Categories: Kerala

പിണറായി മന്ത്രിസഭയില്‍ തമ്മിലടി; മരംമുറി വിഷയത്തില്‍ എ.കെ.ശശീന്ദ്രനും റോഷി അഗസ്റ്റിയനും നേര്‍ക്കുനേര്‍; പരസ്പരം പഴിചാരി മന്ത്രിമാര്‍

ഗുരുതരമായ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ മൗനം വെടിഞ്ഞിട്ടില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.

Published by

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം പരിസരത്തെ മരംമുറിക്കാന്‍ അനുമതി നല്‍കിയ വിഷയത്തില്‍ പിണറായി മന്ത്രിസഭയിലെ അംഗങ്ങള്‍ തമ്മില്‍ ചേരിപ്പോര് രൂക്ഷം. വിഷയത്തില്‍ വനംവകുപ്പും ജലവകുപ്പും നേര്‍ക്കുനേര്‍ രംഗത്തെത്തി. സ്ഥലത്തു തമിഴ്‌നാട്‌കേരള സര്‍ക്കാര്‍ പ്രതിനിധികളുടെ സംയുക്ത പരിശോധന സംബന്ധിച്ചാണ് മന്ത്രിമാര്‍ സ്വന്തം വകുപ്പിനെ സംരക്ഷിച്ചും മറ്റു വകുപ്പിനെ കുറ്റപ്പെടുത്തിയും രംഗത്തെത്തിയത്. സ്ഥലത്തു തമിഴ്‌നാട്-കേരള സര്‍ക്കാര്‍ പ്രതിനിധികളുടെ സംയുക്ത പരിശോധന നടന്നില്ലെന്നാണു വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍, സംയുക്ത പരിശോധനയുടെ രേഖകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ ചൊവ്വാഴ്ച വൈകിട്ടു മന്ത്രി നിലപാടു മാറ്റി. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥരാണു ബേബി ഡാമില്‍ പരിശോധനയ്‌ക്കു പോയതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പോയിട്ടില്ലെന്നും എകെജി സെന്ററില്‍ ഇടതുമുന്നണി യോഗത്തിനു ശേഷം മന്ത്രി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. നിയമസഭയില്‍ പറഞ്ഞതും മന്ത്രി ഇന്ന് തിരുത്തിയിരുന്നു.  

ഇതിനു പിന്നാലെ ഇന്നു രാവിലെ ജലവകുപ്പ് ഉദ്യോഗസ്ഥരല്ല വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്കു പോയതെന്ന് ആരോപിച്ച് വനംമന്ത്രിക്ക് മറുപടിയുമായി ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിയന്‍ രംഗത്തെത്തി. നവംബര്‍ ഒന്നിന് ജലവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഒരു യോഗവും ചേര്‍ന്നിട്ടില്ലെന്ന് ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് തന്നെ അറിയിച്ചതെന്ന് മന്ത്രി റോഷി. അനൗദ്യോഗികമായി പോലും യോഗം ചേര്‍ന്നിട്ടില്ല, യോഗത്തിന്റെ മിനിറ്റയോ രേഖകളോ ഇല്ല. ജലവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംയുക്ത പരിശോധനയ്‌ക്കു പോകേണ്ട ആവശ്യമില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും തമിഴ്‌നാട് ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയതെന്നും മന്ത്രി റോഷി തുറന്നടിച്ചു. ഇതോടെ, ശശീന്ദ്രന്‍ തന്റെ വകുപ്പിനെതിരേ തിരഞ്ഞതിനുള്ള മറുപടിയായി ആണ് റോഷി ഇപ്പോള്‍ തിരിച്ചടിച്ചത്. ലക്ഷക്കണത്തിന് ജനങ്ങളുടെ ജീവന്റെ പ്രശ്‌നമായ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നയത്തിനെതിരേ നിലപാട് സ്വീകരിച്ചത് ഏതു വകുപ്പാണെന്ന തമ്മിലടി ആണ് ഇപ്പോള്‍ അരങ്ങേറുന്നത്. ഗുരുതരമായ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ മൗനം വെടിഞ്ഞിട്ടില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക