ജനകീയമായ ചില കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തത് വല്ലാത്ത പ്രശ്നമാണ്. ജനകീയം എന്നാല്‍ ജനങ്ങള്‍ക്കുവേണ്ടി, ജനാഭിലാഷത്തിനനുസരിച്ച്, ജനങ്ങള്‍ക്കൊപ്പം…എന്നിങ്ങനെ വ്യാഖ്യാനിക്കാനാവും. അങ്ങനെയാണെങ്കില്‍ ഇവിടെ ജനകീയ പാര്‍ട്ടി ഏതാ ?എങ്ങനെയാണ് ഒരു പാര്‍ട്ടി ജനകീയമാവുക? അല്ലെങ്കില്‍ ജനങ്ങള്‍ ആ പാര്‍ട്ടിയില്‍ എങ്ങനെ വിശ്വാസം അര്‍പ്പിക്കും? ഇതനുസരിച്ച് ഒന്നു വിശകലനം ചെയ്താല്‍ ഈ കേരള രാജ്യത്തെ ഏറ്റവും ജനകീയ പാര്‍ട്ടി ഏതായിരിക്കും? അതെ,നിങ്ങളുടെ നാവിന് തുമ്പില്‍ ആ പാര്‍ട്ടിയുടെ പേര് ഇങ്ക്വിലാബ് വിളിക്കുന്നുണ്ടാവും. നമ്മുടെ പഴയ ദേശീയ പാര്‍ട്ടിയായ (എന്തേ, ഇപ്പോഴും അങ്ങനെ തന്നെയല്ലേ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലാതില്ല) സോണിയാ മെയ്നോ പാര്‍ട്ടിയെ ഓര്‍മയില്ലേ?
ആ ഓര്‍മകള്‍ അങ്ങനെ തന്നെ നില്ക്കട്ടെ. നമുക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നു എന്ന അവകാശവാദമാണ് ആ കക്ഷിക്കെങ്കില്‍ അതിന് സമാനമായ അവകാശവാദമാണ് നമ്മുടെ സ്വന്തം വിപ്ലവപ്പാര്ട്ടിക്കുള്ളത്. ഒരുതരത്തില്‍ പറഞ്ഞാല്‍ ചെറിയ ചെറിയ സംഭവങ്ങളൊക്കെ വിപ്ലവക്കക്ഷി നടത്തിയിട്ടുണ്ട്. കുറച്ചുപേര്‍ക്ക് ഗുണവുമുണ്ടായിട്ടുമുണ്ട്. അങ്ങനെയാണ് ഒരു ജനകീയ കക്ഷിയുടെ പക്ഷങ്ങള്‍ പാര്‍ട്ടി ശരീരത്തില്‍ മുളച്ചുപൊങ്ങിയത്. അതിന്റെ ശക്തിയില്‍ പൊങ്ങിപ്പറക്കാന്‍ കിട്ടിയ അവസരങ്ങളൊക്കെ നന്നായി ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. ‘ഞങ്ങളല്ലാതെ നിങ്ങള്‍ക്ക് മറ്റാര് ‘ എന്ന തരത്തിലേക്ക് കാര്യങ്ങള്‍ ബക്കറ്റു വഴിയും രസീത് വഴിയും ഒഴുകി നീങ്ങിയതോടെ ഓരോ ചലനത്തിലും പാര്‍ട്ടിയുടെ ചൂടും ചൂരും മുന്നിട്ടു നിന്നു.
വായു, വെള്ളം, ഭക്ഷണം,വസ്ത്രം എന്ന നിലയിലേക്ക് പാര്‍ട്ടിയെത്തുമ്പോള്‍ അത് നല്ലതല്ലേ എന്നുകരുതുന്നവരും അനേകം. അവിടെയാണ് ഈ പാര്‍ട്ടിയുടെ അദൃശ്യ ശക്തി നമ്മള് അറിയുന്നത്. അങ്ങനെ തിരിച്ചറിയുമ്പോള്‍ നാം അറിയാതെ ഒരു ജനകീയ മേലാപ്പ് പാര്‍ട്ടിയുടെ മുകളില്‍ വീഴുന്നു. അതോടെ എല്ലാം സംപൂജ്യാവസ്ഥയിലായി. ചോദ്യമില്ല, വിശകലനമില്ല. ആദരവും ബഹുമാനവും മാത്രം.
ഞങ്ങള്‍ ഭരിക്കുന്നു,ജനങ്ങളുമായി ഇടപഴകുന്നു, അവരുടെ സുഖ-ദു:ഖങ്ങളിലേക്ക് പടര്‍ന്നു കയറുന്നു. ഇത് കൃത്യമായി മനസ്സിലാക്കുന്നതില്‍ പറ്റിയ പിഴവാണ് തിരുവനന്തപുരത്തെ അനുപമ. എസ്.ചന്ദ്രന് പറ്റിയത്; അവരുടെ ഭര്‍ത്താവിന്(നിയമപരമല്ല) പറ്റിയത്. പാര്‍ട്ടിയുടെ നയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ എന്തുകൊണ്ടോ കഴിഞ്ഞില്ല. പാര്‍ട്ടി കമ്യൂണിനുള്ളില് കഴിയുമ്പോള്‍ എന്തിന് പേടിക്കണം എന്ന് ആ സഹോദരി കരുതി. പാ
ര്‍ട്ടി നടപടിക്രമങ്ങളില്‍ മുഴുകിയിരിക്കെ, പാര്‍ട്ടി വേറെ തങ്ങള്‍ വേറെ എന്ന നിലയിലായിരുന്നില്ല അവര്‍. സാധാരണ നിയമങ്ങളും രീതികളും പാര്ട്ടിക്കന്യം എന്നുവരുമ്പോള്‍ പാര്‍ട്ടി തന്നെയല്ലേ ജീവിതവും. കൂടുതല്‍ പാര്‍ട്ടി കേഡര്‍മാരെ രംഗത്തിറക്കാനുള്ള ഫിസിക്കല്‍ ഓപ്പറേഷന് നടത്തുമ്പോള്‍ പാര്‍ട്ടി എതിര്‍ക്കുന്നത് ശരിയല്ലല്ലോ. പാര്‍ട്ടി ഭരണഘടനയും പൊതു നിയമ ഘടനയും അറിയുന്ന നേതൃത്വം മനസാ വാചാ ആശീര്‍വദിച്ചതിന്റെ അനന്തരഫലമാണിപ്പോള്‍ ആന്ധ്രയിലെ ഏതോ ഗ്രാമത്തില്‍ കുഞ്ഞിക്കൈകാലിട്ടടിക്കുന്നത്.
അനുപമ പങ്കെടുത്ത പാര്‍ട്ടി ക്ലാസില്‍ പങ്കെടുക്കാഞ്ഞതിനാലോ, മനുഷ്യന്മാര്ക്ക് പാര്‍ട്ടിക്കതീതമായ ചില മര്യാദകളുണ്ടെന്ന് മനസ്സിലാക്കിയതിനാലോ മറ്റോ ആണ് നിയമവിരുദ്ധമായ മകളുടെ പ്രവൃത്തിയെ അച്ഛന് എതിര്‍ത്തത്. അനുപമയ്ക്ക് ഒത്താശ ചെയ്തു എന്നു കരുതുന്ന പാര്‍ട്ടി തന്നെ അനുപയുടെ അച്ഛനു വേണ്ടിയും രംഗത്തു വന്നു എന്നതാണ് ഇതിലെ ട്വിസ്റ്റ്! എന്നും ഇത്തരം ട്വിസ്റ്റ് വഴിയാണല്ലോ പാര്‍ട്ടി ജനകീയമാവുന്നത്. പാര്‍ട്ടി ജനാധിപത്യം നേതാക്കള്‍ക്ക് വേറെ, അണികള്‍ക്ക് വേറെ എന്നത് മനസ്സിലാക്കാന്‍ ബന്ധപ്പെട്ടവര്‍ വൈകിയതിന്റെ വേദനയാണ് ഒരമ്മ പൊരിവെയിലില്‍ സെക്രട്ടേറിയേറ്റിനു മുമ്പില്‍ കരഞ്ഞു തീര്‍ത്തത്. പല തരത്തിലുള്ള അപമാനം സഹിക്കുന്നത്. പ്രതികളെ രക്ഷിക്കാനുള്ള പാര്‍ട്ടി തത്രപ്പാടു കണ്ടാല്‍ അന്നം കഴിക്കുന്ന ഏതു ടിയാനും കാര്യം മനസ്സിലാവും. യുവജന സംഘടനയിലെ പ്രവര്‍ത്തകരായ അനുപമയ്ക്കും അജിത്തിനും മാതൃകയായി പാര്‍ട്ടിയിലെ തന്നെ വലിയ നേതാവുണ്ടായിരുന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയ അലക്കിപ്പൊളിക്കുന്നുണ്ട്. ഒരു സംഭവമുണ്ടാവുമ്പോള്‍ പിന്നാമ്പുറം തിരയാന്‍ ജേര്‍ണലിസ്റ്റുകളെക്കാള്‍ മിടുക്കോടെയാണ് തനി സാധാരണക്കാര്‍ രംഗത്തു വരുന്നത്. അതു തടയാന്‍ കഴിയുന്നില്ല എന്നു വരുമ്പോള്‍ ജനാധിപത്യം പുഷ്കലമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: