തൃശ്ശൂര്‍: ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കണമെന്ന ഉത്തരവ് തള്ളി പാലിയേക്കര ടോള്‍ പ്ലാസ അധികൃതര്‍. പ്രദേശവാസികള്‍ക്കുള്ള സൗജന്യ യാത്രാ പാസ് ലഭിക്കാന്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് തന്നെ വേണമെന്ന കടുംപിടുത്തത്തിലാണ് ടോള്‍ കമ്പനി.
ഉത്തരവ് നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും കമ്പനി നിഷേധാത്മക നിലപാട് തുടരുകയാണ്. ആധാര്‍ കാര്‍ഡ്, വൈദ്യുതി ബില്‍, കുടിവെള്ള ബില്‍, ടെലിഫോണ്‍ ബില്‍, കെട്ടിട നികുതി, രസീത് എന്നിവയില്‍ ഏതെങ്കിലും ഒന്ന് റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം ഹാജരാക്കിയാല്‍ മതിയെന്നാണ് കളക്ടറുടെ ഉത്തരവ്. എന്നാല്‍ ഉത്തരവ് നടപ്പാക്കില്ലെന്ന വാശിയിലാണ് ടോള്‍ കമ്പനി.
ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥിര താമസക്കാര്‍ക്കാണ് സൗജന്യ പാസ് അനുവദിച്ചിരുന്നത്. ഇതുവരെ സൗജന്യ പാസ് ഉപയോഗിച്ചിരുന്ന വാഹന ഉടമകള്‍ ടോള്‍ പ്ലാസയില്‍ പാസ് പുതുക്കുന്നതിന് എത്തിയപ്പോള്‍ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാസ് അനുവദിക്കാനാവില്ലെന്ന് പറഞ്ഞ് കമ്പനി അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു.
നെന്മണിക്കര, അളഗപ്പനഗര്‍ പഞ്ചായത്ത് നിവാസികള്‍ക്ക് താമസ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. ഇരു പഞ്ചായത്തുകളും പൂര്‍ണമായി ടോള്‍പ്ലാസയുടെ 10 കിലോമീറ്റര്‍ പരിധിയിലാണെന്നുകാട്ടി പഞ്ചായത്ത് അധികൃതര്‍ ടോള്‍ കമ്പനിക്ക് കത്തു നല്‍കിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പറേഷന്റെ ചില ഡിവിഷനുകളും തൃക്കൂര്, പുത്തൂര്‍, നടത്തറ, വരന്തരപ്പിള്ളി, പുതുക്കാട്, വല്ലച്ചിറ, പറപ്പൂക്കര, ചേര്‍പ്പ്, അവിണിശ്ശേരി, പാണഞ്ചേരി, കൊടകര, ആളൂര്‍, മുരിയാട്, മറ്റത്തൂര്‍ പഞ്ചായത്ത് പരിധികളിലും 10 കിലോമീറ്റര്‍ യാത്രാസൗജന്യം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇവരാരും പൊതുവായ ഭരണസമിതി തീരുമാനമോ കത്തോ നല്കാന് തയ്യാറായിട്ടില്ല. രണ്ട് പഞ്ചായത്തുകള്‍ നല്കിയ കത്ത് കമ്പനി അംഗീകരിച്ച സാഹചര്യത്തില്‍ മറ്റുപഞ്ചായത്തുകളും ഈ മാതൃക പിന്തുടരാനിടയുണ്ട്.
എന്നാല്‍ പത്ത് കിലോമീറ്റര്‍ ദൂരപരിധിയെന്ന വ്യവസ്ഥയില്‍ വ്യക്തത വരുത്താനാവാത്തത് ഇവര്‍ക്ക് തിരിച്ചടിയായേക്കാം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ പഞ്ചായത്തിന് കത്ത് നല്‍കാനാവാത്തപക്ഷം പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ടോള്‍പ്ലാസാ അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: