സ്ഥാപകന്‍, തെറുമോ പെന്‍പോള്‍
തെറുമോ പെന്‍പോളിന്റെ തുടക്കകാലം, സംരംഭകനായ എന്റെ കൈയില്‍ പണമില്ല, മാനേജ്മെന്റിനെപ്പറ്റി പഠിച്ചു വരുന്നതേയുള്ളൂ. എന്നാല്‍ അക്കാലത്തെടുത്ത ഒരു തീരുമാനമാണ് ലോകത്തെ ഏറ്റവും വലിയ ബ്ലഡ് ബാഗ് മാനുഫാക്ച്ചറിംഗ് കമ്പനിയായി വളരാന്‍ ഞങ്ങള്‍ക്ക് സഹായകമായത്. ലോകത്തിലെ ഏറ്റവും മികച്ച നിലവാരത്തിലുള്ള ഉല്പ്പന്നങ്ങളാവും പുറത്തിറക്കുകയെന്നതായിരുന്നു ആ തീരുമാനം. ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ഉറപ്പിച്ചു. സംരംഭത്തെ സംബന്ധിച്ച് ഞാനെടുത്ത മികച്ച തീരുമാനവും അതാണ്. ലൈഫ് സേവിംഗ്് പ്രൊഡക്റ്റുകളാണ്. മോശമായാല്‍ രോഗികളുടെ ആരോഗ്യത്തെ അത് ബാധിക്കും. മരണം വരെ സംഭവിക്കാം. ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്തുകൂട്ടുന്ന ‘ചല്‍ത്താ ഹേ’ മനോഭാവം ശരിയാവില്ലെന്ന ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ആര് ആന്‍ഡ് ഡിയായിരുന്ന പ്രൊഫ. എ വി രമണിയുടെ ഉപദേശം വഴിത്തിരിവായി.
തിരിച്ചു വിളിച്ച ഉല്‍പ്പന്നങ്ങള്‍
തുടക്കത്തില്‍ തന്നെ ഇത്തരമൊരു നയം സ്വീകരിച്ചതു കൊണ്ടുണ്ടായ പ്രശ്നം, നമുക്ക് വിഷമമുണ്ടാക്കുന്ന മറ്റു പല തീരുമാനങ്ങളും എടുക്കേണ്ടി വന്നു എന്നതാണ്. പ്രൊഡക്ഷന്‍ തുടങ്ങി ആറ് മാസത്തിനകം തന്നെ ‘വിപണിയില്‍ നിന്ന് ഉല്‍പ്പന്നം തിരിച്ചുവിളിക്കല്‍’ എന്ന ഞെട്ടിക്കുന്ന തീരുമാനം ഞങ്ങള്‍ എടുത്തു.
ഒരു പരാതിയും മാര്‍ക്കറ്റില്‍ നിന്നും വന്നിരുന്നില്ല. ഞങ്ങളുടെ ക്വാളിറ്റി കണ്ട്രോള് വിഭാഗം ചൂണ്ടിക്കാട്ടിയതിന്റെ പശ്ചാത്തലത്തില്‍ മാത്രമായിരുന്നു ഈ പിന്‍വലിക്കല്‍ തീരുമാനം. ഇന്ത്യന്‍ ഡ്രഗ്സ് കണ്ട്രോള് നിയമങ്ങളിലും ഇത്തരമൊരു നിര്‍ദേശം ഉണ്ടായിരുന്നില്ല അന്നെന്ന് ഓര്ക്കണംമെഡിക്കല് രംഗത്ത് ലോകത്തെ ഏറ്റവും വിഷമകരമായ, പാലിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള യുകെഡിഎച്ച്എസ് സ്റ്റാന്‍ഡേര്‍ഡ്സാണ് നമ്മള് അനുവര്‍ത്തിച്ചിരുന്നത്.
പ്രശ്നമുണ്ടെങ്കില്‍ അതുവരെ വിപണിയിലെത്തിച്ച ബാച്ചുകളിലെ അവശേഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിക്കണമെന്നാണ് നിയമം. പ്രവര്‍ത്തനം തുടങ്ങിയിട്ട് ആറ് മാസം മാത്രമായ, ശമ്പളം കൊടുക്കാന്‍ പണമില്ലാത്ത, നഷ്ടത്തിലോടുന്ന ഒരു കമ്പനിയുടെ എംഡിയാണ് വിപണിയിലിറങ്ങിയ ഉല്‍പ്പന്നം പിന്‍വലിക്കാനുള്ള ഈ തീരുമാനം എടുക്കുന്നത്. ആശുപത്രികളില്‍ ചെന്ന് പ്രൊഡക്റ്റ് തിരിച്ചെടുക്കാന്‍ സെയില്‍സ് ടീമിന് നിര്‍ദേശം നല്കി.
പലരും ഇതിനെ എതിര്‍ത്തു. ആശുപത്രികള്‍ക്ക് പരാതിയില്ല, ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് അതൃപ്തിയുമില്ല. പലര്‍ക്കും വിഷമമായി. പക്ഷേ തീരുമാനം നടപ്പായി. ഇങ്ങനെ ഒരു എംഡിയെ വെച്ച് ഈ കമ്പനി രണ്ടാം വാര്‍ഷികം തികയ്ക്കാന്‍ സാധ്യതയില്ലെന്നൊക്കെ അവര്‍ കരുതിയിരിക്കാം. എനിക്കും അങ്ങനെ ഒരു സംശയമുണ്ടായെന്നതാണ് വാസ്തവം!
പരിവര്‍ത്തനം
പക്ഷേ ഞാന്‍ പോലും പ്രതീക്ഷിക്കാത്ത ഒരു വലിയ മാറ്റമാണ് പിന്നീട് കമ്പനിയില്‍ കണ്ടത്. തറ തുടയ്ക്കുന്നവര്‍ മുതല്‍ മുതിര്‍ന്ന എന്‍ജിനീയര്‍മാര്‍ വരെ അവരുടെ ജോലിയില്‍ സ്വയം ഒരു സ്റ്റാന്‍ഡേര്‍ഡ് കൊണ്ടുവന്ന് അത് മികച്ചതാക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. ആരുടെയും മേല്‍നോട്ടമോ ശുപാര്‍ശയോ ഇല്ലാതെതന്നെ. ആദ്യം ബുദ്ധിമുട്ടുണ്ടാക്കിയ എന്നാല്‍ പിന്നീട് കമ്പനിയുടെ ഭാവിയെ തന്നെ പരിവര്‍ത്തനം ചെയത തീരുമാനമായി ഇപ്രകാരം തുടക്കത്തിലെ ഇടപെടല്‍ മാറി. ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും കമ്പനി അനുവദിക്കില്ലെന്ന സന്ദേശം എല്ലാവരുടെയും മനസ്സില്‍ പതിഞ്ഞു.
ഗുണനിലവാരം തുണയായി
മെയ്ഡ് ഇന്‍ ഇന്ത്യ എന്നത് അന്നും ഇന്നും ലോകത്ത് വലിയ ബ്രാന്‍ഡല്ല. നമുക്ക് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാന്‍ വളരെ ചുരുക്കം ഉല്പ്പന്നങ്ങളേയുള്ളു. അത്തരമൊരു ബ്രാന്‍ഡ് ഇമേജുള്ള രാജ്യത്തു നിന്നാണ് ജീവന് രക്ഷാ പ്രൊഡക്റ്റുകളുമായി ഒരു കമ്പനി മാര്‍ക്കറ്റിലിറങ്ങുന്നത്. ഞങ്ങളുടെ ഗുണനിലവാര നയമാണ് തുണയായത്. ഞങ്ങളോട് ബന്ധപ്പെട്ടിരുന്ന സകല ബിസിനസ് സ്ഥാപനങ്ങളും വിവിധ രാജ്യങ്ങളിലെ നിയന്ത്രണ അതോറിറ്റികളും ഈ നയത്തെ അംഗീകരിച്ചു. ലോകത്തെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിര്‍മാതാക്കളായി ഞങ്ങള്‍ വളര്‍ന്നത് അങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: