ആര്യങ്കാവ്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വന പ്രദേശങ്ങളില്‍ നിന്നുള്ള സ്വയം ഒഴിഞ്ഞുപോകല്‍ പുനരധിവാസ പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കുളത്തുപ്പുഴ പഞ്ചായത്തിലെ റോസ്മല പ്രദേശത്തെ ആക്ഷന്‍ കൗണ്‍സിലാണ് പദ്ധതി തട്ടിപ്പാണെന്നും പദ്ധതിക്ക് പിന്നില്‍ വന്‍ ക്രമക്കേട് ഉണ്ടെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. മുട്ടില്‍ മരമുറിയേക്കാള്‍ വലിയതട്ടിപ്പാണ് പദ്ധതിക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നതെന്നും ഇടനിലക്കാരെ തിരുകികയറ്റി വന്‍ക്രമക്കേടാണ് പുനരധിവാസ പാക്കേജിനു പിന്നിലെന്നും ഹര്‍ജില്‍ ഉന്നയിച്ചിട്ടുണ്ട്.
കുടി ഇറങ്ങുന്നതോടെ ലക്ഷങ്ങള്‍മുടക്കി നിര്‍മിച്ച വീടും അടിസ്ഥാന സൗകര്യങ്ങളും ഉപക്ഷിക്കേണ്ടിവരും. ഇക്കാലമത്രയും കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ ഒരുനാടിന്റെ സംസ്ക്കാരവും ഉറ്റവരുമാണ് എന്നന്നേക്കുമായി നഷ്ടപ്പെടന്നതെന്ന തിരിച്ചറിവാണ് നാട്ടുകാരെ കോടതി കയറാന്‍ പ്രേരിപ്പിച്ചത്.
ക്രിസ്ത്യന്‍, മുസ്ലിം ദേവാലയങ്ങളും ഹൈന്ദവ ആരാധനാലയങ്ങളും സമുദായ സ്ഥപനങ്ങളുമായി ഒട്ടേറെ വിശ്വാസ പ്രമാണങ്ങളും ഉപേക്ഷിച്ച് നാടുവിടാന്‍ ഒരുക്കമല്ലെന്നാണ് ഇവര്‍ പറയുന്നത്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശത്ത് ഇക്കാലമത്രയും ഇവയെ അതിജീവിച്ചാണ് കൃഷിഇറക്കി അരവയറിന്റെ അന്നത്തിനു വഴി കണ്ടെത്തിയിരുന്നത്.
ഇപ്പോള്‍ പലര്‍ക്കും അവരുടെ കൈവശഭൂമിക്ക് പട്ടയം ലഭിച്ചു. കോടികള്‍ മുടക്കി സര്‍ക്കാര്‍ നടപ്പിലാക്കി വികസനമെല്ലാം ഒറ്റരാത്രികൊണ്ട് വിട്ടൊഴിയാന്‍ പ്രേരിപ്പിക്കുന്നതാണ് നാട്ടുകാരെ പദ്ധതിക്ക് എതിരാക്കുന്നത്. റോസ്മല വ്യൂപോയിന്റ് അടക്കം ഇക്കോ ടൂറിസം പദ്ധതിയുടെ വമ്പന്‍ പദ്ധതികള്‍ പലതും ഇവിടെ ഉണ്ടെന്നിരിക്കെ ഇപ്പോഴുള്ള കുടിയോഴുപ്പിക്കല് വന ഭൂമി സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതി നല്‍കാനാണ് എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: