ന്യൂദല്‍ഹി: ബാലന് പൂതേരി ദല്‍ഹിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് പദ്മശ്രീ ഏറ്റുവാങ്ങുമ്പോള്‍ പ്രിയപത്നി ശാന്തയുടെ ശരീരം അഗ്നിനാളങ്ങളേറ്റുവാങ്ങുകയായിരുന്നു. ഭാര്യ ശാന്തയുടെ വിയോഗ വാര്‍ത്ത ഏല്പിച്ച വ്യഥയുമായാണ് രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി പൂതേരി ഏറ്റുവാങ്ങിയത്. ജീവിതത്തിലും എഴുത്തിലും താങ്ങും വെളിച്ചവുമായിരുന്നു പൂതേരിക്ക് ശാന്ത. കാഴ്ചയുടെ പരിമിതികളെ മറികടന്ന കണ്ണാണ് പുരസ്കാരമേറ്റുവാങ്ങിയതിന്റെ ആഹ്ലാദമേറ്റുവാങ്ങാന് നില്‍ക്കാതെ എന്നന്നേക്കുമായി അടഞ്ഞത്.
ഇന്നലെ വൈകിട്ട് നടക്കുന്ന പുരസ്കാര വിതരണചടങ്ങിനായി തിങ്കളാഴ്ചയാണ് ബാലന് പൂതേരി ദല്‍ഹിയിലെത്തിയത്. എന്നാല്‍ ഇന്നലെ രാവിലെ ഭാര്യ ശാന്ത മരിച്ചെന്ന വിവരമാണ് നാട്ടില്‍ നിന്ന് ലഭിക്കുന്നത്. അറുപത് വയസ്സായിരുന്നു. അങ്കണവാടിയിലെ അധ്യാപികയായിരുന്നു. വേങ്ങര കടവത്ത് കുടുംബാഗമാണ്. ഉടനെ മടങ്ങണമെന്ന് ചിന്തിച്ചെങ്കിലും പിന്നീട് പുരസ്കാരം സ്വീകരിച്ചശേഷം മടങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു. കാന്‍സര്‍ ബാധിതയായി വര്‍ഷങ്ങളായി ചികിത്സയിലായതിനാല്‍ മടങ്ങിയെത്തുംവരെ കാത്തിരിക്കാന്‍ കഴിയാത്ത സാഹചര്യവും. അതോടെ സംസ്കാര ചടങ്ങുകള്‍ നടത്താന്‍ നാട്ടിലേക്ക് അറിയിച്ചു.
കാഴ്ച പൂര്‍ണ്ണമായി നഷ്ടപ്പെട്ടതോടെ, പുസ്തകരചനയില്‍ മുഴുകുമ്പോള്‍ പലപ്പോഴും ഭാര്യയായിരുന്നു കൂട്ടിന്. എഴുതാനും പ്രൂഫ് നോക്കാനുമൊക്കെ കൂടെയുണ്ടായിരുന്നു. ചികിത്സയുടെ ഭാഗമായി രണ്ടു തവണ ശസ്ത്രക്രിയ കഴിഞ്ഞിരുന്നെങ്കിലും വീട്ടിലെത്തുന്നവരെ സ്വീകരിക്കാനും അവരോട് സംസാരിക്കാനുമൊക്കെ മുന്നിലായിരുന്നു. വീട്ടില്‍ സത്സംഗങ്ങള്‍ നടത്താനുമൊക്കെ വലിയ താത്പര്യമായിരുന്നു… വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ ബാലന് പൂതേരി പറഞ്ഞു. വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതയായി ചികിത്സയിലായതിനാല്‍ പുരസ്കാരസമര്‍പ്പണ ചടങ്ങിനെത്താന്‍ കഴിയില്ലെന്ന് ഉറപ്പായിരുന്നു. എന്നാലും ടിവിയിലൂടെ ചടങ്ങ് കാണാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആദ്യം ഭിന്നശേഷിക്കാരനായി…, ഇപ്പോള്‍ അനാഥനും. നിറഞ്ഞകണ്ണുകള്‍ തുടച്ചുകൊണ്ട് ബാലന് പൂതേരി കൂട്ടിച്ചേര്‍ത്തു.
ഇരുനൂറിലധികം പുസ്തകങ്ങള്‍ രചിച്ച ബാലന് പൂതേരിക്ക് ജീവിതത്തില്‍ ഒരാഗ്രഹം കൂടിയുണ്ട്. ഭിന്നശേഷിക്കാര്‍ക്കും അനാര്ഥര്ക്കുമായി ഒരു സ്ഥാപനം തുടങ്ങണമെന്നതാണത്. അതിന് കഴിയുമെന്നതാണ് പ്രതീക്ഷ. രാം ലാല്‍ ഏകമകനാണ്. സഹോദരന് ദാമോദരനൊപ്പമാണ് ബാലന് പൂതേരി പുരസ്കാരം സ്വീകരിക്കുന്നതിനായി ദല്‍ഹിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: