പാലക്കാട്: ദിവസങ്ങള്‍ നീണ്ട അനിശ്ചിത്വത്തിന് വിരാമമിട്ട് ഉപാധികളോടെ കല്പാത്തി രഥപ്രയാണത്തിനും സംഗമത്തിനും സര്‍ക്കാര്‍ അനുമതി നൽകിയത് നിരാശയിലായിരുന്ന നൂറുകണക്കിന് അഗ്രഹാര നിവാസികള്‍ക്ക് സന്തോഷം പകര്‍ന്നു. ഉത്സവത്തിന് രണ്ട് ദിവസം മുമ്പ് മാത്രമാണ് അനുമതി ലഭിച്ചതെങ്കിലും തേരുകള്‍ ഒരുക്കുവാനുള്ള യത്‌നത്തിലാണ് അഗ്രഹാര നിവാസികള്‍.
പ്രയാണവും സംഗമവും ഒഴിവാക്കി രഥോത്സവം നടത്താനായിരുന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ്. എന്നാല്‍ ഇതിനെതിരെ നഗരസഭ പ്രമേയം പാസാക്കുകയും തൃശ്ശൂര്‍പൂരം മാതൃകയില്‍ പ്രത്യേക അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, ബിജെപി പാര്‍ലമെന്ററി ലീഡര്‍ കെ.വി. വിശ്വനാഥന്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.എസ്. മീനാക്ഷി, സുഭാഷ് കല്പാത്തി എന്നിവര്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തുകയും രഥോത്സവം നടത്തേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് പ്രയാണത്തിനും സംഗമത്തിനും അനുമതി ലഭിച്ചത്.
വിശ്വാസി സമൂഹത്തിന്റെ പ്രാർഥനയുടെ വിജയമാണ് കല്പാത്തി രഥോത്സവത്തിനുള്ള അനുമതി ലഭ്യമാക്കിയതെന്ന് ബിജെപി ജില്ലാ സെക്രട്ടറി പി.വേണുഗോപലൻ പറഞ്ഞു. രാഷ്‌ട്രീയ വടംവലികൾക്ക് ഇടം നൽകാതെ രഥോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് പ്രത്യേക ഉത്തരവ് ഇ റക്കണമെന്നാണ് ആവശ്യപ്പെട്ടത്. രഥോത്സവത്തിന് സർക്കാരിന്റെ അനുമതി ലഭിച്ചെന്ന് വീരവാദം മുഴക്കിയ എംഎൽഎയുടെ നാടകമാണ് ഇതിലൂടെ പൊളിഞ്ഞതെന്നും വേണുഗോപാലൻ പറഞ്ഞു.
കൊവിഡ് മാനദണ്ഡം പാലിച്ച് ഉത്സവം നടത്തുവാനുള്ള നടപടി കൈക്കൊള്ളണമെന്നാണ് ഉത്തരവില്‍ പറയുന്നത്. പുറമെനിന്നുള്ളവരെ നിയന്ത്രിക്കുകയും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരെ ഉള്‍പ്പെടുത്തിയുമാണ് നടത്തേണ്ടത്. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളി രഥോത്സവ നടത്തിപ്പിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിരാശയിലായിരുന്ന നൂറുകണക്കിന് അഗ്രഹാര നിവാസികള്‍ക്ക് സന്തോഷം പകര്‍ന്ന തീരുമാനമായിരുന്നു ഇത്. വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ വലിയ രഥമൊഴികെ ചെറുരഥങ്ങള്‍ മാത്രമെ പ്രയാണത്തിനൊരുങ്ങുകയുള്ളൂ. ഉത്സവത്തിന് രണ്ട് ദിവസം മുമ്പ് മാത്രമാണ് അനുമതി ലഭിച്ചതെങ്കിലും തേരുകള്‍ ഒരുക്കുവാനുള്ള യത്‌നത്തിലാണ് അഗ്രഹാര നിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: