കിക്കൂട്ടിയിരിക്കുകയാണ്.
24 പര്‍ഗാനാസ്- തെക്ക് ജില്ലയിലെ ദക്ഷിണ ബാരാസാത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിനാണ് ഈ ദുര്‍ഗതി. ഇടതു ഭരണകാലത്ത് സി.പി.എമ്മിന്റെ കോട്ടയായിരുന്നു കൊല്‍ക്കത്തയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ബാരാസാത്തിലെ ശാസന് മേഖല. എതിരാളികളെ അടിച്ചൊതുക്കുന്നതില്‍ വിദഗ്ധനായ മജീദ് മാസ്റ്റര്‍ എന്ന പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ അക്കാലത്ത് പണി തീര്‍ത്തതായിരുന്നു ഈ ഓഫീസ് കെട്ടിടം. 2007-ല്‍ അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന ബിമന്‍ ബോസാണ് ‘അനില്‍ ബിശ്വാസ് സ്മൃതിമന്ദിരം’ എന്നു പേരിട്ട ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്.
സിപിഎമ്മിന്റെ ദുര്‍ഭരണത്തില്‍ ജനങ്ങള്‍ കൈവിട്ടതോടെ ഈ ഓഫിസും അനാഥമായി. സംസ്ഥാന നേതാക്കളും ക്രമേണ പ്രാദേശികനേതാക്കളും പ്രവര്‍ത്തകരുമെല്ലാം ഓഫീസിനെ കൈയൊഴിഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസുകാരുടെ ആക്രമണ ഭീഷണിമൂലം മജീദ് മാസ്റ്റര്‍ ഇവിടെ ഒളിച്ചു താമസച്ചിരുന്നെങ്കിലും അതിലും രക്ഷയില്ലാതെ നാടുവിട്ടു. പിന്നീട് സി.പി.എം. ജില്ലാ നേതൃത്വത്തില്‍നിന്ന് ഒഴിവാക്കിയതോടെ മജീദ് മാസ്റ്റര്‍ സജീവരാഷ്ട്രീയത്തില്‍ നിന്നു പുറത്തായി. തൃണമൂലുകാരുടെ ആക്രമണത്തെ ചെറുക്കാന്‍ സിപിഎം നേതാക്കള്‍ ബിജെപി ഓഫിസുകളെ ആണ് ഇപ്പോള്‍ ആശ്രയമായി കാണുന്നത്. സിപിഎം ഓഫിസ് പോലും സംരക്ഷിക്കാന്‍ സാധിക്കാത്ത തരത്തിലാണ് ഇപ്പോള്‍ ബംഗാളിലെ പാര്‍ട്ടിയുടെ അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: